❝ നിനക്ക് 🤦‍♂️💔 അവസരങ്ങൾ ഇല്ല. ഇനി
നീ ⚽🚫 കളിക്കണ്ട, വേറെ ജോലിക്ക്
പോകുന്നതായിരിക്കും നല്ലത് ❞

”ട്രാന്‍സ്ഫര്‍ വിന്‍ഡോയുടെ അവസാന ദിവസമാണിന്ന്. എന്നോട് ക്ഷമിക്കുക, നിനക്ക് ഒരു ക്ലബ്ബ് കണ്ടെത്താന്‍ എനിക്ക് സാധിക്കില്ല.ഇക്കാരണത്താല്‍ ഒരു ക്ലബ്ബുമായും നിലവില്‍ താങ്കള്‍ക്ക് കോണ്‍ട്രാക്ട് സെെന്‍ ചെയ്യാന്‍ സാധിക്കില്ല മെന്‍ഡി. അതിനാല്‍ തന്നെ ഒരു ജോലിക്ക് നിങ്ങള്‍ ശ്രമിക്കണം. നന്നായി ട്രെയ്ന്‍ ചെയ്യണം”.തന്‍റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിച്ച് നില്‍ക്കുന്ന എഡൊവാര്‍ഡ് മെന്‍ഡിക്കും ഭാര്യക്കും അതൊരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. ജോലിയില്ലാതെ നിന്ന എഡൊവാര്‍ഡിനോട് നോര്‍മാന്‍ഡിയിലെ ലെ ഹവ്രെ സിറ്റിയില്‍ തുണിക്കട നടത്തിയിരുന്ന മെന്‍ഡിയുടെ സുഹൃത്ത് തന്‍റെ വ്യാപാരം ഏറ്റെടുത്ത് നടത്തിക്കോളൂ എന്നൊരു ഓഫര്‍ നല്‍കി.താനേറ്റവുമധികം വിശ്വാസം അര്‍പ്പിച്ചിരുന്ന ഏജന്‍റ് ഇംഗ്ലണ്ടിലെ ഒരു ക്ലബ്ബില്‍ സ്ഥാനം നേടിത്തരാം എന്ന ഒരുറപ്പ് മെന്‍ഡിക്ക് നല്‍കിയിരുന്നു. ആ വ്യക്തിയാണ് ഇപ്പോള്‍ തന്നെ കയ്യൊഴിഞ്ഞത്.

ഗിനിയ ബിസ്സാവുവില്‍ നിന്നുള്ള പിതാവിനും സെനഗലില്‍ നിന്നുള്ള മാതാവിനും 1992 മാര്‍ച്ച് ഒന്നിന് പിറന്ന കുഞ്ഞിനെ അവര്‍ എഡൊവാര്‍ഡ് എന്ന് നാമാകരണം ചെയ്തു. നോര്‍ത്തേണ്‍ ഫ്രാന്‍സിലെ മോണ്‍ഡിവില്ലിയേഴ്സിലായിരുന്നു മെന്‍ഡിയുടെ ജനനം.ഫ്രാന്‍സില്‍ തന്‍റെ സഹോദരങ്ങള്‍ ക്കൊപ്പമായിരുന്നു തന്‍റെ ചെറുപ്പകാലം മെന്‍ഡി ചിലവഴിച്ചത്. കുടിയേറ്റക്കാരായ മാതാപിതാക്കള്‍ മെന്‍ഡിയെ ദാരിദ്ര്യമെന്താണെന്ന് അറിയിച്ചിട്ടില്ല. ഏത് പാത തങ്ങളുടെ മകന്‍ തിരഞ്ഞെടുത്താലും അവനെ പ്രോത്സാഹിട്ടിക്കാന്‍ ഇരുവരും തയ്യാറായിരുന്നു.നന്നേ ചെറുപ്പം മുതല്‍ക്കെ ഫുട്ബോളിനെ പ്രണയിച്ച എഡൊവാര്‍ഡ് വലുതാകുമ്പോള്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോളറാകണം എന്ന് സ്വപ്നം കണ്ടിരുന്നു.

ഏഴാം വയസ്സില്‍ ലെ ഹവ്റെ കൗക്രിയാവിലെ ഫുട്ബോള്‍ ക്ലബ്ബിലാണ് തന്‍റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കാരമാക്കാനുള്ള അടവുകള്‍ ആദ്യമായി മെന്‍ഡി സ്വായത്തമാക്കുന്നത്.ഫാബ്രിയാന്‍ ബാര്‍ത്തെസിനെ ഹീറോയായി കണ്ട മെന്‍ഡി പിന്നീട് ലെ ഹാവ്രെ അത്ലെറ്റിക് ക്ലബ്ബില്‍ ചേര്‍ന്ന് ഗോള്‍ കീപ്പിങ്ങില്‍ വെെദഗ്ദ്യം നേടിയെടുക്കാന്‍ ശ്രമം തുടങ്ങി.മികച്ച പെര്‍ഫോമന്‍സ് മെന്‍ഡി നടത്തിയിരുന്നെങ്കിലും ക്ലബ്ബിന്‍റെ ആദ്യ ചോയ്സ് സക്കരീ ബൗച്ചര്‍ എന്ന പ്രതിഭാശാലിയായ കീപ്പറായിരുന്നു. അങ്ങിനെ മെന്‍ഡിക്ക് സി എസ് മുനിസിപ്പോക്സ് എന്ന ക്ലബ്ബിലേക്ക് ചേക്കേറേണ്ടി വന്നു.

