അനുവാദം ഇല്ലാത്ത സൗദി യാത്ര ,ലയണൽ മെസ്സിയെ സസ്‌പെൻഡ് ചെയ്ത് പിഎസ്ജി

അർജന്റീന സൂപ്പർ താരം ലയണൽ മെസിക്കെതിരെ കടുത്ത നടപടിയുമായി പിഎസ്‌ജി. ക്ലബ്ബിന്റെ അനുവാദം ഇല്ലാതെ സൗദി അറേബ്യയിലേക്ക് പോയതിന് മെസിയെ പിഎസ്ജ് സസ്പെൻഡ് ചെയ്തു. താരത്തിന്റെ സസ്പെൻഷൻ രണ്ടാഴ്ചത്തേക്കാണെന്നാണ് റിപ്പോർട്ട്.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ് ആണ് വാർത്ത പുറത്തു വിട്ടത്. സസ്‌പെൻഷൻ കാലയളവിൽ മെസ്സിക്ക് പിഎസ്ജിയ്ക്ക് കീഴിൽ കളിക്കാനോ പരിശീലനം നടത്താനോ സാധിക്കില്ല. ഈ സമയത്തെ ശമ്പളവും ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. സസ്‌പെൻഷനോടെ ട്രോയിസും അജാക്കിയോയുമായുള്ള ലീഗ് വൺ മത്സരങ്ങളും മെസിക്ക് നഷ്ടമാകും.തുടർന്ന് ജൂൺ 3 ന് സീസൺ അവസാനിക്കുന്നത് വരെ അദ്ദേഹം ക്ലബ്ബിൽ ലഭ്യമായിരിക്കും.

കഴിഞ്ഞയാഴ്ച ലോറിയന്റിനെതിരെ പിഎസ്ജി നേരിട്ട പരാജയത്തിന് തൊട്ടു പിന്നാലെയായിരുന്നു മെസിയുടെ സൗദി സന്ദർശനം. കുടുംബത്തോടൊപ്പം മെസി സൗദിയിലെത്തിയത് ക്ലബ്ബിന്റെ അനുമതി ഇല്ലാതെയാണെന്ന റിപ്പോർട്ടുകൾ അന്നേ പുറത്തു വന്നിരുന്നു. സീസൺ അവസാന ഘട്ടത്തിലെത്തി നിൽക്കെയാണ് താരത്തിനെതിരെ ക്ലബ്ബിന്റെ നടപടി എന്നത് ശ്രദ്ധേയമാണ്.ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാർ മെസി പുതുക്കില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിഎസ്ജി ആരാധകരുടെ മോശം പെരുമാറ്റം ഉൾപ്പെടെ നിരവധി വിഷയങ്ങൾ ഇതിന് കാരണമാകുന്നുണ്ട്.

എന്തായാലും, അർജന്റീന സൂപ്പർ താരത്തിന്റെ പിഎസ്ജി യുഗം അവസാനിക്കാൻ പോകുകയാണെന്ന് തന്നെ വിലയിരുത്തേണ്ടി വരും.സൗദി അറേബ്യയിലേക്കുള്ള അനധികൃത യാത്രയെ തുടർന്ന് മെസ്സി ക്ലബിൽ കരാർ പുതുക്കില്ലെന്ന് ഫ്രഞ്ച് സ്പോർട്സ് ദിനപത്രമായ എൽ എക്വിപ്പ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.33 മത്സരങ്ങളിൽ നിന്ന് 75 പോയിന്റുമായി പിഎസ്ജി ഒന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള ഒളിംപിക് ഡി മാഴ്സെയെക്കാൾ അഞ്ച് പോയിന്റ് മുന്നിലാണ്.

Rate this post