സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

പുതിയ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.ലീഗ് കപ്പിന്റെ മൂന്നാം റൗണ്ടിൽ ല്യൂട്ടൻടൗണിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. മികച്ച പ്രകടനം പുറത്തെടുത്ത മാഞ്ചസ്റ്റർ യുണൈറ്റഡ് അനായാസ വിജയമാണ് നേടിയത്. പ്രമുഖ താരങ്ങളായ പോഗ്ബ, ബ്രൂണോ, മാർഷ്യൽ, റാഷ്ഫോർഡ്എന്നിവരെ ആദ്യ ഇലവനിൽ നിന്ന് പുറത്ത് നിർത്തിയാണ് യുണൈറ്റഡ് ഇന്ന് ഇറങ്ങിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി യുവ ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്സൺ അരങ്ങേറ്റം കുറിക്കുകയും മികച്ച പ്രകടനം കാഴ്ച്ചവെച്ചു. മാറ്റ, റാഷ്‌ഫോർഡ്, ഗ്രീൻ വുഡ് എന്നിവരാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്.

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ട ടീമിൽ 10 മാറ്റങ്ങളുമായാണ് യുണൈറ്റഡ് ഇറങ്ങിയത്. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ യുണൈറ്റഡ് ലീഡെടുത്തു. സ്പാനിഷ് മിഡ്‌ഫീൽഡർ മറ്റയാണ് പെനാൽറ്റിയിലൂടെ ഗോൾ നേടിയത്.രണ്ടാം പകുതിയിൽ നിരവധി അവസരങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് സൃഷ്ടിച്ചു എങ്കിലും രണ്ടാം ഗോൾ നേടാൻ സാധിച്ചില്ല . മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സൺ ഒരു നിർണായക സേവുമായി 80ആം മിനുട്ടിൽ യുണൈറ്റഡ് രക്ഷകനാകുന്നതും കാണാൻ കഴിഞ്ഞു.

പുതിയ സൈനിംഗ് വാൻ ഡെ ബീകും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി മികച്ചു നിന്നു.സബ്ബായി ഗ്രീൻവുഡ്, റാഷ്ഫോർഡ്, ബ്രൂണോ എന്നിവർ എത്തിയതോടെയാണ് ബാക്കി രണ്ട് ഗോളുകൾ വന്നത്. കളിയുടെ 88ആം മിനുട്ടിൽ മേസൺ ഗ്രീൻവുഡിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ മാർക്കസ് റാഷ്ഫോർഡാണ് രണ്ടാം ഗോൾ നേടിയത്. റാഷ്ഫോർഡിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. പിന്നാലെ ഗ്രീൻവുഡിന്റെ ആദ്യ ഗോളും വന്നു. ഈ പ്രകടനത്തോടെ ഫോമിലേക്ക് തിരികെ എത്തി ആകും എന്നാണ് യുണൈറ്റഡ് ആരാധകർ വിശ്വസിക്കുന്നത്.