പിന്നീട് എ എസ് ഷേര്‍ബര്‍ഗിനായി തന്‍റെ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയ മെന്‍ഡിയ്ക്ക് ആവശ്യത്തിന് പ്ലെയിംഗ് ടെെം കൊടുക്കാന്‍ ക്ലബ്ബിന് സാധിച്ചില്ല. 2014 ല്‍ ക്ലബ്ബുമായുള്ള കോണ്‍ട്രാക്ട് തീര്‍ന്ന മെന്‍ഡിക്ക് ഫ്രാന്‍സ് വിട്ട് മറ്റൊരു ക്ലബ്ബില്‍ ചേക്കേറണമെന്നൊരു മോഹം ഉണ്ടായിരുന്നു. ഇംഗ്ലണ്ടില്‍ ഒരു ക്ലബ്ബ് തനിക്ക് അവസരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയ ഏജന്‍റ് അന്നാണ് മെന്‍ഡിയെ കെെവിടുന്നത്. ഇരുപത്തി രണ്ടാം വയസ്സില്‍ മെന്‍ഡി അങ്ങനെ തൊഴില്‍ രഹിതനായി. പോരാടാനുറച്ച മെന്‍ഡി തന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്കുള്ള പ്രയാണം ലെ ഹാവ്രെയില്‍ നിന്നും പുനരാരംഭിച്ചു. ശമ്പളം പോലുമില്ലാതെ അദ്ദേഹം ഒരു വര്‍ഷം അവിടെ നിന്ന് ട്രെയ്ന്‍ ചെയ്തു.

ലോണടിസ്ഥാനത്തില്‍ പുറത്തേക്ക് പോയ ബ്രെെസ് സാമ്പയ്ക്കും ജൂലിയന്‍ ഫാബ്രിക്കും പകരക്കാരനെ മാഴ്സെ തിരയുന്ന വിവരം അറിഞ്ഞ മെന്‍ഡി ക്ലബ്ബിന്‍റെ ട്രയല്‍സില്‍ പങ്കെടുത്തു. ഒടുവില്‍ ടീമിന്‍റെ നാലാം ഗോള്‍കീപ്പറായി.ഫ്ലോറിയാന്‍ എസ്കേല്‍സ് എന്ന കരുത്തനായ പോരാളിയായിരുന്നു അവരുടെ ഫസ്റ്റ് കീപ്പര്‍. അവിടെ കഠിന പരിശ്രമം തന്നെ നടത്തി മെന്‍ഡി. അബു ദിയാബിക്കും, ലസാന്നാ ഡിയറായ്ക്കും ഒപ്പം ട്രെയ്ന്‍ ചെയ്ത് കൂടുതല്‍ പ്ലെയിംഗ് ടെെമിനായി താരം റെയിംസിലേക്ക് ചേക്കേറി.


