❝🔵🔴 ബാഴ്‌സലോണയിൽ🐐⚽മെസ്സിയുടെ ഭാവി! കരാർ
✍️💰💰പുതുക്കാൻ 👑😍മെസ്സി മുന്നോട്ട് വെച്ച
വ്യവസ്ഥകളുടെ റിപ്പോർട്ട് ❞

ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയം ഇപ്പോൾ ലയണൽ മെസ്സി ബാർസ വിടുന്നതു സംബന്ധിച്ചാണ്. 2020-21 സീസൺ അവസാനിക്കുന്നതോടെ ബാർസയുമായി താരത്തിൻ്റെ കരാർ അവസാനിക്കും. കരാർ അവസാനിക്കാനിരിക്കെ ക്ലബ്ബുമായി ചർച്ചക്ക് ഇരിക്കുമ്പോൾ താരം കരുതലോടെ ആവും കരുക്കൾ നീക്കുക. ഇന്നലെ ലാ ലീഗയിൽ ഇരട്ട ഗോളുകൾ നേടി മികച്ച ഫോമിലുള്ള മെസ്സി സാവിയുടെ റെക്കോർഡിനൊപ്പമെത്തുകയും ചെയ്തിരുന്നു.

മെസ്സിയെ ക്ലബ്ബിൽ നിലനിർത്തുമെന്ന വാഗ്ദാനവുമായി ചുമതലയേറ്റ പുതിയ പ്രസിഡൻ്റ് ജോൺ ലപ്പോർട്ട താരവുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. മുൻ പ്രസിഡൻ്റ് ജോസഫ് ബാർത്തോമ്യുയുമായി മെസ്സി അത്ര രസത്തിൽ ആയിരുന്നില്ല. അഴിമതി ആരോപണങ്ങളും ക്ലബ്ബിൻ്റെ നടത്തിപ്പിൽ വരുത്തിയ വീഴ്ചകളും പിന്നെ മെസ്സി ബാർസ വിടുമെന്ന് പ്രഖ്യാപിച്ചതും ബാർത്തോമ്യുവിന് പ്രസിഡൻ്റ് സ്ഥാനം നഷ്ടപ്പെടാൻ കാരണമായി. ബാർത്തോമ്യു പോയതോടെ മെസ്സി ബാർസയിൽ തുടരുമെന്ന് തോന്നിച്ചെങ്കിലും താരം തൻ്റെ നിലപാടിൽ മാറ്റം വരുത്തിയില്ല.

ബാർത്തോമ്യുവിൻ്റെ ഒഴിവിലേക്ക് വന്ന ലാപ്പോർട്ടക്ക് മെസ്സിയുമായി നല്ല ബന്ധമാണുള്ളത്. ലാപ്പോർട്ട ബാർസ പ്രസിഡൻ്റ് ആയി ഇരിക്കുന്ന കാലത്താണ് മെസ്സിയും ബാർസയും കരാറിലെത്തുന്നത്. ഇതൊരു അനുകൂല ഘടകം ആയേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ ചർച്ചക്കിരിക്കുമ്പോൾ മുന്നോട്ടുവെക്കാൻ വ്യക്തമായ പദ്ധതിയാണ് മെസിയുടെ കൈവശമുള്ളതെന്നും അവ നടപ്പിലാക്കുമെന്ന് ലാപോർട്ട തെളിവു സഹിതം ഉറപ്പു നൽകിയാൽ മാത്രമേ കരാർ പുതുക്കുന്നതിനെപ്പറ്റി താരം ആലോചിക്കുകയുള്ളൂവെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെസ്സിയുടെ പിതാവ് ലപോർട്ടയുമായി ചർച്ചകൾ നടത്തുമെന്ന റിപ്പോർട്ടുകളും കഴിഞ്ഞ ദിവസം മാർക്കയടക്കമുള്ള സ്പാനിഷ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.ബാഴ്‌സ വിടുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി തുടങ്ങിയ വൻകിട ക്ലബ്ബുകൾ രംഗത്തുണ്ട്. ഇതിൽ പി.എസ്. ജിയുമായി താരം കരാർ ഒപ്പിടുന്നതിന് വളരെ അടുതെത്തിയിട്ടുണ്ട് എന്നാണ് അഭ്യൂഹം.

