❝ അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനും സോൾഷെറിനും കിരീടം നേടിയേ തീരു ❞

കഴിഞ്ഞ 32 വർഷത്തിനിടെ ട്രോഫി ഇല്ലാതെ ഏറ്റവും ദൈർഘ്യമേറിയ കാലത്തിലൂടെയാണ് ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് കടന്നു പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ നാല് സീസണായി ഒരു കിരീടം പോലും നേടാൻ അവർക്കായിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവാരത്തിലുള്ള ഒരു ക്ലബിനെ സംബന്ധിച്ചിടത്തോളം ഇത് അങ്ങേയറ്റം നിരാശാജനകമായ ഒന്നാണിത്. വലിയ വിമർശനങ്ങളാണ് ക്ലബിന് നേരെ കഴിഞ്ഞ കുറച്ചു കാലമായി വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ടു സീസണിലും യുണൈറ്റഡ് മാനേജരായ സോൾഷെറെ പുറത്താക്കാൻ ആഹ്വാനം ചെയ്യുന്ന വിമർശകർ ഉണ്ടായിരുന്നിട്ടും അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ക്ലബ്.

സർ അലക്സ് ഫെർഗൂസൺ 2013 ൽ വിരമിച്ചതിനുശേഷം നാല് വ്യത്യസ്ത മാനേജർമാർ യുണൈറ്റഡിൽ വന്നിട്ടുണ്ട്. നാലാമനായി വന്നതാണ് സോൾഷെർ. ഡേവിഡ് മൊയ്‌സാണ് ആദ്യ പരിശീലകനായി എത്തിയത് ,എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് നേടിയതാണ് ആകെയുള്ള നേട്ടം . അദ്ദേഹത്തിന് പകരമായി ബാഴ്‌സലോണയുടെ മുൻ പരിശീലകനായ ലൂയിസ് വാൻ ഗാൽ ആയിരുന്നു. രണ്ടു വർഷം ക്ലബ്ബിൽ തുടർന്ന ഡച്ചുകാരന്റെ ആകെയുള്ള നേട്ടം എഫ്എ കപ്പ് ആയിരുന്നു. അതിനു ശേഷം ജോസ് മൗറീഞ്ഞോ സ്ഥാനമേറ്റു ആദ്യ വർഷം തന്നെ അവർ ഇഎഫ്എൽ കപ്പ്, യൂറോപ്പ ലീഗ്, ഒരു കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ നേടി. എന്നാൽ പ്രീമിയർ ലീഗിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സാധിക്കാതെ വന്നതോടെ 2018 /19 സീസണോട് മൗറിഞ്ഞോ യൂണൈറ്റഡിനോട് വിട പറഞ്ഞു.

പരിശീലനത്തിൽ കൂടുതൽ പരിചയസമ്പത്തില്ലാത്ത സോൾഷെർ ആദ്യമായി ഒരു കെയർ ടേക്കർ മാനേജരായി എത്തുകയായിരുന്നു. രണ്ട് നോർവീജിയൻ ലീഗ് കിരീടങ്ങളും ഒരു നോർവീജിയൻ ഫുട്ബോൾ കപ്പും നേടിയതായിരുന്നു അദ്ദേഹത്തിന്റെ പരിശീലകൻ എന്ന നിലയിലെ നേട്ടങ്ങൾ. 19 കളികളിൽ നിന്ന് 14 വിജയങ്ങൾ നേടി ബോർഡിന്റെയും ആരാധകരുടെയും വിശ്വാസം നേടുകയും ക്ലബുമായി 3 വർഷത്തെ കരാർ ഒപ്പിടുകയും ചെയ്തു. യുണൈറ്റഡിന്റെ പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചു പോക്കിന് ഒരു സ്ഥിരമായ പരിശീലകന്റെ സാനിധ്യം വളരെ ആവശ്യമാണ്.മാഞ്ചസ്റ്റർ യുണൈറ്റഡിലെ സർ അലക്സ് ഫെർഗൂസന്റെ തന്നെ ഉദാഹരണം എടുക്കുക. ക്ലബ്ബിൽ തന്റെ ആദ്യ ട്രോഫി നേടാൻ യുണൈറ്റഡ് ഇതിഹാസം നാല് വർഷമെടുത്തു.