തന്‍റെ മാഴ്സയില്‍ ചേരാനുള്ള തീരുമാനത്തെ പലരും വമര്‍ശിച്ചപ്പോഴും, ഒരു തൊഴില്‍ രഹിതന്‍ എന്ന നിലയില്‍ നിന്നും മാഴ്സെ പോലുള്ള ക്ലബ്ബിലേക്കുള്ള യാത്ര മെന്‍ഡിക്ക് വലിയൊരു നേട്ടമായി തോന്നിയിരുന്നു.ഇനിയാണ് മെന്‍ഡിയിലെ പോരാളി ഉണരുന്ന കാഴ്ച്ച ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിക്കുന്നത്. അതുവരെ താന്‍ സ്വായത്തമാക്കിയ അടവുകളെല്ലാം പയറ്റിയ മെന്‍ഡി 2017-18 സീസണില്‍ റെയിംസിലെ ഫസ്റ്റ് ചോയ്സ് കീപ്പറായി മാറി. റെന്‍സിലേക്ക് മാറുമ്പോള്‍ ലീഗ് 1 ലേക്ക് റെയിംസിനെ പ്രമോട്ട് ചെയ്യാന്‍ എഡൊവാര്‍ഡിന് സാധിച്ചിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷെര്‍ബെര്‍ഗ് വിശ്വസിക്കാതിരുന്ന, ഫ്രാന്‍സിലെയോ, ഇംഗ്ലണ്ടിലെയോ ക്ലബ്ബുകള്‍ വിശ്വസിക്കാതിരുന്ന എഡൊവാര്‍ഡ് മെന്‍ഡിയുടെ ഇതിഹാസത്തിലെ ടേണിംഗ് പോയിന്‍റ് അന്ന് റെന്‍സില്‍ വെച്ചായിരുന്നു.ലീഗ് 1 ല്‍ മൂന്നാം സ്ഥാനം റെന്‍സിന് നേടിക്കൊടുത്ത മെന്‍ഡിയെ റെയിംസില്‍ നിന്ന് അന്നവര്‍ സെെന്‍ ചെയ്തത് വെറും നാല് മില്ല്യണ്‍ പൗണ്ടിന്.ക്ലബ്ബിനെ ലീഗില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കാന്‍ മെന്‍ഡി എടുത്ത പരിശ്രമം കാട്ടു തീ പോലെ യൂറോപ്പെങ്ങും പടര്‍ന്നു. തത്ഫലമായി ചെല്‍സിയുടെ ലെജന്‍റും ടെക്നിക്കല്‍ ആന്‍റ് പെര്‍ഫോമന്‍സ് അഡ്വവെെസറുമായ പീറ്റര്‍ ചെക്കിന്‍റെ താത്പര്യ പ്രകാരം മെന്‍ഡിയെ ചെല്‍സി റെന്‍സില്‍ നിന്നും സെെന്‍ ചെയ്തു. മുടക്കിയതിന്‍റെ ആറിരട്ടിയാണ് ചെല്‍സിയില്‍ നിന്നും റെന്‍സ് നേടിയെടുത്തത്.

22 മില്ല്യണ്‍ പൗണ്ടിന് ചെല്‍സിയിലെത്തിയ മെന്‍ഡിയുടെ അരങ്ങേറ്റം കരബാവോ കപ്പിലെ ടോട്ടനത്തിനെതിരായ തോല്‍വിയോടെ ആയിരുന്നു. കളിയിലുടനീളം മികവ് പുലര്‍ത്തിയ താരത്തിന് പക്ഷെ അഞ്ച് പെനാല്‍ട്ടികകളില്‍ ഒന്ന് പോലും തടയാനായിരുന്നില്ല.എന്നാല്‍ പിന്നീടങ്ങോട് മെന്‍ഡിയുടെ ചിറകിലേറി ചെല്‍സി കുതിക്കുന്ന കഴ്ച്ചയാണ് ഫുട്ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.പ്രീമിയര്‍ ലീഗില്‍ പതിനാറ് ക്ലീന്‍ഷീറ്റുകളുമായി എഡേഴ്സണ് പിന്നില്‍ രണ്ടാം സ്ഥാനത്താണ് മെന്‍ഡി ലീഗ് അവസാനിപ്പിച്ചത്. ലോങ് പാസ്സ് കംപ്ലീറ്റ് റേറ്റില്‍ ഒന്നാം സ്ഥാനവും (47.4%).

ചാംപ്യന്‍സ് ലീഗിന്‍റെ അരങ്ങേറ്റ സീസണില്‍ ഏറ്റവുമധികം ക്ലീന്‍ഷീറ്റ് നേടിയെടുത്ത ഗോള്‍ കീപ്പര്‍ എന്ന നേട്ടം സ്വന്തമാക്കിയ എഡൊവാര്‍ഡ് ഒറ്റ ചാംപ്യന്‍സ് ലീഗ് ക്യാമ്പയ്നില്‍ ഒമ്പത് ക്ലീന്‍ഷീറ്റ് നേടിയെടുത്ത സാന്‍റിയാഗോ കനിസേറസ്, കെയലോര്‍ നവാസ് എന്നിവര്‍ക്കൊപ്പം ലിസ്റ്റില്‍ ഇടംപിടിച്ചു.90.6 ശതമാനമാണ് മെന്‍ഡിയുടെ ചാംപ്യന്‍സ് ലീഗിലെ സേവ് പേഴ്സന്‍റേജ്. ഒടുവില്‍ ചാംപ്യന്‍സ് ലീഗ് ഫെെനലില്‍ 1985 ന് ശേഷം കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ എന്ന നേട്ടവും സ്വന്തം പേരിലാക്കിയാണ് എഡൊവാര്‍ഡ് സീസണ്‍ അവസാനിപ്പിച്ചത്.സ്വന്തം ഏജന്‍റ് പോലും ഉപേക്ഷിച്ച് പോയിടത്തു നിന്നും ചാംപ്യന്‍സ് ലീഗ് മുത്തമിട്ട് മെന്‍ഡി രചിച്ചത് പരിശ്രമത്തിന്‍റെയും, പോരാട്ട വീര്യത്തിന്‍റെയും ഇതിഹാസമാണ്.

എഴുതിയത് © Shihab Kochi