താരനിരയാൽ സമ്പന്നം , പക്ഷെ താൽക്കാലികം; യുണൈറ്റഡിന്റെ പോക്ക് എങ്ങോട്ട് ?

പരിക്ക് മാറിയ മാർക്കസ് റാഷ്ഫോർഡ്‌ കൂടി ടീമിലെത്തുന്നതോടെ യുണൈറ്റഡ്‌ യൂറോപ്യൻ വൻകരയിലെ പകരം വെക്കാനില്ലാത്ത ടീമായി മാറും എന്നത് സത്യമാണ്. എന്നാൽ ഈ താരനിരയെ ഉപയോഗിക്കാൻ അറിയാത്തത് എന്ത് കൊണ്ട് എന്നാണ് ഇപ്പോൾ ഉയർന്നു വരുന്ന ചോദ്യം. കപ്പ് കണ്ടിട്ട് കാലമേറെയായി. ഇതിന്റെ പകുതി മൂല്യം വരുന്ന ക്ലബുകൾ പോലും കപ്പുയർത്തുന്ന ഈ കാലഘട്ടത്തിൽ യുണൈറ്റഡ്‌നു പിഴക്കുന്നത് എവിടെ ?

ക്രിസ്റ്റ്യാനോ റൊണാൾഡോ എല്ലാ ലീഗിലുമെന്ന പോലെ തന്റെ ഗോളടി മികവ് തുടർന്ന് കൊണ്ടിരിക്കുന്നു. എന്നാൽ കോടികൾ വെറും കണക്കുകൾ മാത്രമാക്കി സാഞ്ചോ മൈതാനമദ്ധ്യേ അലഞ്ഞു തിരിയുന്നു. ഡിഫൻസിലെ താളം തെറ്റാതിരിക്കാൻ ടീമിലെത്തിച്ച റാഫേൽ വരാനെ തന്റെ കഴിവ് തെളിയിക്കുന്നുണ്ടെങ്കിലും ഡിഫൻസ് ആടിയുലയുന്നത് എല്ലാ കളികളിലും തുടർക്കഥയാകുന്നു. ഏറ്റവും മികച്ച പെനാൽറ്റി ടേക്കറിൽ ഒരാളായ ബ്രൂണോ ഫെർണാണ്ടസ് നു വരെ പിഴക്കുന്ന കാഴ്‌ച നാം ഈയിടെ കാണുകയുണ്ടായി. മദ്യനിരയിൽ ഫ്രെഡ് ന് പകരം മികച്ച ഒരു താരമില്ലാത്തതാണ് കാരണം എന്ന് പലരും പറയുന്നെങ്കിലും ഈ ടീമിനെ അതിന്റെ ശക്തിയോടെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയാത്തതാണ് യഥാർത്ഥ കാരണം എന്നതാണ് സത്യം.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലുള്ള ഒരു കളിക്കാരൻ ടീമിലുള്ളപ്പോൾ സ്വാഭാവികമായും മറ്റു കളിക്കാർക്ക് തങ്ങളുടെ മികവ് പൂർണമായും പുറത്തെടുക്കാൻ കഴിഞ്ഞെന്നു വരില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് പ്രീമിയർ ലീഗ് മാച്ചിൽ ബ്രൂണോ പാഴാക്കിയ പെനാൽറ്റി കിക്ക്. തന്റെ നാഷണൽ സഹതാരം ആയിരുന്നിട്ട് കൂടി ക്രിസ്റ്റ്യാനോയെ മുൻനിർത്തി പെനാൽറ്റിയെടുത്ത ബ്രൂണോക്ക് പിഴച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നൽകുന്ന സാലറി യുണൈറ്റഡിലെ മറ്റുകളിക്കാരെക്കാൾ കൂടുതൽ ആണ്. റിയൽ മാഡ്രിഡ് റൊണാൾഡോയെ ഉപയോഗിച്ചത് പോലെ മാഞ്ചസ്റ്ററിനു സാധിക്കണമെങ്കിൽ ഒരു പക്ഷെ തീർച്ചയായും അവർ ഇപ്പോഴത്തെ രീതികളിൽ മാറ്റം വരുത്തേണ്ടി വരും.

