❝മെസ്സി യുവന്റസിൽ പോയി റൊണാൾഡോയോടൊപ്പം കളിക്കണം!❞

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പം കളിക്കാൻ ലയണൽ മെസ്സി ഇറ്റാലിയൻ സിരി എ യിൽ യുവന്റസിൽ പോകണമെന്നാവശ്യവുമായി മുൻ റയൽ മാഡ്രിഡ് താരം ജെയിംസ് റോഡ്രിഗസ്.ഇത് ഫുട്ബോൾ പ്രേമികൾക്ക് ഒരു “സ്വപ്ന” ജോടിയാകുമെന്ന് കൊളംബിയൻ പറഞ്ഞു. മെസ്സി ബാഴ്സയിൽ തുടരില്ലെന്നുറപ്പായതോടെയാണ് റോഡ്രിഗസ് ഇങ്ങനെ ഒരാഗ്രഹം മുന്നോട് വെച്ചത്.

മെസി യുവന്റസിലേക്ക് പോയി ക്രിസ്റ്റ്യാനോ റൊണാൾഡോയോടൊപ്പം കളിക്കണം, ”മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ എവർട്ടന്റെ അവസാന പ്രീ-സീസൺ മത്സരത്തിന് മുന്നോടിയായുള്ള ട്വിച്ചിലെ തത്സമയ സ്ട്രീമിൽ ജെയിംസ് പറഞ്ഞു.”ഇത് ഒരു ബോംബ് ആയിരിക്കും. ആ രണ്ട് പേരും ഒരുമിച്ച് കളിക്കുന്നത് പല ആരാധകരുടെയും സ്വപ്നമാണ്”. “ബാഴ്‌സലോണയ്ക്കായി പ്രതിവർഷം കുറഞ്ഞത് 30 ഗോളുകളും 30 അസിസ്റ്റുകളും മെസ്സി കൈകാര്യം ചെയ്തു. ഇപ്പോൾ അവർ അത് ചെയ്യാൻ മറ്റ് കളിക്കാരെ അന്വേഷിക്കേണ്ടതുണ്ട്,10 ഗോളുകളും 10 അസിസ്റ്റുകളും അല്ലെങ്കിൽ അഞ്ചു അസിസ്റ്റും അഞ്ചു ഗോളുകളും നേടുന്ന കളിക്കാരെ കിട്ടും എന്നാൽ മെസ്സിയെപ്പോലൊരു താരത്തെ കണ്ടെത്തുക എന്നത് ബുദ്ധിമുട്ടാണ്”.

“ഫുട്ബോൾ ഒരുപാട് മാറിയിരിക്കുന്നു, മെസി ബാഴ്സലോണ വിടുന്നത് അത് സ്ഥിരീകരിക്കുന്നു,” ജെയിംസ് തുടർന്നു. മെസ്സി ബാഴ്സലോണ വിടുമെന്ന് അല്ലെങ്കിൽ സെർജിയോ റാമോസ് റയൽ മാഡ്രിഡ് വിടുമെന്ന് ആരും സങ്കല്പിച്ചിരുന്നില്ല എന്നും താരം കൂട്ടിച്ചേർത്തു.മുൻപ് റൊണാൾഡോയിലേക്കും മെസിയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു നടന്നിരുന്ന ലാ ലിഗ ക്ലാസികോ മത്സരങ്ങൾ ഇനി വ്യത്യസ്തമായിരിക്കുമെന്നും പറഞ്ഞു .

മുൻ റയൽ താരമായ ഹാമിസ് റോഡ്രിഗസ് സ്പെയിനിലേക്ക് തിരിച്ചു വരുന്നു എന്ന വാർത്തകൾ പുറത്തു വന്നിരുന്നു. എവെർട്ടൻ പരിശീലകനായിരുന്ന കാർലോ ആൻസെലോട്ടി റയലിലേക്ക് തിരിച്ചു വന്നതോടെയാണ് കൊളംബിയൻ താരത്തിന്റെ തിരിച്ചു വരവും ചർച്ചയായത്.