❝ഇത്തിഹാദ് സ്റ്റേഡിയത്തിൽ സെർജിയോ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി❞ |Sergio Aguero

അർജന്റീനിയൻ ഫുട്ബോൾ താരം സെർജിയോ അഗ്യൂറോ പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിക്കായി കളിച്ച ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹം ക്ലബിന് നൽകിയ സംഭാവനകളെ മാനിച്ച് ക്ലബ്ബ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്യാൻ ഒരുങ്ങുകയാണ്.

മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് കിരീട വിജയത്തിന്റെ പത്താം വാർഷികം ആഘോഷിക്കുന്നത് ക്ലബ്ബിന്റെ റെക്കോർഡ് ഗോൾ സ്‌കോറർ അഗ്യൂറോയുടെ പ്രതിമ അനാച്ഛാദനം ചെയ്തു കൊണ്ടാവും.അവസാന നിമിഷം അർജന്റീന താരം നേടിയ ഗോളാണ് 2011-12 കിരീടം നേടാൻ ടീമിനെ സഹായിച്ചത്. മെയ് 13ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ പ്രതിമ അനാച്ഛാദനം ചെയ്യും. 2012 ൽ ഇതേ ദിവസം പ്രീമിയർ ലീഗിൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെതീരെ 93 മിനിറ്റും 20 സെക്കൻഡും ആയപ്പോൾ അഗ്യൂറോ നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റി 3 -2 നു വിജയിക്കുകയും ഗോൾ വ്യത്യാസത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പിന്നിലാക്കി കിരീടം നേടുകയും ചെയ്തു.

പത്താം വാർഷിക ആഘോഷത്തെക്കുറിച്ച് ആരാധകരെ അറിയിച്ച് മാഞ്ചസ്റ്റർ സിറ്റി ബുധനാഴ്ച ഔദ്യോഗിക പ്രസ്താവന നടത്തി. “സ്‌റ്റേഡിയത്തിലുടനീളം ആഹ്ലാദകരമായ ആഘോഷങ്ങൾക്ക് തിരികൊളുത്തിയ ഗോൾ നേടിയ സെർജിയോ അഗ്യൂറോ ഉൾപ്പെടെയുള്ള ടൈറ്റിൽ ജേതാക്കളായ ടീമിലെ അംഗങ്ങൾക്കൊപ്പം 2,000 ആരാധകർ പങ്കെടുക്കുന്ന ആഘോഷങ്ങളുടെ സായാഹ്നത്തിനായി മാഞ്ചസ്റ്ററിലെ മെയ്‌ഫീൽഡ് ഡിപ്പോയിൽ ക്ലബ് ഒരു പ്രത്യേക ബാലറ്റ് പരിപാടി സംഘടിപ്പിക്കും”.പ്രശസ്ത ശില്പിയായ ആൻഡി സ്കോട്ട് ആണ് അഗ്യൂറോയുടെ പ്രതിമ രൂപകല്പന ചെയ്ത് നിർമ്മിച്ചതെന്നും സിറ്റി അറിയിച്ചു. അദ്ദേഹത്തിന്റെ പ്രതിമ ക്ലബ് ഇതിഹാസങ്ങളായ വിൻസെന്റ് കൊമ്പാനിയുടെയും ഡേവിഡ് സിൽവയുടെയും പ്രതിമകളോടൊപ്പം ചേരും.

“മാഞ്ചസ്റ്റർ സിറ്റിയുടെ കഴിഞ്ഞ പത്തുവർഷത്തെ മുന്നേറ്റം ആഘോഷിക്കാൻ മാഞ്ചസ്റ്റർ സിറ്റി പ്രതിനിധികളും മുൻ കളിക്കാരും ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഉച്ചഭക്ഷണ പരിപാടിയിൽ ക്ലബ് പങ്കാളികളോടൊപ്പം ഒത്തുചേരും. ക്ലബ്ബിന്റെ 93:20 ആഘോഷങ്ങളുടെ ഭാഗമായി സെർജിയോ അഗ്യൂറോയുടെ പ്രശസ്ത ശില്പിയായ ആൻഡി സ്കോട്ട് രൂപകല്പന ചെയ്ത പ്രതിമയുടെ അനാച്ഛാദനം നടത്തുകയും ചെയ്യും ‘ ക്ലബ് അറിയിച്ചു.

ഇഞ്ചുറി ടൈമിൽ രണ്ട് ഗോളുകൾ നേടിയ സിറ്റി 3-2 ന് വിജയിക്കുകയും 44 വർഷത്തിന് ശേഷം ആദ്യമായി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി കിരീടം നേടുകയും ചെയ്തതിനാൽ ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെതീരെയുള്ള മത്സരം കായിക ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവുകളിൽ ഒന്നാണ്. 2011-12 സീസൺ അഗ്യൂറോയുടെ ക്ലബ്ബുമായുള്ള ആദ്യ സീസണായിരുന്നു, വർഷങ്ങളായി, സിറ്റിയിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി അദ്ദേഹം മാറി. ക്ലബ്ബിനൊപ്പം 10 സീസണുകൾ കളിച്ചു, 275 മത്സരങ്ങൾ കളിക്കുകയും 184 ഗോളുകൾ നേടുകയും ചെയ്തു.