❝നീണ്ട1⃣6⃣വർഷങ്ങൾക്ക് ശേഷം😞 അതും സംഭവിച്ചു, ലയണൽ മെസ്സിയും👑🤝👑ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാത്തൊരു ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ❞

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ പുറത്തായതാണ് ആരധകർക്കിടയിലുള്ള ചൂടുള്ള ചർച്ച വിഷയം. കഴിഞ്ഞ 16 വർഷത്തിനിടയിൽ ആദ്യമായാണ് ഇരു സൂപ്പർ താരങ്ങളുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മത്സരം നടക്കുന്നത്. ഇത് ഒരു യുഗാന്ത്യത്തിന്റെ ലക്ഷണമാണോ എന്നാണ് ഫുട്ബോൾ ആരാധകർ സംശയിക്കുന്നത്.

പ്രീ ക്വാർട്ടറിൽ ഇരു താരങ്ങൾക്കും ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാനും സാധിച്ചില്ല.ഇന്നലെ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ പിഎസ്‌ജിയോട് 1 -1 സമനില വഴങ്ങിയതോടെയാണ് ഇരുപാദങ്ങളിലുമായി 5-2 എന്ന സ്കോറിന് ബാഴ്‌സലോണ ടൂർണമെന്റിൽ നിന്നും പുറത്തായത്.അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പോർട്ടോയോട് വിജയം നേടിയെങ്കിലും എവേ ഗോളുകളുടെ കണക്കിലാണ് റൊണാൾഡോയും യുവന്റസും ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തേക്കുള്ള വഴി കണ്ടത്.

കരിയറിന്റെ അവസാന കാലഘട്ടത്തിലേക്ക് കടക്കുന്ന ഇരു താരങ്ങൾക്കും കഴിഞ്ഞ സീസണുകളിൽ ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ സാധിച്ചിരുന്നില്ല.ഇതിനു മുൻപ് 2004/2005 സീസണിലാണ് ഇരുതാരങ്ങളുമില്ലാതെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നടക്കുന്നത്. അന്ന് റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിലും മെസി ബാഴ്‌സലോണയിൽ തന്റെ പ്രൊഫെഷണൽ കരിയർ ആരംഭിക്കുന്ന സമയവുമായിരുന്നു.ആ വർഷം ബാഴ്സലോണ ചെൽസിയോട് പരാജയപെട്ടാണ് ക്വാർട്ടർ കാണാതെ പുറത്തായത്. മാഞ്ചസ്റ്റർ യൂണൈറ്റഡാവട്ടെ എ സി മിലാനോട് പരാജയപെട്ടു.

ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ ഈ ജോഡി പൂർണ്ണമായും ആധിപത്യം പുലർത്തി, സമർത്ഥമായി ഗോളുകൾ നേടുകയും ക്സിരീടം നേടുകയും ചെയ്‌തത്‌ എന്നാൽ അവരുടെ തിളക്കമാർന്ന യുഗം അവസാനിക്കുന്നതായി തോന്നുന്നുണ്ട്. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിനു പുറമെ രണ്ടു താരങ്ങളുടെയും ക്ലബിലെ ഭാവിയും സങ്കീർണമായി തുടരുകയാണ്. ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന മെസി ടീം വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമായി തുടരുന്നുണ്ട് . കഴിഞ്ഞ ആറു വർഷമായി ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കാത്ത മെസ്സിക്ക് കിരീട നേട്ടത്തോടെ ബാഴ്സയിൽ നിന്നും പോകണമെന്നുണ്ടായിരുന്നു.

25 വർഷമായി അന്യം നിൽക്കുന്ന ചാമ്പ്യൻസ് ലീഗ് കിരീടം നേടുക എന്ന ലക്ഷ്യത്തോടെ യുവന്റസിലെത്തിച്ച റൊണാൾഡോയെ 2022 വരെ യുവന്റസുമായി കരാറുള്ളതിനാൽ ഫ്രീ ട്രാൻസ്ഫറിൽ പോകുന്നത് ഒഴിവാക്കാൻ യുവന്റസ് ഈ സീസണിന്റെ അവസാനം തന്നെ താരത്തെ ഒഴിവാക്കുമെന്ന വാർത്തകളുണ്ട് .

അതേസമയം മെസിയുടെയും റൊണാൾഡോയുടെയും പകരകകരായി കരുതപ്പെടുന്ന താരങ്ങളായ എർലിങ് ഹാലൻഡും കെയ്‌ലിയൻ എംബാപ്പെയും ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ പ്രകടനമാണ് കാഴ്ച വെക്കുന്നത്.ബാഴ്‌സലോണക്കെതിരെ ആദ്യപാദത്തിൽ നേടിയ ഹാട്രിക്ക് ഉൾപ്പെടെ എംബാപ്പെ രണ്ടു മത്സരങ്ങളിൽ നാല് ഗോളുകൾ നേടിയപ്പോൾ ഹാലൻഡ് സെവിയ്യക്കെതിരായ ഇരുപാദ മത്സരങ്ങളിലും ഇരട്ടഗോളുകൾ നേടി. ഇനിയുള്ള വർഷങ്ങൾ ഇവരുടേതാണെന്ന ഉറപ്പിക്കുന്ന പ്രകടനമാണ് ഇവർ പുറത്തെടുക്കുന്നത്.