ജർ‌ജെൻ‌ ക്ലോപ്പ് ലിവർ‌പൂളിൽ‌ എത്തിയപ്പോൾ‌, ആദ്യത്തെ ട്രോഫി നേടാൻ‌ മൂന്ന്‌ വർഷമെടുത്തു. അത്കൊണ്ട് തന്നെ പരിശീലകർക്ക് കൂടുതൽ സമയം കൊടുക്കേണ്ടി വന്നു.കഴിഞ്ഞ സീസണിൽ യൂറോപ്പ ലീഗ് ഫൈനലിലെത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടം.സർ അലക്സിന്റെ വിരമിക്കലിനുശേഷം യുണൈറ്റഡ് അവരുടെ സംയുക്ത-മികച്ച രണ്ടാം സ്ഥാനത്ത് എത്തി, പക്ഷേ പോയിന്റ് വ്യത്യാസത്തിൽ (12) ചാമ്പ്യന്മാരെക്കാൾ ഏറെ പിന്നിലായിരുന്നു. യുണൈറ്റഡ് ലോകത്തിലെ ഏറ്റവും കൂടുതൽ ചെലവഴിക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ്. നിരവധി പ്രമുഖ താരങ്ങളെയാണ് ഒരു സീസണിലും ഓൾഡ് ട്രാഫൊർഡിൽ എത്തിച്ചിരുന്നത്. പക്ഷെ പ്രതീക്ഷിച്ച ഫലം പലപ്പോഴും ലഭിച്ചിരുന്നില്ല.

യുണൈറ്റഡിൽ സോൾഷെറിനു പിന്തുണ ലഭിക്കാനുള്ള പ്രധാന കാരണം മുൻ താരം കൂടിയായ പരിശീലകന് ക്ലബ്ബിന്റെ സംസ്കാരം അറിയാമെന്നതും ആരാധകരെ മനസ്സിലാക്കാൻ സാധിക്കും എന്നതും തന്നെയാണ്. വളരെ നാളേക്ക് ശേഷം ആക്ര മണ ഫുട്ബോളിലേക്ക് യുണൈറ്റഡ് മാറിയത് നോർവീജിയൻ വന്നതിനു ശേഷമാണ്.2012/13 ലെ അവസാന കിരീടം നേടിയത്തിനു ശേഷം കൂടുതൽ ഗോളുകൾ നേടിയത് കഴിഞ്ഞ സീസണിലാണ്. എന്നാൽ 73 ഗോളുകൾ നേടിയെങ്കിലും 44 ഗോളുകൾ വഴങ്ങി . പ്രതിരോധത്തിന്റെ പാളിച്ചകൾ തുറന്നു കാട്ടുകയും ചയ്തു . ഇത് മെച്ചപ്പെടുത്തേണ്ടതുണ്ട്. റാഫേൽ വരാനെയുടെ വരവ് ഇതിനൊരു മാറ്റം കൊണ്ട് വരും എന്ന് പ്രതീക്ഷിക്കാം.അക്കാദമി കളിക്കാരായ മേസൺ ഗ്രീൻവുഡ്, ബ്രാൻഡൻ വില്യംസ്, ആക്സൽ തുവാൻസെബെ എന്നിവരെ സ്ഥാനക്കയറ്റം നൽകി അവരുടെ കഴിവ് തെളിയിക്കാൻ അവസരങ്ങൾ നൽകി ടീമിന് യുവത്വം നല്കാൻ സോൾഷെറിനായി.

2019 ഡിസംബറിൽ എത്തിയതിനുശേഷം, ഹാരി മാഗ്വെയർ, ആരോൺ വാൻ-ബിസാക്ക, ബ്രൂണോ ഫെർണാണ്ടസ്, അലക്സ് ടെല്ലസ്, ഡാനിയൽ ജെയിംസ്, ഡോണി വാൻ ഡി ബീക്ക് തുടങ്ങി നിരവധി താരങ്ങളെ സോൾഷെറിനു ലഭിച്ചെങ്കിലും ആഗ്രഹിച്ച വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. പരിശീലകൻ എന്ന നിലയിൽ ഒരാളുടെ വിജയ പരാജയങ്ങൾ കണക്കാക്കുന്നത് കിരീടങ്ങളുടെ കണക്കെടുത്തു കൊണ്ടാണ്. ആ നിലയിൽ സോൾഷെർ പരാജയമാണെകിലും മുൻ കാല പ്രകടനം താരതമ്യപ്പെടുത്തുമ്പോൾ വിജയം തന്നെയാണ്. നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസി, പുതുക്കിയതും വീണ്ടെടുക്കപ്പെട്ടതുമായ ലിവർപൂൾ എന്നിവരെയെല്ലാം മറികടന്നു കിരീടം നേടണമെങ്കിൽ പുതിയ താരങ്ങളെ ടീമിലെത്തിച്ചേ മതിയാവൂ. ഈ സീസണിൽ യുണൈറ്റഡ് മാനേജർക്ക് ഒരു ട്രോഫി അത്യന്താപേക്ഷിതമാണ്, അത് ലീഗ് കിരീടമാണെങ്കിൽ ഇതിലും മികച്ചതായിരിക്കും. കളിക്കാരൻ എന്ന നിലയിൽ യൂണൈറ്റഡിനൊപ്പം നേടിയതെല്ലാം പരിശീലകന്റെ കുപ്പായത്തിൽ നേടാനാണ് സോൾഷെർ ശ്രമിക്കുന്നത്.