മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതാപകാലം പ്രതീക്ഷയാവുമ്പോൾ !!!

ഹരി കപ്പട എഴുതുന്നു :-

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രതാപകാലം ഓൾഡ് ട്രാഫൊർഡിലെ പുൽനാമ്പുകൾക്കു പോലും സുപരിചിതമാണ്. ചെകുത്താന്മാരുടെ തേരോട്ടത്തിന് സാക്ഷ്യം വഹിക്കാത്ത ഫുട്‌ബോൾ പ്രേമികൾ തന്നെ ലോകത്ത് വിരളമായിരിക്കും. എന്നാൽ ഇനിയൊരു പ്രതാപകാലം യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം വെറുമൊരു പ്രതീക്ഷയായി അവസാനിക്കുമോ, അല്ലെങ്കിൽ പ്രതീക്ഷക്ക് വകുപ്പുള്ള ഒന്നാണോ എന്നത് വരും നാളുകളിൽ കണ്ടറിയാം.

ലോകം മുഴുവൻ ചർച്ച ചെയ്ത ട്രാൻസ്ഫർ വാർത്തകൾക്കൊടുവിൽ അവരുടെ എക്കാലത്തെയും മികച്ച താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ തിരികെ ടീമിൽ എത്തിയിരിക്കുകയാണ്. ആരാധകരുടെ പ്രതീക്ഷ വാനോളമുയർന്ന ഈ ഒരു സാഹചര്യത്തിൽ മാഞ്ചസ്റ്ററിനു വേണ്ടി എന്തെങ്കിലും ചെയാനായാൽ തന്റേതായ വ്യക്തിമുദ്ര ഒരിക്കൽ കൂടി യുണൈറ്റഡിൽ പതിപ്പിക്കാൻ റൊണാൾഡോക്ക് സാധിക്കും. എന്നാൽ കാര്യങ്ങൾ പൊതുവെ എളുപ്പമല്ലാത്ത രീതിയിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ചരിത്രപുരുഷൻ സർ അലക്‌സ് ഫെർഗുസന് ശേഷം യുണൈറ്റഡ്‌ ആരാധകർ പാടിപുകഴ്ത്തി തുടങ്ങിയ മറ്റൊരു പേരാണ് ഒലെ ഗുണാർ സോൾഷെയർ. എന്നാൽ ഇപ്പോൾ മാനേജർ ആയി ടീമിനെ നയിക്കുന്ന ഒലെ എല്ലാ അർത്ഥത്തിലും പരാജയമായി മാറുകയാണ്.

ടീമിന്റെ മാനേജർ ആയി ചുമതലയേറ്റ ശേഷം ഒരു കപ്പ് പോലും ഉയർത്താൻ സാധിക്കാത്ത ഒലെ ഗുണാർ സോൾഷെയർന്റെ ഭാവി അവതാളത്തിലാണെന്ന് തന്നെ പറയാം. യുവേഫ യൂറോപ്പ ലീഗിന്റെ ഫൈനലിൽ എത്തിയത് ഒഴിച്ചാൽ മികച്ച നേട്ടമൊന്നും മാഞ്ചസ്റ്ററിന് സമ്മാനിക്കാൻ ഒലെക്ക് സാധിച്ചിട്ടില്ല. കളിയുടെ താളത്തിലും തരത്തിലും പഴയ യുണൈറ്റഡ്‌ ടച്ച് തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നുണ്ട് എന്നതൊഴിച്ചാൽ ഒലെ സമ്പൂർണ പരാജയം തന്നെയാണ്. ഇക്കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ കോടികൾ മുടക്കി ടീമിലെത്തിച്ച താരങ്ങൾ ഒരുപാടാണ്. എന്നാൽ ഇവരെ ഒത്തിണക്കത്തോടെ കളിപ്പിക്കാൻ കഴിയാതിരുന്നാൽ അതൊരു കോച്ചിന്റെ പോരായ്മയായി മാത്രമേ ലോകം വാഴ്ത്തുകയുള്ളൂ. ഒറ്റ നോട്ടത്തിൽ പുറത്തു കാണിച്ചാൽ എതിർടീമുകൾ ഭയന്നോടുന്ന ഫസ്റ്റ് ഇലവനാണ് നിലവിൽ യുണൈറ്റഡിനുള്ളത്. എന്നാൽ ഇതിനെകൊണ്ട് എന്ത് പ്രയോജനം എന്ന് ആരാധകർ പോലും ചോദിച്ചു പോകുന്നു.