ലാലിഗ കിരീടം നേടുന്നുണ്ടെങ്കിലും ചാമ്പ്യൻസ് ലീഗ് പോലെ ഒരു വലിയ ലീഗിൽ ബാർസക്ക് തങ്ങളുടെ കരുത്ത് തെളിയിക്കാൻ കുറച്ച് കാലങ്ങളായി പറ്റുന്നില്ല. ഈ വർഷത്തെ ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്വാർട്ടർ പോലും കാണാതെ പുറത്താവുകയും ചെയ്തു. ചാമ്പ്യൻസ് ലീഗ് അടക്കമുള്ള വലിയ ട്രോഫികൾ നേടാൻ കഴിയുന്ന വിധത്തിൽ ടീമിനെ അഴിച്ചുപണിയണം എന്നതാണ് മെസി ക്ലബ്ബിനോട് ആവശ്യപ്പെടുന്ന പ്രധാന കാര്യം. ടീം ദുർബലമായ വിഭാഗങ്ങളിലേക്ക് നിലവാരമുള്ള കളിക്കാരെ വാങ്ങണം. എന്നാൽ, കടബാധ്യതകളിലും സാമ്പത്തിക പ്രതിസന്ധിയിലും അകപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിൽ പുതിയ പ്രസിഡന്റിന് അക്കാര്യത്തിൽ ഉറപ്പുനൽകാൻ കഴിയുമോ എന്ന കാര്യത്തിലാണ് സംശയം നിലനിൽക്കുന്നത്.

സുവാരസിനെ അത്‌ലറ്റിക്കോ മാഡ്രിഡിന് വിറ്റതിന് ശേഷം യോജിച്ച പകരക്കാരനെ കണ്ടെത്താൻ ബാർസയ്ക്കു കഴിഞ്ഞിട്ടില്ല. മെസ്സിയുടെ ദേശീയ ടീമിലെ കളിക്കാരനായ മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ ആഗ്വേറോയെ ടീമിലെത്തിക്കാനും ബാർസ ശ്രമങ്ങൾ നടത്തുന്നുണ്ട്. സുഹൃത്തായ അഗ്വേറോയെ എത്തിച്ചാൽ മെസ്സിയെ ക്ലബ്ബിൽ തുടരാൻ പ്രേരിപ്പിക്കുമെന്ന് മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു. പക്ഷേ താരത്തെ വിട്ടുകൊടുക്കാൻ സിറ്റി ആവശ്യപ്പെടുന്ന തുക നൽകാൻ ബാർസയ്ക്ക് ആവില്ല എന്നാണ് വിപണിയിൽ പൊതുവേ ഉള്ള വിലയിരുത്തൽ.

മെസി ക്ലബ്ബ് വിട്ടാൽ ഉണ്ടാവുന്ന ഭീമമായ വരുമാന നഷ്ടം കണക്കിലെടുത്താണ് താരത്തെ എങ്ങനെയും നിലനിർത്താൻ ലാപോർട്ടയുടെ കീഴിലുള്ള മാനേജ്‌മെന്റ് ശ്രമിക്കുന്നത്. അതേസമയം, മെസ്സിയെ ആകർഷിക്കാനുള്ള കൂടുതൽ മികച്ച സ്‌പോർട്ടിങ് പ്രൊജക്ടാണ് മാഞ്ചസ്റ്റർ സിറ്റിയുടെ കൈവശമുള്ളത്. പി എസ് ജിയും ശക്തമായ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട് എന്നാണ് അണിയറ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പി എസ് ജിയിൽ നെയ്മറുടെ സാന്നിധ്യവും മെസ്സിയുടെ കൂടുമാറ്റത്തിന് സാധ്യത കൂട്ടുന്നു. ഒരു മാസത്തിനുള്ളിൽ മെസ്സിയും പിതാവ് ജോർജുമായി ലാപോർട്ട ചർച്ച നടത്തുമെന്നാണറിയുന്നത്. ചർച്ച പരാജയപ്പെട്ടാൽ ഫുട്ബോൾ ലോകം സാക്ഷ്യം വഹിക്കുക ഒരു ചരിത്ര ട്രാൻസ്ഫറിനാകും. ഏതായാലും ഫുട്ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

കടപ്പാട്