❝ആദ്യ മത്സരത്തിൽ തന്നെ ഓൾഡ് ട്രാഫൊർഡിൽ ഗോൾ വർഷവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്‌❞

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ വർഷം നടത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്‌. ഓൾഡ് ട്രാഫൊർഡിൽ നടന്ന മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് യുണൈറ്റഡ്‌ തകർത്തു വിട്ടത് . കഴിഞ്ഞ സീസണിൽ ഗോളടിച്ചും ഗോൾ അവസരം ഒരുക്കിയും യുണൈറ്റഡിനെ ഒറ്റക്ക് തോളിലേറ്റിയ പോർച്ചുഗീസ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക്കിന്റെ പിൻ ബലത്തിലായിരുന്നു യുണൈറ്റഡിന്റെ തകർപ്പൻ ജയം. നാല് അസിസ്റ്റുമായി ഫ്രഞ്ച് താരം പോൾ പോഗ്ബ മിഡ്ഫീൽഡിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഗ്രീൻ വുഡ് ഫ്രെഡ് എന്നിവരാണ് യുണൈറ്റഡിന്റെ മറ്റു സ്കോറർമാർ.

മത്സരത്തിന്റെ തുടക്കം മുതൽ മുന്നേറി കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും ഗ്രീൻ വുഡ് പോഗ്ബ എന്നിവരുടെ ശ്രമം വിഫലമായി. 30 ആം മിനുട്ടിൽ യുണൈറ്റഡ്‌ മുന്നിലെത്തി പോഗ്ബയുടെ പാസ് മനോഹരമായ ഇടം കാൽ ഷോട്ടിലൂടെ ഫെർണാണ്ടസ് വലയിലാക്കി സ്കോർ 1 -0 ആക്കി.ഇതിനു ശേഷവും ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ഇടതു വിങ്ങിലൂടെ ലുക്ക് ഷാ നിരവധി അവസരങ്ങൾ ഉണ്ടാക്കിയെടുത്തു.ആദ്യ പകുതിയിൽ മാത്രം ഇരു ടീമുകളും കൂടെ 16 ഷോട്ടുകൾ ആണ് ഗോൾ മുഖത്തേക്ക് തൊടുത്തത്‌.

എന്നാൽ രണ്ടാം പകുതിയിൽ ലുകെ അയലിങിന്റെ ഗോളിലൂടെ ലീഡ്‌സ് സമനില പിടിച്ചു. മൂന്ന് മിനുട്ടുകൾക്ക് അകം യുണൈറ്റഡ് ലീഡ് തിരികെയെടുത്തു. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് പോൾ പോഗ്ബയുടെ മികച്ചൊരു പാസിൽ നിന്നും ഗ്രീൻവുഡ്‌ യൂണിറ്റഡിനെ മുന്നിലെത്തിച്ചു. രണ്ടു മിനുട്ടിനു ശേഷം 54 ആം മിനുട്ടിൽ യുണൈറ്റഡ്‌ വീണ്ടും ലീഡ് ഉയർത്തി. ഇത്തവണയും പോഗ്ബ തന്നെയായിരുന്നു അവസരം ഒരുക്കിയത് , ഫെർണാണ്ടസ് ആയിരുന്നു ഗോൾ നേടിയത്.9ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക്ക് ഗോൾ പിറന്നു. ഇത്തവണ ലിൻഡെലോഫിന്റെ ഒരു ലോംഗ് പാസ് ആണ് ബ്രൂണോയെ കണ്ടെത്തിയത്.

69ആം മിനുട്ടിൽ പോഗ്ബയുടെ നാലാം അസ്സിസ്റ്റിൽ നിന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം ഗോൾ നേടി. ബ്രസീലിയൻ താരം ഫ്രെഡ് ആയിരുന്നു സ്‌കോറർ .73ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സാഞ്ചോ കളത്തിൽ ഇറങ്ങി‌. ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ സീസണിൽ മുന്നോട്ടുള്ള മത്സരങ്ങളിൽ വലിയ ആത്മവിശ്വാസം നൽകും. യൂണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസിന്റെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. ഈ സീസണിൽ യുണൈറ്റഡ്‌ വിടും എന്ന അഭ്യൂഹങ്ങൾക്കിടയിൽ പോഗ്ബയുടെ പ്രകടനവും ശ്രദ്ധയാകർഷിച്ചു.