മാഞ്ചസ്റ്റർ യുണൈറ്റഡിനെ കീഴടക്കി സെവിയ്യ സെമിയിൽ : യുവന്റസും അവസാന നാലിൽ : രക്ഷകനായി ഡിബാല , റോമയും സെമിയിൽ : മികച്ച വിജയത്തോടെ ലെവർകൂസനും സെമിയിൽ

റാമോൺ സാഞ്ചസ്-പിസ്‌ജുവാനിൽ നടന്ന യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി സെമിയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സെവിയ്യ.5-2 ന്റെ അഗ്രഗേറ്റ് ജയം ഉറപ്പിച്ചാണ് സെവിയ്യ മാഞ്ചസ്റ്റർ യുണൈറ്റഡിനെ യൂറോപ്പ ലീഗിൽ നിന്ന് പുറത്താക്കിയത്.

ആദ്യ പാദത്തിൽ ഇരു ടീമുകളും 2 ഗോൾ വീതം നേടിയ സമനില പാലിച്ചിരുന്നു. മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ യൂസുഫ് എൻ നസീരി സെവിയ്യക്ക് വേണ്ടി ഗോൾ നേടിയിരുന്നു.47ആം മിനുട്ടിൽ റാക്കിറ്റിചിന്റെ അസിസ്റ്റിൽ നിന്ന് ബെയ്ഡ് രണ്ടാം ഗോളും കരസ്ഥമാക്കി.81ആം മിനിറ്റിൽ നസീരി മറ്റൊരു ഗോൾ കൂടി നേടിയതോടെ യുണൈറ്റഡിന്റെ പതനം പൂർണ്ണമാവുകയായിരുന്നു. മത്സരത്തിൽ മോശം പ്രകടനമായിരുന്നു യുണൈറ്റഡ് നടത്തിയിരുന്നത്.മോശം ആഭ്യന്തര സീസണിൽ രണ്ട് തവണ മാനേജരെ മാറ്റിയെങ്കിലും കഴിഞ്ഞ 9 സീസണുകളിൽ നാല് കിരീടം നേടിയ സെവിയ്യ യൂറോപ്പ ലീഗിൽ ജൈത്ര യാത്ര തുടരുകയാണ്. സ്പാനിഷ് ക്ലബ് സെമിയിൽ യുവന്റസിനെ നേരിടും.

മറ്റൊരു ക്വാർട്ടർ ഫൈനലിൽ സ്പോർട്ടിങ് ലിസ്ബണിനോട് സമനില വഴങ്ങിയെങ്കിലും യുവന്റസ് യൂറോപ്പ് ലീഗിൽ സെമിയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ആദ്യ പാദത്തിൽ യുവന്റസ് ഒരു ഗോളിന്റെ ജയം നേടിയിരുന്നു.മത്സരം തുടങ്ങി ഒമ്പത് മിനിറ്റിനുള്ളിൽ ക്ലോസ് റേഞ്ചിൽ നിന്ന് വലകുലുക്കിയ മിഡ്ഫീൽഡർ അഡ്രിയൻ റാബിയോട്ടിലൂടെ യുവന്റസ് നേരത്തെ ലീഡ് നേടി.20-ാം മിനിറ്റിൽ സ്‌പോർട്‌സ് വിംഗർ മാർക്കസ് എഡ്‌വേർഡ്‌സ് പെനാൽറ്റി സ്‌പോട്ടിൽ നിന്നും അവർക്ക് സമനില നേടിക്കൊടുത്തു. തിരിച്ചു വരവിനുള്ള എല്ലാ ശ്രമങ്ങക്കും സ്പോർട്ടിങ്ങിനെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും യുവെ പ്രതിരോധം തകർക്കാൻ സാധിച്ചില്ല.

മറ്റൊരു ക്വാർട്ടറിൽ ഡച്ച്‌ ടീമായ ഫെയ്‌നൂർഡ്‌ റോട്ടർഡാമിനെ 4-1ന്‌ തോൽപ്പിച്ച്‌ ആസ് റോമ സെമിയിൽ സ്ഥാനം പിടിച്ചു. ആദ്യ പഥത്തിൽ ഒരു ഗോളിന് പരാജയപ്പെട്ട റോമ തകർപ്പൻ തിരിച്ചു വരവാണ് നടത്തിയത്.ലിയോനാർഡോ സ്പിനാസോള (60′)പോളോ ഡിബാല (89′)സ്റ്റെഫാൻ എൽ ഷാരാവി (101′)ലോറെൻസോ പെല്ലെഗ്രിനി (109′) എന്നിവരാണ് റോമക്ക് വേണ്ടി ഗോളുകൾ നേടിയത്.ഇഗോർ പൈക്സോ (80′) ഫെയ്‌നൂർഡ്‌ ആശ്വാസ ഗോൾ നേടി.എക്സ്ട്രാ ടൈം വരെ നീണ്ട ആവേശ പോരാട്ടത്തിലായിരുന്നു റോമയുടെ ജയം ബെൽജിയത്തിന്റെ യൂണിയൻ സെന്റ് ഗില്ലോയിസിനെ തകർത്ത് വരുന്ന ബയേർ ലെവർകൂസൻ ആണ് സെമിയിൽ റോമയുടെ എതിരാളികൾ.

Rate this post