“സഞ്ജുവിന്റെ രക്ഷകനായ അരങ്ങേറ്റകാരൻ കുൽദീപ് സെൻ” |IPL 2022

ഞായറാഴ്ച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ രാജസ്ഥാൻ റോയൽസ് 3 റൺസ് ജയം നേടി. ബാറ്റിംഗിൽ റോയൽസിന് വേണ്ടി അർദ്ധസെഞ്ച്വറി പ്രകടനവുമായി ഷിംറോൻ ഹെറ്റ്മയർ (59*) തിളങ്ങിയപ്പോൾ, ബൗളിങ്ങിൽ 4 വിക്കറ്റ് നേട്ടവുമായി സ്പിന്നർ യുസ്വേന്ദ്ര ചാഹലും 2 വിക്കറ്റുമായി ട്രെന്റ് ബോൾട്ടും തിളങ്ങി.

എന്നാൽ, മത്സരത്തിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത് അവസാന ഓവറിൽ മത്സരം റോയൽസിന്റെ വരുതിയിൽ ആക്കിയത് ഐപിഎല്ലിലെ അരങ്ങേറ്റക്കാരനായ പേസർ കുൽദീപ് സെൻ ആണ്. അവസാന ഓവറിൽ എൽഎസ്ജിക്ക് ജയിക്കാൻ 15 റൺസ് വേണമെന്നിരിക്കെ, എൽഎസ്ജിയുടെ വെടിക്കെട്ട് ബാറ്റർ മാർക്കസ് സ്റ്റോയ്നിസിനെ തളക്കാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ആത്മവിശ്വാസത്തോടെ പന്തേൽപ്പിച്ചത് കുൽദീപ് സെന്നിന്റെ കൈകളിലാണ്.

ആ വിശ്വാസം സംരക്ഷിച്ച സെൻ, അവസാന ഓവറിൽ സ്റ്റോയ്നിസിനെതിരെ 3 ഡോട്ട് ബോൾ എറിഞ്ഞാണ് റോയൽസിന്റെ ജയം ഉറപ്പിച്ചത്. ഐപിഎൽ 2022 മെഗാ ലേലത്തിൽ നിന്ന് 20 ലക്ഷം രൂപയ്ക്കാണ് യുവ വലംകൈ ഫാസ്റ്റ് ബൗളറെ ആർആർ സ്വന്തമാക്കിയത്. 2019-ൽ മുംബൈയ്‌ക്കെതിരെ ടി20 അരങ്ങേറ്റം കുറിച്ച 25-കാരൻ, ആഭ്യന്തര ക്രിക്കറ്റിൽ മധ്യപ്രദേശ് സംസ്ഥാന ടീമിന്റെ താരമാണ്.

ആഭ്യന്തര ക്രിക്കറ്റിലെ മികച്ച ബൗളിംഗ് പ്രകടനമാണ് കുൽദീപ് സെന്നിന് ഐപിഎല്ലിലേക്കുള്ള പാത ഒരുക്കിയത്. ഇതുവരെ 18 ടി20 മത്സരങ്ങൾ കളിച്ച സെൻ, 8.20 ഇക്കണോമിയിൽ 12 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. വിക്കറ്റ് വേട്ടക്ക് പുറമെ വേഗതയുടെ കാര്യത്തിലും സെന്നിന്റെ പ്രകടനം ശ്രദ്ധേയമാണ്. അരങ്ങേറ്റ ഐപിഎൽ മത്സരത്തിൽ ശരാശരി 140 കിമി വേഗതയിലാണ് കുൽദീപ് സെൻ പന്തെറിഞ്ഞത്. ഡെത്ത് ഓവർ സ്പെഷ്യലിസ്റ്റിനെ കണ്ടെത്താനുള്ള റോയൽസിന്റെ കാത്തിരിപ്പ് കുൽദീപ് സെന്നിൽ അവസാനിച്ചോ എന്ന് അടുത്ത മത്സരങ്ങളിൽ വ്യക്തമാവും.