മുന്നേറ്റനിരയിലെ ഞെട്ടിപ്പിക്കുന്ന കളിക്കാരുടെ എണ്ണത്തിലെ വർധനവ് തന്നെ ടീമിന്റെ പ്രധാന പ്രശ്നമായി തുടരുന്നു. എല്ലാവരെയും ഒരുമിച്ച് ഇറക്കാൻ സാധിക്കാത്തതും , ഇറക്കുന്നവരിൽ തന്നെ കോമ്പിനേഷൻ വർക്ക് ചെയ്യാതിരിക്കുന്നതും ഒരു മാനേജറെ സംബന്ധിചിടത്തോളം പോരായ്മ തന്നെയാണ്.ഏതാണ്ട് 1000 കോടിയുടെ മുകളിൽ തുക മുടക്കി ടീമിലെത്തിച്ച പ്രധാനതാരമാണ് റൈറ്റ് വിങ്ങർ ആയ ജെയ്‌ഡൻ സാഞ്ചോ. എന്നാൽ മൈതാനമദ്ധ്യേ അലഞ്ഞു തിരിഞ്ഞുനടക്കുന്നുണ്ട് എന്നതൊഴിച്ചാൽ കാര്യമായി ടീമിന് വേണ്ടി ഒന്നും ചെയ്യാൻ സാഞ്ചോക്ക് ഇത് വരെ സാധിച്ചിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രധാന സ്ട്രൈക്കർ ആയി ടീമിലിറക്കുമ്പോൾ എഡിസൺ കവാനിക്ക് അവസരം ലഭിക്കാതെ പോകുന്നു. മറ്റൊരു പ്രധാന താരമായ റാഫേൽ വരാൻ ടീമിലെത്തിയത് മുതൽ മികച്ച പ്രകടനം കാഴ്ച വക്കുന്നുവെങ്കിലും പ്രതിരോധത്തിലെ പാളിച്ചകൾ സ്ഥിരം കാഴ്ചയാകുന്നു.

ഇതിനെല്ലാം പരിഹാരമുണ്ടോ എന്ന് ചോദിച്ചാൽ, ഒറ്റയടിക്ക് ഉത്തരം നൽകാൻ സാധിക്കില്ല. എന്നാൽ പരിഹരമില്ലാത്തതായി ലോകത്ത് ഒന്നും തന്നെയില്ല. പ്രായം പ്രകടനത്തെ ബാധിക്കുന്ന വലിയൊരു കാര്യം തന്നെയാണ്. പഴയ റൊണാൾഡോയെ കളത്തിൽ കാണാൻ ആഗ്രഹിക്കുന്ന പലരും മറന്നു പോവുന്ന ഒരു കാര്യമാണത്. എല്ലാ പ്രതീക്ഷയും റൊണാൾഡോയിലേക്ക് അർപ്പിക്കുമ്പോൾ അദ്ദേഹത്തിന് ചെയ്യാൻ കഴിയുന്നതിലും ഒരു പരിധിയുണ്ടെന്ന കാര്യം സത്യമാണ്. എന്നാൽ റയൽ മാഡ്രിഡ് എങ്ങനെ റൊണാൾഡോയെ ഉപയോഗിച്ചോ, അത് പോലെ യുണൈറ്റഡിനും ചെയ്യാൻ സാധിച്ചാൽ ചാമ്പ്യൻസ് ലീഗ് പോലും അവർക്ക് എത്താക്കനിയല്ല. പരിക്ക് മാറിയ റാഷ്ഫോർഡ് കൂടി ടീമിലേക്ക് തിരിച്ചെത്തുകയാണ്. അതിനാൽ ഇപ്പോഴുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി മാറുവാൻ മാത്രമേ സാധ്യതയുള്ളൂ. ഇത്രയും മുന്നേറ്റ നിരകളിക്കാരെ ഒരുമിച്ച് ഇറക്കാൻ പറ്റാത്തത് പോലെ തന്നെ അവരെ ബെഞ്ചിലിരുത്തി ഭാവി നശിപ്പിക്കുന്നതും വലിയ തെറ്റ് തന്നെയാണ്.

