എത്തിഹാദിൽ നനഞ്ഞ പടക്കമായി റയൽ മാഡ്രിഡ്. മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് കീഴടക്കി കലാശ പോരാട്ടത്തിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി.മാഞ്ചസ്റ്റർ സിറ്റി മൂന്ന് സീസണുകളിൽ രണ്ടാം തവണയും ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കടക്കുന്നത്.

14 തവണ യൂറോപ്യൻ ചാമ്പ്യനെതിരെ ബെർണാഡോ സിൽവയുടെ ആദ്യ പകുതിയിലെ ഇരട്ട ഗോളുകളും ഇടവേളയ്ക്ക് ശേഷം എഡർ മിലിറ്റോയുടെ സെൽഫ് ഗോളും അവസാന നിമിഷം ജൂലിയൻ അൽവാരസിന്റെ ഗോളുമാണ് മാഞ്ചസ്റ്റർ സിറ്റിയെ വിജയത്തിലെത്തിച്ചത്.തുർക്കിയിലെ ഇസ്തംബൂളിൽ ജൂൺ പത്തിന് നടക്കുന്ന ഫൈനലിൽ ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാൻ ആണ് സിറ്റിയുടെ എതിരാളികൾ.കഴിഞ്ഞയാഴ്ച നടന്ന ആദ്യപാദത്തിൽ റയലിനെ അവരുടെ തട്ടകത്തിൽ 1-1 സമനിലയിൽ തളച്ച മാഞ്ചസ്റ്റർ സിറ്റി, ഹോം ഗ്രൗണ്ടിൽ തങ്ങളുടെ ശക്തി മുഴുവൻ പുറത്തെടുത്തു.

23-ാം മിനുട്ടിൽ കെവിൻ ഡിബ്രുയ്‌ന നൽകിയ പന്തിൽ നിന്ന് ബെർണാർഡോ സിൽവ മികച്ചൊരു ഫിനിഷിലൂടെ ആതിഥേയരെ മുന്നിലെത്തിച്ചു. 37-ാം മിനുട്ടിൽ റീബൗണ്ടിൽ നിന്നു ലഭിച്ച പന്തിൽ കൃത്യതയാർന്ന ഹെഡ്ഡറുതിർത്ത് ബെർണാർഡോ ലീഡ് രണ്ടാക്കി ഉയർത്തി. 76-ാം മിനുട്ടിൽ ഡിബ്രുയ്‌ന എടുത്ത ഫ്രീകിക്കിനിടെ റയൽ ഡിഫന്റർ എഡർ മിലിറ്റാവോ സ്വന്തം വലയിൽ പന്തെത്തിച്ചതോടെ സിറ്റി വിജയമുറപ്പിച്ചു.എർലിംഗ് ഹാലൻഡിന് പകരക്കാരനായി എത്തിയതിന് ശേഷം ക്ലിനിക്കൽ ഫിനിഷോടെ അൽവാരസ് സിറ്റിയുടെ നാലാം ഗോൾ നേടി.

റയൽ മാഡ്രിഡിനെതിരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഈ തകർപ്പൻ ജയത്തോടെ ഇസ്താംബൂളിൽ ഇന്ററിനെതിരെ നടക്കുന്ന ഫൈനലിൽ വലിയ മുൻതൂക്കമാണ് നൽകുന്നത്. തങ്ങളുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിച്ചാവും സിറ്റി ഫൈനലിനിറങ്ങുന്നത്.ട്രോഫി ഉയർത്താൻ ലക്ഷ്യമിടുന്നതിനാൽ പെപ് ഗ്വാർഡിയോളയും അദ്ദേഹത്തിന്റെ കളിക്കാരും ഈ മികച്ച പ്രകടനത്തിൽ നിന്ന് നേടിയ ആത്മവിശ്വാസവും വേഗതയും ഫൈനലിൽ ഉപയോഗിക്കും.യൂറോപ്യൻ ഫുട്‌ബോളിലെ ഏറ്റവും മഹത്തായ വേദിയിൽ തങ്ങളുടെ ടീം ഈ മിന്നുന്ന പ്രദർശനം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Rate this post