❝🔵🔴ലിയോണൽ മെസ്സിയുടെ ചാമ്പ്യൻസ് ലീഗ്🏆✌️കിരീട വരൾച്ചയ്ക്ക് ഒരു അവസാനം💪🔥കുറിക്കാൻ ഇനിയാവുമോ❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പിഎസ്ജി യോട് ഇന്നലെ സമനില വഴങ്ങിയതോടെ കിരീട പ്രതീക്ഷകൾ അസ്തമിച്ച് ബാഴ്സലോണ പുറത്തായിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതോടെ മെസ്സിയും ചാമ്പ്യൻസ് ലീഗ് കിരീടവും തമ്മിലുള്ള ബന്ധത്തിന് കൂടുതൽ കാലം വന്നിരിക്കുകയാണ്. ആറു വർഷമായി മെസ്സിയും ചാമ്പ്യൻസ് ലീഗ് കിരീടവും മുഖമുഖം വന്നിട്ട്. മികച്ച താരങ്ങളെ അണിനിരത്തിയിട്ടും ,മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും 2015 നു ശേഷം കിരീടം ബാഴ്സയിൽ നിന്നും മെസ്സിയിൽ നിന്നും അകന്നു പോവുകയാണ്.കഴിഞ്ഞ ആറു സീസണുകളിൽ ഫൈനലിൽ എത്താൻ പോലും ബാഴ്സക്കായില്ല.

2005 -2006 ൽ ബാഴ്സയ്ക്കൊപ്പം ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയത് മുതൽ കൃത്യമായ ഇടവേളകളിൽ കിരീടം മെസ്സിയും കൂട്ടരും നൗ ക്യാമ്പിൽ എത്തിച്ചു കൊണ്ടിരുന്നു.2008 -09 ,2001 -12 ,2014 -15 ലും അവർ കിരീട ഉയർത്തി. ലാ ലീഗയിലും ,ആഭ്യന്തര മത്സരങ്ങളിലും മികവ് പുലർത്തിയെങ്കിലും മെസ്സിക്കും ബാഴ്സയ്ക്കും ചാമ്പ്യൻസ് ലീഗ് കിരീടം ഒരു കിട്ടാകനിയായി മാറിക്കൊണ്ടിരുന്നു. മെസ്സിയുടെ ബാഴ്സ കരിയർ ഇത്രയും നീണ്ടു നിൽക്കുന്ന കിരീട വരൾച്ച ആദ്യമായാണ്.

സാവി , ഇനിയേസ്റ്റ, 2015 ൽ ബാഴ്സലോണയുടെ അവസാന ചാമ്പ്യൻസ് ലീഗ് വിജയത്തിൽ പ്രധാന പങ്കുവഹിച്ച നെയ്മർ എന്നിവരുടെ വേർപിരിയലിന് ശേഷമാണ് ഇപ്പോഴത്തെ വരൾച്ച ഉണ്ടായത് എന്നത് നിഷേധിക്കാൻ ആവാത്ത സത്യമാണ്. ഇതിഹാസ താരങ്ങളുടെ കൊഴിഞ്ഞു പോക്ക് ബാഴ്സ മിഡ്ഫീൽഡിൽ വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്. മിഡ്‌ഫീൽഡിൽ സർഗ്ഗാത്മകതയും, വിഷനും എല്ലാം നഷ്ടപ്പെട്ടതോടെ മെസ്സിക്ക് കൂടുതലായൊന്നും ചെയ്യാൻ സാധിക്കാതെയായി. നെയ്‍മറുടെ അഭാവത്തിൽ മുന്നേറ്റ നിരയിൽ മികച്ചൊരു പങ്കാളിയെ നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ സീസണിൽ സുവാരസും കൂടി പോയതോടെ മുന്നേറ്റ നിരയുടെ ഭാരം മുഴുവൻ മെസ്സിയിലായി. പുയോളും ,ഡാനി അൽവസും കളമൊഴിഞ്ഞതോടെ ദുർബലമായ പ്രതിരോധത്തിന് ശക്തി പകരം ഉതകുന്ന താരങ്ങളൊന്നും ബാഴ്സ നിരയിൽ എത്തിയില്ല.

യഥാക്രമം 2016 ലും 2017 ലും അറ്റ്ലെറ്റിക്കോ മാഡ്രിഡിന്റെയും യുവന്റസിനോടും ക്വാർട്ടറിൽ പരാജയപെട്ടാണ് ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്. 2018 -19 സീസണിൽ ചാമ്പ്യൻസ് ലീഗ് ബാഴ്‌സയിലേക്ക് തിരിച്ചു കൊണ്ട് വരുമെന്ന് പ്രഖ്യാപിച്ചെങ്കിലും ക്വാർട്ടറിൽ റോമയോട് പരാജയപ്പെട്ട പുറത്തു പോയി. 2019 -20 സീസണിൽ സെമി ഫൈനലിൽ ആദ്യ പാദത്തിൽ 3-0 ന് ജയിച്ച ബാഴ്സ രണ്ടാം പാദത്തിൽ ആൻഫീൽഡിൽ നാലു ഗോളുകൾക്ക് പരാജയപ്പെട്ട് പുറത്തു പോയി. കഴിഞ്ഞ വർഷം ബയേൺ മ്യൂണിക്കിനോട് 8 -2 ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങി പുറത്തേക്ക് പോയി.ഇന്നലെ പിഎസ്ജി യോട് പരാജയപ്പെട്ട പുറത്തായതോടെ 2005 -06 സീസണ് ശേഷം ആദ്യമായാണ് മെസ്സി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ പുറത്തു പോവുന്നത്.

കഴിഞ്ഞ ആറു സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ 43 ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയത് .വ്യക്തിഗത പ്രകടനത്തിൽ മെസ്സി എപ്പോഴും മുന്നിട്ട് നിൽക്കുമ്പോഴും ടീമെന്ന നിലയിലുള്ള ഏകോപനമില്ലായമയുമാണ് ബാഴ്സക്ക് തിരിച്ചടിയാവുന്നത്.ഈ സീസണിൽ ലാ ലീഗയിൽ ടോപ് സ്കോററായ മെസ്സി കോപ്പ ഡെൽ റെയിലും ബാഴ്‌സയെ ഫൈനലിലെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചു.2016 ലും 2017 ലും2019 ലും ബാലൺ ഡി ഓർ നേടാൻ മെസ്സിക്കായെങ്കിലും ചാമ്പ്യൻസ് ലീഗ് കിരീടം മാത്രം അകന്നു നിന്നു.

കഴിഞ്ഞ ആറു വർഷത്തിനിടയിൽ ബാഴ്സയ്ക്കൊപ്പം നേടാൻ സാധിക്കാത്ത കിരീടം ഈ സീസൺ അവസാനത്തോടെ ബാഴ്സയുമായി കരാർ അവസാനിക്കുന്ന മെസ്സിക്ക് പുതിയൊരു ക്ലബ്ബിലൂടെ നേടാൻ സാധിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പുതിയ പ്രസിഡന്റ് ലപോർട്ടയുടെ സാന്നിധ്യം മെസ്സി കരാർ പുതുക്കാനുള്ള സാധ്യതകളായി കാണുന്നു. മറിച്ചാണ് നടക്കുന്നതെങ്കിൽ ബാഴ്സ ജേഴ്സിയിൽ മെസ്സിയുടെ അവസാന ചാമ്പ്യൻസ് ലീഗ് മത്സരമാണ് ഇന്നലെ നടന്നത്.