ലോകത്തെ ഏറ്റവും മികച്ച പെനാൽറ്റി ടേക്കർമാരിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിലവിലെ മികച്ച പെനാൽറ്റി ടേക്കർ പോർച്ചുഗലിലെ തന്നെ റൊണാൾഡോയുടെ സഹതാരമായ ബ്രൂണോ ഫെർണാണ്ടസ് ആണ്. ഇവിടെയും യുണൈറ്റഡിന് താളം തെറ്റിയത് ആരാധകർ സാക്ഷ്യം വഹിച്ച ഒന്നാണ്. പ്രീമിയർ ലീഗിൽ ആസ്റ്റൻ വില്ലയുമായുള്ള മത്സരത്തിന്റെ അവസാന നിമിഷത്തിൽ കിട്ടിയ പെനാൽറ്റി, യുണൈറ്റഡിന്റെ ഐക്കണിക്ക് താരമായിരുന്ന റൊണാൾഡോക്ക് നൽകാതെ ബ്രൂണോ എടുത്തപ്പോൾ സമ്മർദ്ദം കാരണം അത് പാഴായിപ്പോയി. ടീമിന്റെ നിർണായാക പോയിന്റുകൾ ഇല്ലാതാക്കിയ ബ്രൂണോ തീർത്തും നിരാശനായി കളം വിട്ടതും മാഞ്ചസ്റ്റർ ആരാധകർ നോക്കി നിന്നതാണ്. ഇത്രയും പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ പോലും മാനേജ്മെന്റ് ഒരു തീരുമാനത്തിലെത്താത്തത് ഏതൊരു യുണൈറ്റഡ്‌ ആരാധകനിലും വിഷമമുണ്ടാക്കും.ഒരു ടീമിലെ മികച്ച കളിക്കാരെ കളിപ്പിക്കാൻ പറ്റുന്നില്ലങ്കിൽ, അവരെ വച്ച് ആദ്യ ഇലവൻ ഇറക്കാൻ സാധിക്കുന്നില്ലെങ്കിൽ, ഇതിനെല്ലാം പുറമെ മത്സരത്തിന്റെ റിസൾട്ട് പോലും എതിരായി മാറിക്കൊണ്ടിരിക്കുകയാണെങ്കിൽ, തീർച്ചയായും ആ ടീമിന്റെ മാനേജർ കസേരക്ക് ഇളക്കം സംഭവിച്ചിരിക്കും എന്ന് തന്നെയാണ് അർത്ഥം.

