മാർക്കോ ലെസ്കോവിച്ച് : “കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ കോട്ടയുടെ കാവൽക്കാരൻ “

ഏറെ കാലത്തിനു ശേഷം ആരാധകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തെടുത്തത്. കുറച്ചു സീസണുകൾക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകർ പ്ലെ ഓഫും കിരീടവുമെല്ലാം സ്വപനം കണാൻ തുടങ്ങുകയും ചെയ്തു. ഇന്നത്തെ മത്സരത്തിൽ പോയിന്റ് ടേബിളിൽ രണ്ടാമതുള്ള ഹൈദരാബാദിനെ പരാജയപ്പെടുത്തി ഒന്നാമതെത്തുക എന്ന ലക്ഷ്യമാണ് കേരള ടീമിനുളളത്.9 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ 14 പോയിന്റുകളുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടീം. ഈ സീസണിൽ ആദ്യ മത്സരത്തിൽ മോഹൻ ബഗാനോട് തോൽവി വഴങ്ങിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് അവസാന 8 മത്സരത്തിൽ പരാജയം അറിഞ്ഞിട്ടില്ല. തുടർന്നുള്ള 8 മത്സരങ്ങളിൽ നിന്ന് 3 വിജയങ്ങളും, 5 സമനിലകളുമാണ് നേടിയത്.

ബ്ലാസ്റ്റേഴ്സിന്റെ ഈ മുന്നേറ്റത്തിൽ വിദേശ താരങ്ങൾക്ക് വലിയ പങ്കാണുള്ളത്. മുന്നേറ്റത്തില്‍ വാസ്‌ക്വെസ് – ഡിയസ് ദ്വയവും മധ്യനിരയില്‍ അഡ്രിയാന്‍ ലൂണയും ഓരോ മത്സരത്തിലും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എന്നാൽ ഇവരുടെ ഒപ്പം നിൽക്കുന്ന പ്രകടനം നടത്തുന്ന താരമാണ് ക്രോയേഷ്യൻ ഡിഫൻഡർ മാർക്കോ ലെസ്കോവിച്ച്.മഞ്ഞപ്പടയുടെ പ്രതിരോധത്തിലെ നിര്‍ണായക സാന്നിധ്യം തന്നെയാണ് ക്രോയേഷ്യൻ.

ബോളിനെ കൃത്യമായി റീഡ് ചെയ്യാൻ ഉള്ള കഴിവ് മറ്റുള്ളവരിൽ നിന്ന് ലെസ്കൊവിച്ചിനെ വേറിട്ട് നിറുത്തുന്നു.കൂടാതെ ഡിഫൻസ് ലൈൻ അതേ പടി നിലനിർത്താൻ ലെസ്കൊ എടുക്കുന്ന മുൻകരുതൽ പ്രശംസനീയം ആണ്. ഏത് പന്തും ക്ലീൻ ആയി ടാക്കിൽ ചെയ്യാൻ ഉള്ള കഴിവും, സ്ലൈഡിങ് ടേക്കിൽ ചെയ്യാൻ ഉള്ള മിടുക്കും താരത്തിൻ്റെ ശക്തിയാണ്.ബ്ലാസ്‌റ്റേഴ്‌സിനായി ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ലെസ്‌കോവിച്ച് കളത്തിലുണ്ടായിരുന്നു. പന്ത് തിരികെ പിടിച്ചെടുക്കാനുള്ള കഴിവാണ് ലെസ്‌കോവിച്ചിനെ പ്രതിരോധത്തിലെ വിശ്വസ്തനാക്കുന്നത്.

ഡിനാമോ സാഗ്രെബിനൊപ്പം യൂറോപ്പാ ലീഗും ചാമ്പ്യൻസ് ലീഗ് യോഗ്യത മത്സരങ്ങളും കളിച്ച താരം ക്ലബ്ബിന് ഒപ്പം ക്രൊയേഷ്യയിലെ 150ലധികം ടോപ് ഡിവിഷൻ മത്സരങ്ങളും കളിച്ചിട്ടുണ്ട്.ക്രോയേഷൻ ക്ലബ്ബായ HNK റിജേകയോടൊപ്പം ക്രോയേഷൻ കപ്പും ക്രോയേഷൻ സൂപ്പർ കപ്പും നേടിയ ലെകൊവിച്ച് ഡിനാമോ സാഗ്രെബിനൊപ്പം ഈ രണ്ട് കിരീടങ്ങളും 2017 മുതൽ രണ്ട് സീസൺ തുടർച്ചയായി ക്രോയേഷയിലെ ടോപ് ഡിവിഷൻ ലീഗായ Prva HNL ഉം നേടിയിട്ടുണ്ട്.

ഒരു സെന്റർ ബാക്ക് എന്നതിലുപരി ലെഫ്റ്റ് ബാക്ക്, റൈറ്റ് ബാക്ക്, ഡിഫെൻസീവ് മിഡ്‌, അറ്റാക്കിങ് മിഡ്‌ എന്നീ റോളുകളിലും ഒരേ പോലെ കളിക്കാൻ സാധിക്കുന്ന താരമാണ് മാർക്കോ ലെസ്കോവിച്ച്.ക്രൊയേഷ്യക്ക് വേണ്ടി ദേശീയ തലത്തിൽ U18 മുതൽ U21 വരെയുള്ള എല്ലാ പ്രായവിഭാഗങ്ങളിൽ ഉൾപ്പെടുന്ന ടീമുകൾക്ക് വേണ്ടി ബൂട്ട് കെട്ടിയ ലെസ്കോവിച്ച് 2014ൽ അർജന്റീനക്കെതിരായ മത്സരത്തിൽ സീനിയർ തലത്തിൽ അരങ്ങേറ്റം കുറിച്ചു. അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം എസ്റ്റോണിയയ്‌ക്കെതിരായിരുന്നു.