‘എംബാപ്പയാണ് ലോകത്തിലെ മികച്ചതാരം’ , ലോകകപ്പ് ഫൈനലിൽ അദ്ദേഹം അത് തെളിയിക്കുമെന്ന് ഫ്രഞ്ച് താരം |Qatar 2022

മൊറോക്കോയെ കീഴടക്കി ലോകകപ്പ് ഫൈനലിലെത്തിയ ഫ്രഞ്ച് ടീമിന് എതിരാളികൾ അർജന്റീനയാണ്. ഫ്രാൻസും അർജന്റീനയും തമ്മിലുള്ള പോരാട്ടം എന്നതിൽ ഉപരിയായി ലോകത്തിലെ ഏറ്റവും മികച്ച താരമെന്നു വളരെക്കാലമായി തെളിയിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസിയും താരത്തിന്റെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്തു തുടങ്ങിയ യുവതാരം കിലിയൻ എംബാപ്പയും തമ്മിലുള്ള പോരാട്ടം കൂടിയാണ് ഞായറാഴ്‌ച നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനൽ. രണ്ടു താരങ്ങളും ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്നുമുണ്ട്.

ഇന്നലെ നടന്ന സെമി ഫൈനൽ പോരാട്ടം അവസാനിച്ചതോടെ ഇതേക്കുറിച്ച് ഫ്രഞ്ച് മധ്യനിര താരം ചുവാമേനി സംസാരിക്കുകയുണ്ടായി. റയൽ മാഡ്രിഡിനു വേണ്ടി കളിക്കുന്ന താരത്തെ സംബന്ധിച്ച് എംബാപ്പെ തന്നെയാണ് ലോകത്തിലെ മികച്ച താരം. ഇത് വെളിപ്പെടുത്തിയതിനൊപ്പം മെസ്സിക്കും അർജന്റീനക്കൊരു മുന്നറിയിപ്പു കൂടി താരം നൽകി. “എന്നെ സംബന്ധിച്ച് എംബാപ്പയാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ താരം അത് തെളിയിക്കുമെന്നാണ് ഞാൻ കരുതുന്നതും. ഞങ്ങൾക്ക് ഫൈനൽ മത്സരം വിജയിക്കുകയും കിരീടം നേടുകയും വേണം. മെസ്സിയെ ഡിഫൻഡ് ചെയ്യുക എന്നുള്ളത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ ഈ മത്സരം എങ്ങനെ വിജയിക്കാം എന്നുള്ളതിന് ഞങ്ങൾക്ക് പ്ലാനുകൾ ഉണ്ട്” റയൽ മാഡ്രിഡ് താരം പറഞ്ഞു.

രണ്ടു താരങ്ങളും അവരുടെ ടീമിനു ലോകകപ്പിൽ മുന്നേറ്റമുണ്ടാക്കാൻ നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. ലയണൽ മെസി ടൂർണമെന്റിൽ അഞ്ചു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയപ്പോൾ അതിനൊപ്പം തന്നെ എംബാപ്പയുമുണ്ട്. അഞ്ചു ഗോളുകൾ നേടിയ താരം രണ്ടു ഗോളുകൾക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിന്റെ കിരീടനേട്ടത്തിൽ നിർണായകമായ പങ്കു വഹിച്ച എംബാപ്പെ ഇത്തവണയും അതാവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഫൈനൽ ലോകകപ്പ് ഗോൾഡൻ ബൂട്ട് നേടാനുള്ള പോരാട്ടം കൂടിയാണ്.

അർജന്റീനയെ സംബന്ധിച്ച് ഫ്രാൻസിനോട് തീർക്കാൻ ചില കണക്കുകൾ കൂടി ബാക്കിയുണ്ട്. കഴിഞ്ഞ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഫ്രാൻസാണ് അർജന്റീനയെ കീഴടക്കിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മുന്നിൽ നിന്നിരുന്ന അർജന്റീനയെ പിന്നീട് മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ഫ്രാൻസ് കീഴടക്കിയത്. കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ വിറപ്പിച്ച ഒരേയൊരു ടീം അർജന്റീനയാണെങ്കിലും ഇത്തവണ അവർ കൂടുതൽ കരുതരായാണ് ഫൈനലിൽ എത്തുന്നതെന്നത് അർജന്റീനക്ക് വലിയ വെല്ലുവിളിയാണ്.

Rate this post