‘ന്യൂ റെഡോണ്ടോ’ : അർജന്റീനയിൽ നിന്നും യുവ മിഡ്ഫീൽഡർ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റി
വീണ്ടുമൊരു അര്ജന്റീന താരത്തെ സ്വന്തമാക്കി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ വര്ഷം റിവർ പ്ലേറ്റിൽ നിന്നും സ്‌ട്രൈക്കർ ജൂലിയൻ അൽവാരസിനെ സ്വന്തമാക്കിയതിന് ശേഷം അര്ജന്റീന അണ്ടർ 20 താരമായ മാക്‌സിമോ പെറോണിനെ ടീമിലെത്തിച്ചിരിക്കുകയാണ്.
തന്റെ അരങ്ങേറ്റം മുതൽ അര്ജന്റീന ഇതിഹാസ മിഡ്ഫീൽഡർ ഫെർണാണ്ടോ റെഡോണ്ടോയുമായി താരതമ്യപ്പെടുത്തിയ വെലെസിനെ സൈൻ ചെയ്യാൻ സിറ്റി കുറച്ചുകാലമായി ശ്രമിച്ചിരുന്നു. റെഡോണ്ടോയുമായി താരതമ്യപ്പെടുത്തുമെങ്കിലും പെറോൺ സെർജിയോ ബുസ്‌ക്വെറ്റ്‌സിനെ തന്റെ റോൾ മോഡലായി കാണുന്നത്.20 കാരനായ പെറോൺ സിറ്റിയുമായി 9.3 ദശലക്ഷം യൂറോയുടെ അഞ്ചര സീസണുകളുടെ കരാർ ഒപ്പുവെക്കും.

സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത് അവസാനിക്കുമ്പോൾ പെപ് ഗാർഡിയോളയുടെ ടീമിനൊപ്പം പെറോൺ ചേരും. വെലെസിനായി 33 മത്സരങ്ങളും മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളുമായാണ് അർജന്റീനക്കാരൻ ക്ലബ് വിട്ടത്.ടീമിനെ കഴിഞ്ഞ ലിബർട്ടഡോർസിന്റെ സെമിഫൈനലിലെത്തുന്നതിൽ താരം പ്രധാന പങ്കുവഹിക്കുകയും ചെയ്തിരുന്നു.മധ്യനിരയിലെ റോഡ്രിയെപ്പോലുള്ള ഒരു കളിക്കാരന്റെ ദീർഘകാല പകരക്കാരനായാണ് താരത്തെ സിറ്റി കാണുന്നത്.
Welcome to City, Maximo Perrone! 🔵🇦🇷pic.twitter.com/LN9rU8oRHT
— Bluescreen Warrior (@Bluescreen_MCFC) January 24, 2023
അർജന്റീനയുടെ യുവ താരങ്ങൾ ട്രാൻസ്ഫർ മാർക്കറ്റിൽ ചർച്ചയായി കൊണ്ടിരിക്കുന്ന ഒരു സമയമാണിത്. ദിവസങ്ങൾക്ക് മുമ്പായിരുന്നു ബാഴ്സലോണ മറ്റൊരു അർജന്റീന യുവ സൂപ്പർ താരമായ ലുക്കാസ് റോമനെ സൈൻ ചെയ്തത്. ബാഴ്സയുടെ ബി ടീമിനൊപ്പം ആണ് താരം ജോയിൻ ചെയ്യുക.400 മില്യൺ യൂറോ ആണ് താരത്തിന്റെ റിലീസ് ക്ലോസ് ആയി കൊണ്ട് ബാഴ്സ നിശ്ചയിച്ചിരിക്കുന്നത്.