ആസ്റ്റൺ വില്ലയോട് കണക്ക് തീർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് : ക്രൂസിന്റെ മികവിൽ ജയവുമായി റയൽ മാഡ്രിഡ് : യുവന്റസിനും ജയം

കാരബാവോ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്.ആസ്റ്റൺ വില്ലക്കെതിരെ രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. രണ്ടു തവണ പിന്നിൽ നിന്ന ശേഷമായിരുന്നു യുണൈറ്റഡ് വിജയം നേടിയത്. പ്രീമിയർ ലീഗിൽ വില്ലക്കെതിരെ ഏറ്റ തോൽവിക്കുള്ള പകരം വീട്ടൽ കൂടിയായിരുന്നു ഈ ജയം.രണ്ടാം പകുതിയിലാണ് മത്സരത്തിലെ ആറ് ഗോളുകളും പിറന്നത്.

48 ആം മിനുട്ടിൽ വാട്കിൻസിലൂടെ വില്ല ലീഡ് നേടി. എന്നാൽ തൊട്ടടുത്ത മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പാസിൽ നിന്നും മാര്ഷ്യലിലൂടെ യുണൈറ്റഡ് സമനില ഗോൾ നേടി. 61 ആം മിനുട്ടിൽ ഡാലോട്ടിന്റെ സെൽഫ് ഗോൾ വില്ലയെ മുന്നിലെത്തിച്ചു. എന്നാൽ 67 ആം മിനുട്ടിൽ റാഷ്‌ഫോഡിലൂടെ യൂണൈറ്റഡ് വീണ്ടും സമനില പിടിച്ചു. 78 ആം മിനുട്ടിൽ ബ്രൂണോ ഫെര്ണാണ്ടസിലൂടെ യുണൈറ്റഡ് ലീഡ് നേടി.18 കാരനായ അർജന്റീനിയൻ അലജാൻഡ്രോ ഗാർനാച്ചോയാണ് ഗോളിന് പിന്നിൽ പ്രവർത്തിച്ചത്. ഇഞ്ചുറി ടൈമിൽ മക്‌ടോമിന യുണൈറ്റഡിന്റെ സ്കോർ 4 -2 ആക്കി ഉയർത്തുകയും വിജയം ഉറപ്പിക്കുകയും ചെയ്തു. പകരക്കാരനായി ഇറങ്ങിയ അര്ജന്റീന താരം ഗാർനാച്ചോ ഇന്ന് യുനൈറ്റഡിനായി ശ്രദ്ധേയ പ്രകടനമാണ് നടത്തിയത്. യുണൈറ്റഡിന്റെ അവസാന രണ്ടു ഗോളുകളിലും താരത്തിന്റെ സാനിധ്യം ഉണ്ടായിരുന്നു.

ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള അവസാന ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡിന് ജയം.ഇന്നലെ നടന്ന മത്സരത്തിൽ കാഡിസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ പരാജയപ്പെടുത്തിയത്.ടോണി ക്രൂസ് ,എഡർ മിലിറ്റാവോ എന്നിവരാണ് റയലിന്റെ ഗോളുകൾ നേടിയത് .തിങ്കളാഴ്ച റയോ വല്ലക്കാനോയോട് 3-2ന് തോറ്റ ശേഷം വിജയവഴിയിലേക്ക് മടങ്ങിയ ചാമ്പ്യന്മാർ 35 പോയിന്റുമായി സ്റ്റാൻഡിംഗിൽ ബാഴ്സക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.40-ാം മിനിറ്റിൽ ഇടത് ടച്ച്‌ലൈനിലെ ഷോർട്ട് കോർണറിൽ നിന്ന് ക്രൂസ് നൽകിയ ഡീപ് ക്രോസ് ഒഴിഞ്ഞ വലയിലേക്ക് ഹെഡ് ചെയ്ത മിലിറ്റാവോ റയലിനെ മുന്നിലെത്തിച്ചു., 70-ാം മിനിറ്റിൽ റീബൗണ്ടിൽ നിന്ന് ശക്തമായ സ്‌ട്രൈക്കിലൂടെ ക്രൂസ് ലീഡ് ഇരട്ടിയാക്കി. 81 ആം മിനുട്ടിൽ ലൂക്കാസ് പെരസ് കാഡിസിനു വേണ്ടി ഒരു ഗോൾ മടക്കി.

സീരി എയിൽ ഹെല്ലസ് വെറോണക്കെതിരെ ഒരു ഗോളിന്റെ ജയവുമായി യുവന്റസ്.രണ്ടാം പകുതിയിൽ മോയിസ് കീന്റെ ഗോളിൽ ആയിരുന്നു യുവന്റസിന്റെ ജയം. ഗോൾ രഹിതമായ ആദ്യ കുപകുതിക്ക് ശേഷം 60 ആം മിനുട്ടിൽ റബിയൊട്ടിന്റെ പാസിൽ നിന്നാണ് കീൻ ഗോൾ നേടിയത്.യുവന്റസ് ലീഗിലെ തങ്ങളുടെ വിജയ പരമ്പര അഞ്ച് മത്സരങ്ങളാക്കി നീട്ടിയപ്പോൾ വെറോണ ഇപ്പോൾ ആദ്യമായി തുടർച്ചയായി ഒമ്പത് സീരി എ തോൽവികൾ ഏറ്റുവാങ്ങി.14 കളികളിൽ നിന്ന് 28 പോയിന്റുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്.

Rate this post