❝വമ്പൻ ജയവുമായി പിഎസ്ജി , ഗോളുമായി മെസ്സി, നെയ്മർ, എംബാപ്പെ ❞

നെയ്മറുടെ ഇരട്ട ഗോളുകളും ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ എന്നിവരുടെ ഗോളുകളുടെ പിൻബലത്തിലും ഗാംബ ഒസാക്കയെ 6-2ന് പരാജയപ്പെടുത്തി ജപ്പാനിലെ പ്രീസീസൺ പര്യടനം അവസാനിപ്പിച്ചിരിക്കുകയാണ് പിഎസ്ജി.പാബ്ലോ സരബിയ, നുനോ മെൻഡസ്,എംബപ്പേ എന്നിവരാണ് മറ്റു ഗോളുകൾ നേടിയത്.കെയ്‌സുകെ കുറോകാവയുടെയും ഹിരോട്ടോ യമാമിയുടെയും ഗോളിൽ ഗാംബ ഒസാക്ക പരാജയ ഭാരം കുറച്ചു.

28 ആം മിനുട്ടിൽ പാബ്ലോ സരബിയ നേടിയ ഗോളിൽ പിഎസ്ജി ലീഡ് നേടി. 32 ആം മിനുട്ടിൽ നെയ്മർ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോടെ സ്കോർ 2 -0 ആക്കി ഉയർത്തി. എന്നാൽ 34-ാം മിനിറ്റിൽ പിഎസ്‌ജി ഗോൾകീപ്പർ ജിയാൻലൂയിജി ഡോണാരുമ്മയുടെ ഒരു പോയിന്റ് ബ്ലാങ്ക് സേവിന് ശേഷം കുറോകവ ഗോൾ നേടിയതോടെ ഗാംബ ഒസാക്ക കളിയിലേക്ക് തിരിച്ചുവന്നു.

37 ആം മിനുട്ടിൽ ന്യൂനോ മെൻഡസ് നേടിയ ഗോളും 39 ആം മിനുട്ടിൽ നെയ്മറുടെ അസിസ്റ്റിൽ നിന്നും ലയണൽ മെസ്സി നേടിയ ഗോളോടോ സ്കോർ 4 -1 ആയി മാറി.60 ആം മിനുട്ടിൽ ലയണൽ മെസ്സിയുടെ മികച്ചൊരു അസ്സിസ്റ്റിൽ നിന്നും നെയ്മർ പിഎസ്ജി യുടെ അഞ്ചാമത്തെ ഗോൾ നേടി. 70 ആം മിനുട്ടിൽ ഹിരോട്ടോ യമാമി ഗാംബ ഒസാക്കക്ക് വേണ്ടി ഒരു ഗോൾ കൂടി മടക്കി. 86 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ എംബപ്പേ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളോടെ സ്കോർ 6 -2 ആക്കി മാറ്റി.

ഞായറാഴ്ച ലിഗ് 1 വിജയികളും കൂപ്പെ ഡി ഫ്രാൻസും തമ്മിലുള്ള ട്രോഫി ഡെസ് ചാമ്പ്യൻസിൽ പിഎസ്ജി അടുത്തതായി നാന്റസിനെ നേരിടും.