വിഖ്യാത പരിശീലകൻ അലക്‌സ് ഫെർഗൂസൻ സ്ഥാനമൊഴിഞ്ഞതോടെ, പലരും ആ കസേര അലങ്കരിച്ചു. എന്നാൽ സർ അലക്‌സ് നേടിയതെല്ലാം അവർക്ക് കിട്ടാക്കനിയായി തുടർന്ന് കൊണ്ടേയിരുന്നു. ഡച് പരിശീലകൻ വാൻ ഗാൽ മുതൽ പരിശീലകരിലെ ഹീറോ ആയിരുന്ന മൗറീന്യോ വരെ യുണൈറ്റഡിന്റെ മാനേജർ സ്ഥാനത്ത് പയറ്റി നോക്കിയവരാണ്. ഇവർക്കൊന്നും തന്നെ പഴയ യുണൈറ്റഡിന്റെ പ്രതാപകാലം വീണ്ടെടുക്കാൻ സാധിച്ചില്ല. ഒന്ന് പിറകോട്ട് എത്തി നോക്കുമ്പോൾ മിന്നിമറയാതെ തന്നെ 2008 സീസൺ യുണൈറ്റഡ്‌ ആരാധകരുടെ മനസിലേക്ക് ഓടി വരും. യുവേഫ ചാമ്പ്യൻസ് ലീഗ് അടക്കം പ്രധാന നേട്ടങ്ങളെല്ലാം യുണൈറ്റഡ്‌ കയ്യിലൊതുക്കിയപ്പോൾ പ്രീമിയർ ലീഗിലെ അവസാന ബാലൺ ഡി ഓർ വിന്നറും അവരുടെ ടീമിൽ ഉണ്ടായിരുന്നു. അതേ, സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹം പോയ ശേഷം അദ്ദേഹം യുണൈറ്റഡിനു വേണ്ടി നേടിയ വ്യക്തിഗത അവാർഡുകളൊന്നും തന്നെ മറികടക്കാൻ മറ്റൊരാൾ വന്നിട്ടില്ല.

കണ്ണഞ്ചിപ്പിക്കുന്ന ലോങ് റേഞ്ചർ ഗോളുകളും, ബുള്ളറ്റ് വേഗതയിലുള്ള ഫ്രീകിക്കുകളും അദ്ദേഹത്തിന്റെ മാത്രം സവിശേഷതയായിരുന്ന കാലഘട്ടമായിരുന്നു അത്. ഏതൊരാളെയും കാഴ്ചക്കാരനാക്കുന്ന ഡ്രിബ്ലിങ് മികവും മധ്യനിരയിൽ നിന്ന് മുന്നേറ്റത്തിലേക്ക് കുതിക്കുന്ന മാന്ത്രികനീക്കങ്ങളും അന്ന് ക്രിസ്റ്റ്യാനോ യുണൈറ്റഡ്‌ ജേഴ്സിയിലൂടെ ലോകത്തിനു കാണിച്ചു തന്നു. ലോകം കണ്ട മികച്ച മിഡ്ഫീൽഡറിൽ നിന്ന് മികച്ച ഫോർവെർഡ് ആയി മാറാൻ റൊണാൾഡോക്ക് അധികം സമയം വേണ്ടി വന്നിരുന്നില്ല. ടീമിന് കരുത്തു പകരാനും ചുക്കാൻ പിടിക്കാനും റൊണാൾഡോ കൂടെയുണ്ടായിരുന്നപ്പോൾ യുണൈറ്റഡ്‌ ആരാധകർ ഒന്നിനെയും അന്ന് ഭയപ്പെട്ടിരുന്നില്ല. റൊണാൾഡോക്ക് പുറമെ മുന്നേറ്റത്തിൽ റൂണിയും , ടെവസും , നാനിയുമെല്ലാം തകർത്താടുമ്പോൾ അവരുടെ ഏറ്റവും മനോഹരമായ സീസണുകളിൽ ഒന്നായി 2008 മാറുകയായിരുന്നു.

എന്നാൽ ആരാധകരുടെ നെഞ്ചിലേക്ക് ഇടിത്തീ കോരിയിട്ട പോലെ റൊണാൾഡോ ക്ലബ് വിടുമ്പോൾ എല്ലാം തകർന്നുവെന്ന് ഒരു നിമിഷമെങ്കിലും അവർ കരുതിക്കാണും. പക്ഷേ ആ സമയവും ഫെർഗൂസന്റെ മാന്ത്രിക തന്ത്രങ്ങൾ യുണൈറ്റഡിന്റെ രക്ഷയായി കൂടെയുണ്ടായിരുന്നു. ഒടുവിൽ ആ മായജാലവും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോഴാണ് യുണൈറ്റഡിൽ യഥാർഥ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. പിന്നീട് ടീമിനെ ദുരിതത്തിൽ നിന്ന് കരകയറ്റാൻ മറ്റൊരു ഫെർഗൂസനോ റൊണാൾഡോയോ എത്തിയില്ല. ഒന്നിന് പിറകെ ഒന്നൊന്നായി നേടിയ നേട്ടങ്ങൾ അഴിച്ചു വെക്കേണ്ടി വന്നപ്പോൾ പ്രീമിയർ ലീഗിന്റെ അധികായർ എന്ന പേരും യുണൈറ്റഡിനെ വിട്ടു പോയി.

