“അർജന്റീന യുവനിരയെ കളിപഠിപ്പിക്കാൻ ഇതിഹാസ താരമെത്തുന്നു”

മുൻ ബാഴ്സലോണ, ലിവർപൂൾ, വെസ്റ്റ് ഹാം മിഡ്ഫീൽഡർ ഹാവിയർ മഷറാനോ അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ പരിശീലകനായി അടുത്ത വർഷം ചുമതലയേൽക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) വ്യാഴാഴ്ച അറിയിച്ചു.മുൻ താരം ഫെർണാണ്ടോ ബാറ്റിസ്റ്റായായിരുന്നു അർജന്റൈൻ യുവനിരയുടെ പരിശീലകൻ. എന്നാൽ ഇദ്ദേഹം വെനസ്വേല ദേശീയ ടീം സഹപരിശീലകസ്ഥാനത്തേക്ക് നിയമിക്കപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഈ ഒഴിവിലേക്കാണ് 37-കാരനായ മഷറാനോ വരുന്നത്.

കഴിഞ്ഞ വർഷം നവംബറിൽ കളിക്കളത്തോട് മഷറാനോ വിടപറഞ്ഞിരുന്നു. പ്രതിരോധത്തിലും മധ്യനിരയിലും ദേശീയ ടീമിനായി 100-ലധികം മത്സരങ്ങൾ കളിച്ച മഷറാനോയുടെ ആദ്യ പരിശീലക ജോലിയാണിത്.റിവർ പ്ലേറ്റ്, കൊരിന്ത്യൻസ്, വെസ്റ്റ് ഹാം, എസ്റ്റുഡിയൻറ്സ് എന്നിവിടങ്ങളിൽ നീണ്ട കരിയറിന് ശേഷം, മഷറാനോ 2020 നവംബറിൽ വിരമിച്ചു.

അർജന്റീനിയൻ ക്ലബ് റിവർപ്ലേറ്റിനൊപ്പം കരിയർ ആരംഭിച്ച മഷെറാനോ 2006 ൽ വെസ്റ്റ് ഹാമിലെത്തി. പിന്നീട ലിവർപൂളിൽ എത്തിയ താരം 2006-07 ലെ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്‌സ് അപ്പ് ആയ ടീമിലും ഉണ്ടായിരുന്നു.റെഡ്‌സിന് വേണ്ടി 139 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും ഓര്മിക്കപെടുന്ന കാലഘട്ടം ബാഴ്സലോണയിലെതായിരുന്നു. അവർക്കായി 2010 നും 2018 നും ഇടയിൽ 334 മത്സരങ്ങൾ കളിക്കുകയും ചെയ്തു. അഞ്ച് ലാ ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗുകളും നേടി.

ഒളിമ്പിക് സ്വർണം രണ്ടുതവണ (ഏഥൻസ് 2004, ബീജിംഗ് 2008) നേടുന്ന ഏക അർജന്റീനിയൻ താരമാണ് മഷെറാനോ .ജർമ്മനി 2006, ദക്ഷിണാഫ്രിക്ക 2010, ബ്രസീൽ 2014 (അർജന്റീന ജർമ്മനിയോട് തോറ്റ് റണ്ണേഴ്‌സ്-അപ്പായി), റഷ്യ 2018 എന്നീ നാല് ലോകകപ്പുകളിലും അദ്ദേഹം കളിച്ചു.15 വർഷത്തിനിടെ അർജന്റീന ദേശീയ ടീമിനായി 147 മത്സരങ്ങൾ കളിച്ചു.