“എനിക്കു വേണ്ടത് വിജയങ്ങൾ നേടുമെന്നുറപ്പുള്ള പ്രൊജക്റ്റ്”; ഭാവിയെക്കുറിച്ചുള്ള പ്രധാന സൂചന നൽകി കൈലിയൻ‌ എം‌ബാപ്പെ

പിഎസ്ജി യുടെ ഫ്രഞ്ച് താരം കൈലിയൻ എംബപ്പേക്ക് ഈ സീസൺ അത്ര മികച്ചതായിരുന്നില്ല. ഏറെ ആഗ്രഹിച്ച ചാമ്പ്യൻസ് ലീഗ് കിരീട നേടാൻ സാധിക്കാത്തതും , വര്ഷങ്ങളായി കൈവശം വെച്ചിരുന്ന ഫ്രഞ്ച് ലീഗ് ലില്ലിക്ക് മുന്നിൽ അടിയറവു വെച്ചത് കൊണ്ടും പ്രധാന കിരീടങ്ങൾ ഒന്നും നേടാതെയാണ് ഫ്രഞ്ച് താരം സീസൺ അവസാനിപ്പിച്ചത്. അതിനിടയിൽ അടുത്ത സീസണിലെ തന്റെ ഭാവിയെക്കുറിച്ച് പ്രധാന സൂചന നൽകി കഴിഞ്ഞു.വിജയങ്ങൾ നേടാൻ കഴിയുമെന്നുറപ്പുള്ള ഒരു പ്രൊജക്റ്റാണ് തനിക്കു വേണ്ടതെന്നു താരം വ്യക്തമാക്കിയിരിക്കുയാണ്.

കഴിഞ്ഞ നാല് വർഷമായി പാരീസ് സെന്റ് ജെർമെയ്നിന്റെ ഭാഗമായ ഫ്രഞ്ച് താരം ക്ലബുമായി ‘അഗാധമായി ബന്ധപ്പെട്ടിരിക്കുന്നു’ എന്ന് അടുത്തിടെ പറഞ്ഞിരുന്നു.ഒരു വർഷം മാത്രം കരാറിൽ ബാക്കി നിൽക്കെ ഈ സമ്മറിൽ റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇതിനിടയിലും ക്ലബ്ബുമായി ചർച്ചകൾ ആരംഭിക്കുമെന്നും എംബപ്പേ വ്യക്തമാക്കി. ക്ലബിനെയും രാജ്യത്തിനാണ് വളരെ കുറച്ച് സമയത്തിനുള്ളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് 22 കാരൻ.

“ഞാൻ ക്ലബുമായി എത്രമാത്രം അഗാധമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എല്ലാവർക്കും അറിയാം. എന്റെ വ്യത്യസ്ത പരിശീലകരോടും പ്രസിഡന്റിനോടും ഞാൻ എല്ലായ്പ്പോഴും വളരെ നന്ദിയുള്ളവനാണ്. എനിക്കു വേണ്ടത് വിജയങ്ങളാണ്. എനിക്കതു നേടാൻ കഴിയുമെന്ന് ഉറപ്പിച്ചു പറയാൻ കഴിയുന്ന ഒരിടമാണ് വേണ്ടത്. ഒരു മികച്ച സ്പോർട്ടിങ് പ്രൊജക്റ്റ് എനിക്കു ചുറ്റും അത്യാവശ്യമാണ്. ഞാൻ എന്തെങ്കിലും ചെയ്യാൻ പോകുന്ന ഒരു ടീമിന്റെ ഭാഗമാണെന്ന് എനിക്ക് തോന്നുന്നുണ്ട്”. എംബപ്പെ കനാൽ പ്ലസിനോട് പറഞ്ഞു.

“ഈ നഗരം, ഈ രാജ്യം എന്നിവയുമായുള്ള എന്റെ ബന്ധം ക്ലബിന് അറിയാം.ക്ലബുമായി ഞാൻ ചർച്ചകൾ നടത്തുന്നുണ്ട്, എന്തു സംഭവിക്കുമെന്നത് നമുക്ക് കണ്ടറിയാം. എന്തു തന്നെ സംഭവിച്ചാലും ഞാനിവിടെ ചിലവഴിച്ച വർഷങ്ങളിൽ എനിക്ക് സന്തോഷമുണ്ട്.” എംബപ്പേ കൂട്ടിച്ചേർത്തു.അടുത്ത സീസണിൽ പാരിസിൽ തന്നെ തുടരുന്നതിന്റെ സൂചനയും പലരും ഇതിനെ കാണുന്നുണ്ട്. ഇ സീസണിൽ കിരീടം നഷ്ടപ്പെട്ടാലും ഭാവിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രഞ്ച് ലീഗ് കിരീടം നേടാൻ പിഎസ്‌ജി പരാജയപ്പെട്ടത് എംബാപ്പെ ക്ലബ് വിടാനുള്ള സാധ്യതകളെ സജീവമാക്കിയിട്ടുണ്ട്.എംബാപ്പയെ ടീമിലെത്തിക്കാൻ റയലിനു വളരെയധികം താൽപര്യമുണ്ടെങ്കിലും താരത്തിന്റെ ട്രാൻസ്‌ഫർ ഫീസാണ് അതിനു വിലങ്ങു തടിയാകുന്നത്. കഴിഞ്ഞ സീസണിലെ എല്ലാ മത്സരങ്ങളിലുമായി 47 മത്സരങ്ങളിൽ നിന്ന് പി‌എസ്‌ജിക്കായി 42 ഗോളുകൾ നേടിയ എംബപ്പേ 27 ഗോളുമായി ലീഗിലെ ടോപ് സ്‌കോറർ പദവിയും സ്വന്തമാക്കി. എംബാപ്പയുടെ തുടർച്ചയായ മൂന്നാം ഗോൾഡൻ ബൂട്ടണിത്.