സഞ്ജുവിനെ തകർക്കാൻ പത്തൊമ്പതാമത്തെ അടവ് പയറ്റി മാർക്കസ് സ്റ്റോയ്നിസ്

കഴിഞ്ഞ ദിവസം നടന്ന ലക്നൗ സൂപ്പർ ജിയന്റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണ് മികച്ച ബാറ്റിംഗ് പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല. 4 ബോളുകളിൽ 2 റൺസ് എടുത്ത സഞ്ജു, ജോസ് ബറ്റ്ലറുമായി ഉണ്ടായ ആശയക്കുഴപ്പത്തിന്റെ ഫലമായി റൺഔട്ട് ആയി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. സഞ്ജു അതിവേഗം പുറത്തായത് രാജസ്ഥാൻ റോയൽസിന്റെ പരാജയത്തിൽ പ്രധാന കാരണങ്ങളിൽ ഒന്നായി എന്നുവേണം പറയാൻ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലക്നൗ സൂപ്പർ ജിയന്റ്സ്, നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് നേടിയിരുന്നു. 155 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എടുക്കാനെ സാധിച്ചുള്ളൂ. എൽഎസ്ജിയോട് 10 റൺസിന്റെ പരാജയം വഴങ്ങിയതോടെ രാജസ്ഥാൻ റോയൽസ്, സീസണിലെ രണ്ടാമത്തെ പരാജയം ആണ് നേരിട്ടിരിക്കുന്നത്.

സീസണിൽ ഇതുവരെ സഞ്ജു സാംസൺ രണ്ട് അർദ്ധ സെഞ്ചറി പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും, കളിച്ച 6 മത്സരങ്ങളിൽ മൂന്നിലും അദ്ദേഹത്തിന് രണ്ടക്കം കാണാൻ സാധിച്ചിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നിരുന്നാലും, ഗുജറാത്ത് ടൈറ്റൻസിനെതിരെ ഉൾപ്പെടെ സഞ്ജുവിന്റെ ബാറ്റിംഗ് പിൻബലത്തിൽ രാജസ്ഥാൻ വിജയം നേടിയിട്ടുണ്ട് എന്നത് കാണാതിരിക്കാൻ സാധിക്കില്ല. അതേസമയം, കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ നിന്നുള്ള ഒരു രസകരമായ സംഭവത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് ഇന്നിങ്സിന്റെ 11-ാം ഓവർ, എൽഎസ്ജിയുടെ മാർക്കസ് സ്റ്റോയ്നിസ് ആണ് പന്തെറിയുന്നത്, ഓവറിലെ അഞ്ചാമത്തെ ബോൾ, സഞ്ജു ഇന്നിങ്സിൽ നേരിട്ട രണ്ടാമത്തെ ബോൾ. സ്റ്റോയ്നിസിന്റെ സ്ലോ ബോൾ നേരിടാൻ, സഞ്ജു ഓഫ് സൈഡിലേക്ക് കയറിവരുകയായിരുന്നു. എന്നാൽ സഞ്ജുവിന്റെ ജഡ്ജ്മെന്റ് അപ്പാടെ തെറ്റിച്ചുകൊണ്ട്, സ്റ്റോയ്നിസിന്റെ ബോൾ സഞ്ജുവിന്റെ സ്വകാര്യ ഭാഗത്തെ തട്ടുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Rate this post