❝ കോപ്പ അമേരിക്ക വിജയത്തിനുശേഷം ബാലൺ ഡി ഓർ നേടാൻ ഏറ്റവും അർഹൻ മെസ്സി ❞ ; റൊണാൾഡ് കൂമാൻ

അർജന്റീനിയൻ സ്റ്റാർ സ്‌ട്രൈക്കർ ലയണൽ മെസ്സിയാണ് ഈ സീസണിൽ ബാലൺ ഡി ഓർ നേടാൻ കൂടുതൽ സാധ്യതയെന്ന് ബാഴ്സലോണ പരിശീലകൻ റൊണാൾഡ്‌ കൂമാൻ.കോപ അമേരിക്കയുടെ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച അർജന്റീനയുമായി മെസ്സി തന്റെ ആദ്യ അന്താരാഷ്ട്ര കിരീടം നേടി, കൂടാതെ ഗോൾഡൻ ബൂട്ടും ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള പുരസ്കാരവും മെസ്സി സ്വന്തമാക്കി.ഏഴാം ബാലൻ ഡി ഓറാണ് മെസ്സിക്കായി കാത്തിരിക്കുന്നത്. “മെസ്സി വളരെ പ്രധാനമാണ്. മികച്ച ക്യാപ്റ്റനും ഒരു മാതൃകയുമാണ്. പ്രയാസകരമായ തുടക്കം ഉണ്ടായിരുന്നിട്ടും ഗോൾ നേടുന്നതിൽ മിടുക്കനാണ്,” കൂമാൻ ബാഴ്‌സലോണയുടെ വെബ്‌സൈറ്റിനോട് പറഞ്ഞു.

“അവൻ വീണ്ടും വീണ്ടും കാണിച്ചു തന്നു , അവൻ ലോകത്തിലെ ഏറ്റവും മികച്ചവനാണ് എന്നത് . കോപ്പ അമേരിക്ക നേടാൻ മെസ്സിക്ക് എത്രമാത്രം ആഗ്രഹമുണ്ടെന്ന് എനിക്കറിയാം, അവസാനം അദ്ദേഹം അത് നേടി. മികച്ചൊരു സീസണ് ശേഷം ബാലൺ ഡി ഓർ നേടാൻ മെസ്സി തന്നെയാണ് ഫേവറിറ്റ് ” കൂമാൻ കൂട്ടിച്ചേർത്തു. ബാഴ്സലോണക്ക് വേണ്ടി 47‌ കളികളിൽ നിന്നും 38 ഗോളുകളാണ് മെസ്സി അടിച്ച് കൂട്ടിയത്. 14 ഗോളുകൾക്ക് വഴിയൊരുക്കിയ മെസ്സി ബാഴ്സയോടൊപ്പം കോപ ഡെൽ റേ കിരീടവും ഉയർത്തി.2021ൽ ഇതുവരെ രാജ്യത്തിനും ക്ലബിനുമായി 33 ഗോളുകൾ നേടാനും 14 അസിസ്റ്റ് ഒരുക്കാനും മെസ്സിക്ക് ആയിരുന്നു.

കോപ അമേരിക്കയിൽ ഗോൾഡൻ ബോളും ടൂർണമെന്റിലെ താരവുമായ മെസ്സി നാല് ഗോളുകൾ അടിക്കുകയും അഞ്ചെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു. ലാ ലിഗയിലെ 30 ഗോളുകൾ നേടി ഏറ്റവും ഉയർന്ന ഗോൾ സ്‌കോറർക്ക് ലഭിക്കുന്ന പിച്ചി ട്രോഫി നേടുകയും ചെയ്തു.തന്റെ ബാഴ്സ കരിയറിൽ ഉടനീളം ആറ് ബാലൺ ഡി ഓർ അവാർഡുകളും ആറ് യൂറോപ്യൻ ഗോൾഡൻ ഷൂസും നേടാൻ കഴിഞ്ഞു. ബാഴ്സയുടെ ഉയർന്ന ഗോൾ സ്കോററും 474 ഗോളുകളുമായി ലാ ലിഗയുടെ ഏറ്റവും ഉയർന്ന ഗോൾ സ്‌കോറർ കൂടിയാണ് മെസ്സി. പത്ത് ലാ ലിഗ കിരീടങ്ങൾ, ഏഴ് കോപ ഡെൽ റേ ട്രോഫികൾ, ഏഴ് സൂപ്പർകോപ്പ ഡി എസ്പാന ട്രോഫികൾ, നാല് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ, മൂന്ന് യുവേഫ സൂപ്പർ കപ്പ് കിരീടങ്ങൾ, മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ് ട്രോഫികൾ എന്നിവ ബാഴ്സയ്ക്കൊപ്പം നേടിയിട്ടുണ്ട്.

ബാഴ്സയുമായുള്ള കരാർ ജൂൺ 30 ന് അവസാനിച്ച് ഫ്രീ ഏജന്റായി നിന്ന മെസ്സി ബാഴ്സലോണയുമായുള്ള കരാർ 2026 വരെ നീട്ടാൻ ഒരുങ്ങുകയാണ്. പുതിയ കരാറിനായി 50 % വേതനം കുറക്കാനും താരം തയ്യാറായി. കഴിഞ്ഞ സീസണിൽ അറ്റ്ലെറ്റിക്കോ മാഡ്രിഡിനോട് ലാ ലിഗാ കിരീടം നഷ്ടമായ ബാഴ്സ ഈ സീസണിൽ കിരീടം തിരിച്ചു പിടിക്കാനായി അഗ്യൂറോ അടക്കമുള്ള മികച്ച താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്.2021 ഓഗസ്റ്റ് 16 ന് റയൽ സോസിഡാഡിനെതിരായ മത്സരത്തോടെയാണ് ബാഴ്സയുടെ ലാലിഗ സീസൺ ആരംഭിക്കുന്നത്.