❝റോമാ സാമ്രാജ്യം കത്തിയെരിഞ്ഞപ്പോൾ ഗോളിൽ ആറാടി യുണൈറ്റഡ് ; വിയ്യാറയലിനു മുന്നിൽ കീഴടങ്ങി ആഴ്‌സണൽ ❞

യുവേഫ യൂറോപ്പാ ലീ​ഗ് സെമി ഫൈനൽ ആദ്യപാദ പോരാട്ടത്തിൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ​ഗംഭീരജയം. രണ്ടിനെതിരെ ആറ് ​ഗോളുകൾക്ക് ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയെയാണ് യുണൈറ്റഡ് തകർത്തത്. 2007ലെ 7-1ന്റെ പരാജയത്തോളം ആയില്ലല്ലോ എന്ന ആശ്വാസം മാത്രമേ റോമയ്ക്ക് ഇന്ന് ഉണ്ടാവുകയുള്ളൂ. ആദ്യ പകുതിയിൽ 1-2ന് പിറകിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡിന്റെ തിരിച്ചുവരവ്.


യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ആതിഥേയരാണ് ആദ്യം മുന്നിലെത്തിയത്. ആതിഥേയരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച രീതിയിലാണ് ഇന്ന് മത്സരം ആരംഭിച്ചത്. ഒമ്പതാം മിനുട്ടിൽ ആദ്യ അറ്റാക്കിൽ തന്നെ ലീഡ് എടുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. ബ്രൂണൊ ഫെർണാണ്ടസ് ആയിരുന്നു ലീഡ് നൽകിയത്.ബ്രൂണോയുടെ ഈ സീസണിലെ 25ആം ഗോളായിരുന്നു ഇത്.യുണൈറ്റഡിന്റെ ലീഡ് അധികനേരം നീണ്ടു നിന്നില്ല. 15-ാം മിറ്റിൽ പെനാൽറ്റി വലയിലെത്തിച്ച് ലോറെൻസോ പെല്ല​ഗ്രിനിയും 33-ാം മിനിറ്റിൽ എഡിൻ സെക്കോയും നേടിയ ​ഗോളുകളിൽ റോമ തിരിച്ചടിച്ചു.ആദ്യ പകുതിയുടെ അവസാനം റോമ ഡിഫൻസിന്റെ പിഴവിൽ നിന്ന് കവാനിക്ക് സമനില നേടാൻ സുവർണ്ണാവസരം കിട്ടി എങ്കിലും താരം ആ അവസരം തുലച്ചു കളഞ്ഞു. ഇതോടെ ആദ്യ പകുതി റോമയ്ക്ക് അനുകൂലമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ യുണൈറ്റഡ് തിരിച്ചടിച്ചു. 48, 64 മിനിറ്റുകളിൽ എഡിൻസൻ കവാനി ​ഗോളുകൾ നേടി. 71-ാം മിനിറ്റിൽ ബ്രൂണോ തന്റെ രണ്ടാം ​ഗോളും നേടി. ഇതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. പിന്നീട് 75-ാം മിനിറ്റിൽ പോൾ പോ​ഗ്ബയും 86-ാം മിനിറ്റിൽ സബ്ബായി എത്തിയ മേസൺ ​ഗ്രീൻവുഡും നേടിയ ​ഗോളുകൾ യുണൈറ്റഡിന്റെ കൂറ്റൻ ജയമുറപ്പിച്ചു.പരാജയപ്പെട്ടു എങ്കിലും രണ്ട് എവേ ഗോളുകൾ നേടാൻ ആയി എന്നത് അവർക്ക് വിദൂരത്തിൽ ഒരു പ്രതീക്ഷ ബാക്കി നൽകും.രണ്ടാം സെമിയിൽ വിയ്യാറയലിന്റെ മൈതാനത്ത് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ​ഗണ്ണേഴ്സ് തോറ്റത്. വിയ്യാറയലിനായി അഞ്ചാം മിനുട്ടിൽ മാനു ട്രി​ഗെറോസും 29ആം മിനുട്ടിൽ റൗൾ അൽബിയോളും വലകുലുക്കി. ആഴ്സനലിനായി 73ആം മിനുട്ടിൽ നിക്കോളാസ് പെപ്പെ ആശ്വാസ ​ഗോൾ നേടി.രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ആഴ്സണൽ ചുവപ്പ് കാർഡ് കാരണം പത്തുപേരായി ചുരുങ്ങി.സെബയോസ് ആണ് ആഴ്സണൽ നിരയിൽ നിന്ന് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തേക്ക് പോയത് വൻ തിരിച്ചടിയായി.

ഇതിനു പിന്നാലെ 80ആം മിനുട്ടിൽ വിയ്യാറയൽ താരം കപോ ചുവപ്പ് കണ്ട് പുറത്തായി. ഇതോടെ രണ്ടു ടീമുകളും പത്തുപേരായി ചുരുങ്ങി. എങ്കിലും സ്കോർ മാറ്റമുണ്ടായില്ല. പരാജയപ്പെട്ടെങ്കിലും എവേ ഗോൾ ആഴ്സണലിന് പ്രതീക്ഷ നൽകും.സെമി ഫൈനൽ രണ്ടാം പാദ പോരാട്ടങ്ങൾ മെയ് ഏഴിന് നടക്കും.