ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതി ചേർത്ത് മനീഷ കല്യാൺ |Manisha Kalyan

യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യൻ ഫുട്ബോൾ താരമായി മനീഷ കല്യാണ്. ഇന്നലെ നടന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൈപ്രസ് ചാമ്പ്യൻമാരായ അപ്പോളോൺ ലേഡീസിന് വേണ്ടിയാണ് മനീഷ കല്യാണ് തന്റെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചത്. കഴിഞ്ഞ ദിവസം ലാത്വിയൻ ക്ലബ്ബായ റിഗാസ് എഫ്‌സിക്കെതിരെയാണ് അപ്പോളോൺ ലേഡീസ് കളിച്ചത്. ഹോം ഗ്രൗണ്ടായ മകരേയോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അപ്പോളോൺ ലേഡീസ് 3-0ന് വിജയിച്ചു.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ പകരക്കാരനായാണ് മനീഷ കല്യാണ് കളത്തിലിറങ്ങിയത്. കളിയുടെ അറുപതാം മിനിറ്റിൽ മരിലീന ജോർജിയോയെ പിൻവലിച്ച് മനീഷ കല്യാണിനെ കോച്ച് ലോറന്റ് ഫാസോട്ടെ കളത്തിലിറക്കിയത് ഇന്ത്യൻ ഫുട്ബോളിൽ പുതിയ ചരിത്രമാണ് പിറന്നത്. മനീഷ കളത്തിലിറങ്ങുമ്പോൾ അവരുടെ ടീം 2-0ന് മുന്നിലായിരുന്നു. ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ലെങ്കിലും മനീഷയുടെ മൈതാനത്തെ സാന്നിധ്യം തന്നെ ഇന്ത്യൻ ഫുട്ബോളിന് ഒരു വലിയ നേട്ടമായിരുന്നു.അപ്പോളോൺ ലേഡീസിനുവേണ്ടി എൽഷാദായി അച്ചെംപോങ് മൂന്നാം ഗോൾ നേടി. മനീഷയുടെ മുൻ ഗോകുലം കേരള എഫ്‌സി സഹതാരം കൂടിയാണ് എൽഷദ്ദായി.ഒമോനിയ എഫ്‌സിക്കെതിരെ അടുത്തിടെ നടന്ന സൗഹൃദ മത്സരത്തിൽ അപ്പോളോൺ ലേഡീസിന് വേണ്ടി മനീഷ് ഒരു ഗോൾ നേടിയിരുന്നു.

2019-20 സീസണിൽ ആണ് മനീഷ കല്യാൺ വാർത്തകളിൽ ഇടം നേടുന്നത്.ഐലീഗ് ക്ലബ്ബായ ഗോകുലം എഫ്‌സി കേരളയ്ക്കുവേണ്ടി മനീഷ കല്യാണിന്റെ പ്രകടനം ഇന്ത്യൻ ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന്, 2019 ൽ, 18 വയസ്സ് മാത്രം പ്രായമുള്ള മനീഷ കല്യാണ് ഇന്ത്യൻ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ഗോകുലം കേരളയ്‌ക്കൊപ്പം മൂന്ന് സീസണുകൾ കളിച്ച മനീഷ കല്യാണ് 24 മത്സരങ്ങളിൽ നിന്ന് 21 ഗോളുകൾ നേടി.

2021 എഎഫ്‌സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഗോകുലം കേരളയും ഉസ്‌ബെക്കിസ്ഥാൻ ക്ലബ് എഫ്‌സി ബുന്യോദ്‌കോറും തമ്മിലുള്ള മത്സരത്തിൽ ഗോകുലം കേരള 3-1ന് വിജയിച്ചപ്പോൾ മനീഷ കല്യാണ് ഗോകുലത്തിനായി ഒരു ഗോൾ നേടി. ഇതോടെ ടോപ് ഫ്ലൈറ്റ് ഏഷ്യൻ മത്സരത്തിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മനീഷ കല്യാണ്2022 ജൂലൈയിൽ സൈപ്രസ് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ അപ്പോളോൺ ലേഡീസ് മനീഷ കല്യാണിനെ ഒപ്പുവച്ചു.

ഇന്നലെ രാത്രി (ഓഗസ്റ്റ് 18) നടന്ന അപ്പോളോൺ ലേഡീസ് – റിഗാസ് എഫ്‌സി മത്സരമായിരുന്നു അപ്പോളോൺ ലേഡീസിനായുള്ള മനീഷ കല്യാണിന്റെ അരങ്ങേറ്റ മത്സരം. ഇന്ത്യൻ ദേശീയ ടീമിനായി 17 മത്സരങ്ങൾ കളിച്ച മനീഷ കല്യാണ് നാല് ഗോളുകളും നേടിയിട്ടുണ്ട്. 2020-21 ലെ എഐഎഫ്എഫ് വനിതാ എമർജിംഗ് ഫുട്ബോൾ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട മനീഷ കല്യാണ് 2021-22 ലെ എഐഎഫ്എഫ് വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ടു.