ബാലൺ ഡി ഓർ നേടിയ മെസ്സിയെ വിമർശിക്കുന്ന പോസ്റ്റുമായി റൊണാൾഡോ ഫാൻ പേജ് , ലൈക്കും കമ്മെന്റുമായി സൂപ്പർ താരം

ബയേൺ മ്യൂണിക്ക് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്‌കിയെയും റയൽ മാഡ്രിഡിന്റെ കരിം ബെൻസെമയെയും പിന്തള്ളി അർജന്റീനിയൻ ഫുട്‌ബോൾ താരം ലയണൽ മെസ്സി തന്റെ ഏഴാം ബാലൺ ഡി ഓർ കിരീടം സ്വന്തമാക്കി. ഫ്രഞ്ച് വാർത്താ മാഗസിൻ ഫ്രാൻസ് ഫുട്ബോൾ ബാലൺ ഡി ഓർ 2021 ന്റെ ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം, മെസ്സിക്ക് അഭിമാനകരമായ ഗോൾഡൻ ബോൾ നൽകാനുള്ള തീരുമാനത്തെ പരിശീലകർ ഉൾപ്പെടെ നിരവധി നിലവിലെ താരങ്ങളും മുൻ കളിക്കാരും വിമർശിച്ചു. 2021 ലെ ബാലൺ ഡി ഓർ പുരസ്‌കാരം മെസ്സി നേടേണ്ടിയിരുന്നില്ല എന്ന് കരുതുന്നവരിൽ മുൻ ബാഴ്‌സലോണ താരത്തിന്റെ ബദ്ധവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉൾപ്പെടുന്നു.

ലയണൽ മെസിയുടെ ഏഴാം ബാലൺ ഡി ഓർ നേട്ടത്തെ നിശിതമായി വിമർശിക്കുന്ന ഒരു ഫാൻ പേജ് പോസ്റ്റ്‌ ക്രിസ്റ്റിയാനോ റൊണാൾഡോ പിന്തുണച്ചതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നത്. മെസി ബാലൺ ഡി ഓറിന് അർഹനല്ലെന്നും, പുരസ്കാരത്തിനായുള്ള മത്സരം ക്രിസ്റ്റിയാനോ റൊണാൾഡോയുംറോബർട്ട് ലെവൻഡോസ്‌കിയും തമ്മിലാണ് വേണ്ടിയിരുന്നതെന്നും പറയുന്ന പോസ്റ്റിനെ പിന്തുണച്ചാണ് പോർച്ചുഗീസ് സൂപ്പർ താരം കമന്റ് ചെയ്തത്.എന്തുകൊണ്ട് മെസ്സി ബാലൺ ഡി ഓർ 2021 നേടരുത് എന്ന് വിശദീകരിക്കുന്ന ഒരു നീണ്ട പോസ്റ്റിൽ എങ്ങനെയാണ് റൊണാൾഡോ എക്കാലത്തെയും മികച്ച കളിക്കാരനായത് മാറിയതെന്നും പറയുന്നുണ്ട്.”ഈ സമ്മാനങ്ങളിൽ നിന്ന് സ്വതന്ത്രമായി, CR7 എല്ലായ്പ്പോഴും ചരിത്രത്തിലെ ഏറ്റവും മികച്ചതായി നിലനിൽക്കും” എന്ന ഉപസംഹാര പ്രസ്താവനയും പോസ്റ്റിൽ ഉണ്ടായിരുന്നു.

cr7.o_lendario എന്ന പേരിലുള്ള റൊണാൾഡോയുടെ ഫാൻ പേജിൽ നിന്നും വന്ന പോസ്റ്റാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബാലൺ ഡി ഓർ റൊണാൾഡോയ്ക്ക് കിട്ടിയിരുന്നെങ്കിൽ അതിനെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്നും എന്നാൽ മോശം സീസൺ കളിക്കുന്ന ലയണൽ മെസിയെ ഇതിന് തെരഞ്ഞെടുത്തത് മോഷണവും നാണക്കേടുമാണെന്നായിരുന്നു പോസ്റ്റിൽ.മെസിയെ ഇകഴ്ത്തുന്ന പോസ്റ്റ് ലൈക്ക് ചെയ്‌ത ക്രിസ്റ്റിയാനോ റൊണാൾഡോ ഇതിൽ ചൂണ്ടിക്കാട്ടിയതെല്ലാം വസ്തുത ആണെന്നും കമന്റ് ചെയ്‌തിട്ടുണ്ട്‌.

