❝2020 ൽ ഞാൻ ബാഴ്‌സയിൽ ചേരുന്നതിന് വളരെ അടുത്തെത്തിയിരുന്നു , മെസ്സിയുമായി സംസാരിക്കുകയും ചെയ്തു ❞ ; വെളിപ്പെടുത്തലുമായി അർജന്റീനിയൻ താരം

2018 ൽ അർജന്റീനിയൻ ക്ലബ് റേസിംഗ് നിന്ന് ഇന്ററിൽ ചേർന്നതിനുശേഷം യൂറോപ്യൻ ഫുട്ബോളിലെ മികച്ച യുവ സ്‌ട്രൈക്കർമാരിൽ ഒരാളായി ലൊട്ടാരോ മാറി. വരുന്ന സീസണിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ക്ലബ്ബുകൾ ആവശ്യപ്പെടുന്ന സ്‌ട്രൈക്കറാണ് മാർട്ടിനെസ്.കഴിഞ്ഞ വർഷത്തെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണയിലെത്തുമെന്ന് കരുതപ്പെട്ടിരുന്ന താരമാണ് അർജന്റീനയുടെ ലൗട്ടാരോ മാർട്ടിനസ്.

ഇറ്റാലിയൻ ക്ലബ്ബായ ഇന്റർമിലാന് വേണ്ടി കളിച്ചു കൊണ്ടിരുന്ന ലൗട്ടാരോയെ എന്ത് വില കൊടുത്തും ബാഴ്സലോണ ടീമിലെത്തിക്കുമെന്ന് വാർത്തകൾ വന്നെങ്കിലും ഈ നീക്കം പക്ഷേ നടന്നിരുന്നില്ല. ഇപ്പോളിതാ താൻ ബാഴ്സലോണയിലെത്താതിരുന്നതിന് കാരണം വെളിപ്പെടുത്തി ലൗട്ടാരോ മാർട്ടിനസ് തന്നെ രംഗത്തെത്തിയിയിരിക്കുന്നു.കഴിഞ്ഞ വർഷം താൻ ബാഴ്സലോണയിൽ ചേരുന്നതിന് അടുത്തെത്തിയിരുന്നുവെന്നാണ് ലൗട്ടാരോ മാർട്ടിനസ് പറയുന്നത്.

ഈ സമയത്ത് താൻ ബാഴ്സലോണ നായകനായ ലയണൽ മെസിയുമായി‌ സംസാരിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയ മാർട്ടിനസ്, എന്നാൽ ആ സമയത്ത് ബാഴ്സലോണ സാമ്പത്തികമായി കനത്ത പ്രതിസന്ധിയിലായിരുന്നുവെന്നും അതിനാൽ ഇന്റർ മിലാനിൽ തുടരാൻ താൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇ എസ് പി എന്നിനോട് സംസാരിക്കവെ കൂട്ടിച്ചേർത്തു.

അതേ സമയം നിലവിൽ ലോകത്തെ ഏറ്റവും മികച്ച യുവ മുന്നേറ്റ താരങ്ങളിലൊരാളായ ലൗട്ടാരോ മാർട്ടിനസ് 2020-21 സീസണിൽ ഇന്റർ മിലാനായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. സീസണിൽ ഇതു വരെ കളിച്ച 44 മത്സരങ്ങളിൽ 17 ഗോളുകളും, 9 അസിസ്റ്റുകളും സ്വന്തമാക്കിയ താരം ഇന്റർമിലാന്റെ സീരി എ കിരീട നേട്ടത്തിലും നിർണായക പങ്ക് വഹിച്ചു. ഇന്ററിലെ ആദ്യ മൂന്ന് സീസണുകളിലായി എല്ലാ മത്സരങ്ങളിലുമായി 128 മത്സരങ്ങളിൽ നിന്ന് 47 ഗോളുകൾ നേടി. റേസിംഗ് ക്ലബിൽ നിന്നാണ് മാർട്ടിനെസ് ഇന്ററിലെത്തുന്നത് . റേസിംഗ് യൂത്ത് ടീമിൽ ആയിരുന്നപ്പോൾ റയൽ മാഡ്രിഡ് രണ്ടുതവണ മാർട്ടിനെസിന്‌ വേണ്ടി ശ്രമം നടത്തിയിരുന്നു.