ഇതേ പിഴവ് ഇറ്റാലിയൻ ക്ലബ് ആയ യുവന്റെസിനും സംഭവിച്ചത് നാം സാക്ഷ്യം വഹിച്ചതാണ്. തന്റെ ഗോളടി മികവ് എവിടെ പോയാലും തുടർന്ന് കൊണ്ടിരിക്കുന്ന റൊണാൾഡോയെ മറ്റു കളിക്കാരുമായി ചേർന്ന് കളിക്കുമ്പോൾ ഒരു പരാജയമായാണ് നമുക്ക് കാണേണ്ടി വരുന്നത്. ഒരു പക്ഷെ പ്രായം അദ്ദേഹത്തെ തളർതുന്നുണ്ടാവാം, എന്നാൽ ഇത് ഒരിക്കലും അദ്ദേഹത്തിന്റെ പിഴവല്ല എന്ന് റിയൽമാഡ്രിഡിലൂടെയും തന്നെ താനാക്കിയ ഈ ക്ലബിലൂടെ തന്നെയും അദ്ദേഹം മുൻപ് തെളിയിച്ചതാണ്.

ഇവിടെ പിഴക്കുന്നത് മാനേജിങ്ലാണ്. ഇത്രയും കളിക്കാരും ലോകം കണ്ട ഏറ്റവും മികച്ച ഫോർവെർഡും കൂടെയുള്ളപ്പോൾ അവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്തത് തീർത്തും ഒരു പരിശീലകന്റെ പരാജയം ആണ്.റൊണാൾഡോ അടക്കം പല പ്രധാനകളിക്കാരെയും ബെഞ്ചിലിരുത്തേണ്ട സാഹചര്യം വന്നിട്ടുകൂടി തന്റെ ഫോർമേഷനിൽ മാറ്റം വരുത്താൻ ഒലെ തയ്യാറായില്ല.ഒന്നുകിൽ ഒലെ ഗുണ്ണാർ സോൾഷെയർ എന്ന പരിശീലകൻ തന്റെ തന്ത്രങ്ങളിൽ മാറ്റം വരുത്തണം അല്ലങ്കിൽ പകരം മറ്റൊരാൾ ആ സ്ഥാനത്തേക്ക് കയറി വരണം. റൊണാൾഡോ വരുന്നതിനു മുന്നെയും കപ്പില്ലാതെ ഒലെയുടെ കീഴിൽ തുടർന്ന ടീമാണ് യുണൈറ്റഡ്‌.

റൊണാൾഡോ തിരിച്ചെത്തിയതോടെ ഏറെ നാളത്തെ ഈ യാത്ര അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഫുട്‌ബോൾ ലോകം മുഴുവനും. എന്നാൽ നേരെ മറിച്ച് കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് പോകുന്നതിനാണ് ഇപ്പോൾ ക്ലബ് സാക്ഷ്യം വഹിക്കുന്നത്.ഇവിടെ യുണൈറ്റഡ്‌ ഒരു തീരുമാനമെടുക്കുമ്പോൾ ക്ലബ് എല്ലാ കാലത്തും നെഞ്ചിലേറ്റുന്ന അവരുടെ പ്രിയപുത്രൻ ക്രിസ്റ്റ്യാനോ വേണോ , അല്ലെങ്കിൽ അവരുടെ തന്നെ ലെജൻഡ് ആയ ഒലെ വേണോ എന്ന ചോദ്യം വിലങ്ങുതടിയാവുന്നു. ഏതായാലും അധികം വൈകാതെ തന്നെ കണ്ടറിയാം, മാഞ്ചസ്റ്ററിലെ മാറ്റങ്ങൾ.

Hari Kappada

Rate this post