❝എഫ്എ കപ്പിൽ സെമി ലക്ഷ്യമിട്ട് സിറ്റി ഇന്നിറങ്ങും ; ലാ ലീഗയിൽ റയലിന്റെ എതിരാളി സെല്‍റ്റ വിഗോ ; ബുണ്ടസ്‌ലീഗയിൽ ബയേണും ഡോർട്മുണ്ടും ഇന്നിറങ്ങും ❞

എഫ്എ കപ്പില്‍ സെമി ഫൈനല്‍ പ്രതീക്ഷയുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് എവര്‍ട്ടനെ നേരിടും. രാത്രി 11 മണിക്കാണ് മത്സരം. തുടര്‍ച്ചയായ മൂന്നാം സെമി ലക്ഷ്യമിട്ടാണ് സിറ്റി ഇറങ്ങുന്നത്. വൈകീട്ട് 5.45ന് തുടങ്ങുന്ന മറ്റൊരു മത്സരത്തില്‍ സതാംപ്റ്റണ്‍ ബേണ്‍മൗത്തിനെ നേരിടും.അതേസമയം പുലര്‍ച്ചെ നടന്ന പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുനൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഫുള്‍ഹാമിനെ തോല്‍പ്പിച്ചു. 29-ാം മിനിറ്റില്‍ പാട്രിക് ബാംഫോര്‍ഡിന്റെ ഗോളില്‍ ലീഡ്‌സ് മുന്നിലെത്തി. എന്നാല്‍ 38-ാം മിനിറ്റില്‍ ജ്വോകിം ആന്‍ഡേഴ്‌സനിലൂടെ ഫുള്‍ഹാം തിരിച്ചടിച്ചു. എന്നാല്‍ 58-ാം മിനിറ്റില്‍ റഫീഞ്ഞ ലീഡ്സിന് വിജയം സമ്മാനിച്ചു.

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ റയല്‍ മാഡ്രിഡ് ഇന്ന് സെല്‍റ്റ വിഗോയെ നേരിടും. രാത്രി എട്ടരയ്ക്ക് സെല്‍റ്റയുടെ മൈതാനത്താണ് മത്സരം. സെല്‍റ്റ വിഗോയെ തോല്‍പിച്ചാല്‍ ബാഴ്‌സലോണയെ മറികടന്ന് റയലിന് ലീഗില്‍ രണ്ടാം സ്ഥാനത്ത് എത്താം. റയലിന് 57ഉം ബാഴ്‌സയ്ക്ക് 59ഉം പോയിന്റാണുള്ളത്. 63 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ബാഴ്‌സലോണ നാളെ റയല്‍ സോസിഡാഡിനെ നേരിടും. ഇന്നലെ നടന്ന മത്സരത്തിൽ റിയൽ ബെറ്റിസ്‌ എതിരില്ലാത്ത റെഡ് ഗോളുകൾക്ക് ലെവന്റയെ പരാജയപ്പെടുത്തി.നബീൽ ഫെകീറും, ജവാൻമിയുമാണ് ഗോളുകൾ നേടിയത്.

ബുണ്ടസ്‌ലീഗയിൽ ഒന്നാം സ്ഥാനക്കാരായ ബയേൺ മ്യൂണിക്ക് സ്റ്റ്റ്ഗാർട്ടിനെ നേരിടും,രാത്രി 8 മണിക്കാണ് മത്സരം. മറ്റു മത്സരങ്ങളിൽ ബൊറൂസിയ ഡോർട്മുണ്ട് എഫ്സി കൊളോണിനെയും , വെർഡർ ബ്രെമൻ വോൾഫ്സ്ബർഗിനെയും ,ഷാൽക്കെ ഗ്ലാഡ്‌ബാച്ചിനെയും നേരിടും . ഇന്നലെ നടന്ന മത്സരത്തിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള ലൈപ്‌സിഗ് എതിരില്ലാത്ത ഒരു ഗോളിന് അർമീനിയ ബിയേലാഫീൽഡിനെ പരാജയപ്പെടുത്തി. ജയത്തോടെ ലൈപ്സിഗിന് 26 മത്സരങ്ങളിൽ നിന്നും 57 പോയിന്റായി. 25 മത്സരങ്ങളിൽ നിന്നും 58 പോയിന്റുമായി ബയേണാണ് ഒന്നാമത്.

ഇറ്റാലിയൻ സിരി എയിൽ നാളെ നടക്കുന്ന മത്സരങ്ങളിൽ യുവന്റസ് ബെനെവെന്റോയെ നേരിടും രാത്രി 7 .30 നാണ് മത്സരം.മറ്റു മത്സരങ്ങളിൽ എ സി മിലാൻ ഫിയോറെന്റീനയെയും, ലാസിയോ ഉദിനീസിനെയും നേരിടും. ഇന്റർ മിലാൻ സസൗളോ മത്സരം കോവിഡ് മൂലം മാറ്റിവെച്ചു. 27 മത്സരങ്ങളിൽ നിന്നും 65 പോയിന്റുമായി ഇന്റർ മിലാൻ പോയിന്റ് ടേബിളിൽ ഒന്നാമത്. 56 പോയിന്റുമായി എ സി മിലാൻ രണ്ടാമതും ,55 പോയിന്റുമായി യുവന്റസ് മൂന്നാമതുമാണ്.