കോപ്പ ഇറ്റലിയാനോ, ഇറ്റാലിയൻ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളും യൂറോ കപ്പ് ടോപ് സ്‌കോറർ, ഇറ്റലിയിലെ ടോപ് സ്‌കോറർ എന്നിങ്ങനെയുള്ള റൊണാൾഡോയുടെ കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ എടുത്തു പറയുന്ന പോസ്റ്റിൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി താരം നടത്തുന്ന മികച്ച പ്രകടനവും പരാമർശിക്കുന്നുണ്ട്. ഇന്റർനാഷണൽ മത്സരങ്ങളിൽ ഏറ്റവും ഗോൾ നേടിയ താരം, ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരം എന്ന റെക്കോർഡുകളും സ്വന്തമാക്കിയ താരം ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌ നീതിയല്ലെന്ന് പോസ്റ്റ് പറയുന്നു.

ഈ വർഷം ബാലൺ ഡി ഓർ നേടിയ മെസ്സിക്കെതിരെ വിമർശനം ഉന്നയിച്ചവരിൽ ഫുട്ബോൾ ലോകത്തെ പ്രമുഖരായ ജർഗൻ ക്ലോപ്പ്, ഒലിവർ കാൻ, ടോണി ക്രൂസ്, ഇക്കർ കാസില്ലാസ്, ലോതർ മത്തൗസ് എന്നിവരും ഉൾപ്പെടുന്നു. ഈ വിമർശകരിൽ ഭൂരിഭാഗവും മെസ്സിക്ക് മുന്നിലെത്താൻ അർഹരായ മറ്റ് താരങ്ങൾ പട്ടികയിൽ ഉണ്ടെന്നാണ് പറഞ്ഞത്. അവാർഡ് നേടിയതിന് മെസ്സിയെ അഭിനന്ദിച്ച ശേഷം, റോബർട്ട് ലെവൻഡോവ്‌സ്‌കി ഇതിന് കൂടുതൽ അർഹനാണെന്ന് ബയേൺ മ്യൂണിക്ക് സിഇഒ ഒലിവർ കാൻ പറഞ്ഞു. മെസ്സി മികച്ച കളിക്കാരിലൊരാളാണെന്നതിൽ സംശയമില്ലെന്നും എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഉയർന്ന നിലവാരത്തിലുള്ള സ്ഥിരതയാർന്ന പ്രകടനം കാരണം ലെവൻഡോവ്‌സ്‌കി കൂടുതൽ അർഹനാണെന്ന് കാൻ പറഞ്ഞു.

ബയേൺ മ്യൂണിക്ക് താരം ലെവൻഡോവ്സ്കി 2021 ബാലൺ ഡി ഓർ സ്റ്റാൻഡിംഗിൽ മെസ്സിയുടെ 613 പോയിന്റിന് 33 പോയിന്റ് പിന്നിലായി, ചെൽസിയുടെ ജോർജിൻഹോ 460 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരാർത്ഥികളിൽ ഒരാളായ റയൽ മാഡ്രിഡിന്റെ കരിം ബെൻസെമ 239 പോയിന്റുമായി നാലാം സ്ഥാനത്തെത്തി, 186 പോയിന്റുമായി എൻ ഗോലോ കാന്റെ അഞ്ചാം സ്ഥാനവും നേടി.2021-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മടങ്ങിയ റൊണാൾഡോ 121 പോയിന്റ് നേടി ആറാമതായി മാറി.