” സമനിലയുമായി രക്ഷപെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് ; അയാക്സിനെ സമനിലയിൽ തളച്ച് ബെൻഫിക്ക “

ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരം സമനിലയിൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു സമനില പാലിക്കുക ആയിരുന്നു.തകർപ്പൻ ഫ്‌ളൈയിങ് ഹെഡറിലൂടെ ജാവോ ഫെലിക്സ് ഏഴാം മിനിറ്റിൽ തന്നെ അത്ലറ്റിക്കോയെ മുന്നിൽ എത്തിച്ചു. തോൽവിയുടെ വക്കിൽ നിൽക്കെ 80 ആം മിനിറ്റിൽ യുവതാരം ആന്റണി എലാംഗയുടെ ഗോളിൽ റെഡ് ഡെവിൾസ് സമനില നേടി. സൈഡ് ബെഞ്ചിൽ നിന്നെത്തി അഞ്ച് മിനിറ്റിനുള്ളിൽ 19 കാരനായ എലാംഗ സിമിയോണിയുടെ ടീമിന്റെ വലയിൽ പന്ത് എത്തിച്ച് ഹീറോയായി. എലാംഗയുടെ ഫസ്റ്റ് ടച്ച് തന്നെ ഗോളായി മാറി.

മാഡ്രിഡിൽ ക്രിസ്റ്റിയാനോ റൊണാൾഡോ ഉൾപ്പെടെയുള്ള യുണൈറ്റഡ് മുന്നേറ്റനിര നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ഓൺ ടാർഗറ്റ് ഉൾപ്പെടെ ഏഴ് ഷോട്ട് മാത്രമാണ് പേരുകേട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ സ്പാനിഷ് ടീമിനെതിരെ ഉതിർത്തത്. പലപ്പോഴും പരുക്കൻ കളി കൂടി കാണാൻ ആയ മത്സരത്തിൽ 9 മഞ്ഞ കാർഡുകൾ ആണ് പിറന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്-അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം ലെഗ് മത്സരം അടുത്ത മാസം 16ന് ഓൾഡ് ട്രാഫോഡിൽ നടക്കും.

ചാമ്പ്യൻസ് ലീഗിൽ അയാക്‌സ്, ബെൻഫിക്ക മത്സരം സമനിലയിൽ. ഇരു ടീമുകളും രണ്ടു ഗോളുകൾ നേടിയാണ് സമനില പാലിച്ചത്.ലിസ്ബണിലെ എവേ പോരാട്ടത്തിൽ അയാക്സിനായി ദുസാൻ ടാഡിച്ചും സെബാസ്റ്റ്യൻ ഹാലറും ലക്ഷ്യം കണ്ടു. രണ്ട് തവണ ലീഡ് വഴങ്ങിയ ശേഷമാണ് തിരിച്ചടിച്ച് ബെൻഫിക്ക സമനില കൈവരിച്ചത്. 25 മത്തെ മിനിറ്റിൽ വെർത്തോങന്റെ ക്രോസിൽ നിന്നു സെബാസ്റ്റ്യൻ ഹാളറിന്റെ കാലിൽ തട്ടി സെൽഫ് ഗോൾ പിറന്നതോടെ ബെൻഫിക്ക സമനില കണ്ടത്തി.ചാമ്പ്യൻസ്‌ ലീഗിൽ ഈ സീസണിലെ പതിനൊന്നാം ഗോളാണ് സെബാസ്റ്റ്യൻ ഹാലർ സ്വന്തം പേരിൽ കുറിച്ചത്.

ഏഴ് മത്സരങ്ങളിൽ നിന്നാണ് ഐവറി കോസ്റ്റ് താരം ഇത്രയും ഗോളുകൾ അടിച്ചത്. എന്നാൽ നാലു മിനിറ്റിനു ശേഷം ഹാളർ ആ സെൽഫ് ഗോളിന് പരിഹാരം ചെയ്തപ്പോൾ അയാക്‌സ് വീണ്ടും മുന്നിലെത്തി. 72 മത്തെ മിനിറ്റിൽ ബെൻഫിക്ക മത്സരത്തിൽ ഒപ്പമെത്തി. ഒരു പ്രത്യാക്രമണത്തിൽ റോമൻ യരമചുക് ഹെഡറിലൂടെ ആണ് പോർച്ചുഗീസ് ക്ലബിന് സമനില സമ്മാനിക്കുന്നത്. ക്രൈഫ് അറീനയിൽ രണ്ടാം പാദത്തിൽ ജയം കാണാൻ ആവും അയാക്‌സ് ശ്രമം.