എന്നാൽ ഇവിടെ വർഷങ്ങൾക്ക് ശേഷം ലോകം വെട്ടിപ്പിടിച്ച റൊണാൾഡോ തന്റെ പഴയ ക്ലബ്ബിലേക്ക് തിരിച്ചെത്തുന്ന കാഴ്ചക്ക് മാഞ്ചസ്റ്റർ ആരാധകർ സാക്ഷ്യം വഹിച്ചു. ചെങ്കോലും കിരീടവും കൊടുത്തു നയിക്കാൻ മുന്നിൽ അലക്‌സ് ഫെർഗൂസൻ ഇല്ലെങ്കിലും ആരാധകരിൽ പഴയ പ്രതീക്ഷ ഉയർന്നു തുടങ്ങി. ടീമെന്ന നിലയിൽ യുണൈറ്റഡ്‌ മറ്റാരേക്കാളും കരുത്തരാണെന്ന് നിസ്സംശയം പറയാമെങ്കിലും ഇപ്പോൾ ആ ടീമിനെ രക്ഷിക്കാൻ റൊണാൾഡോയുടെ മികവ് മാത്രം പോരാതെ വരുന്നു. തോൽവിയും സമനിലയുമായി മാത്രം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ്‌ ജയിക്കുന്നത് ചുരുക്കം കളികളിൽ മാത്രമാണ്. ഒരു കപ്പ് എങ്കിലുമില്ലാത്ത സീസൺ റൊണാൾഡോയെ സംബന്ധിചിടത്തോളം ചിന്തിക്കാൻ പറ്റാത്തതാണ്. എന്നാൽ യുണൈറ്റഡ്‌ ആവട്ടെ, തുടർച്ചയായ 3 സീസണായി കപ്പ് കണ്ടിട്ട്. “താരനിരയാൽ സമ്പന്നം , പക്ഷേ തൽക്കാലികം” ഇതാണ് യുണൈറ്റഡ്‌ ഇപ്പോൾ നേരിടുന്ന അവസ്ഥ.

തോൽവിയറിയാതെ എവേ മത്സരങ്ങൾ മുന്നോട്ട് കൊണ്ടു പോയ യുണൈറ്റഡിന്റെ തേരോട്ടത്തിനു പോലും തിരശീല വീണിരിക്കുന്നു. ലിവർപൂളിനോടേറ്റ (5-0) ന്റെ പരാജയം പരിശീലകനായ ഒലെയുടെ കസേരയിൽ വിള്ളൽ വീഴ്ത്തും എന്നത് ഉറപ്പുള്ള കാര്യമായി മാറി. ഇത്രയും മികച്ച ടീമിനെ മുന്നോട്ടു നയിക്കാൻ പറ്റുന്ന പരിശീലകൻ വരട്ടെ. അവസരങ്ങൾ കിട്ടാതെ ബെഞ്ചിലിരിക്കുന്നവരെ ഉപയോഗിക്കട്ടെ , ടീമിന്റെ ഒത്തിണക്കം വർധിപ്പിക്കട്ടെ, അതേ ഓൾഡ് ട്രഫൊർഡിലെ പുൽനാമ്പുകൾ ഒരിക്കൽ കൂടി ചെകുത്താന്മാരുടെ അസുരതാളം അറിയട്ടെ. നമുക്കു കാത്തിരിക്കാം മാഞ്ചസ്റ്ററിനെ മാഞ്ചസ്റ്റർ ആക്കിയ യുണൈറ്റഡിന്റെ പ്രതാപകാലത്തിനായി.