❝ലയണൽ മെസ്സിയില്ലാത്ത ബാഴ്സലോണ തകർന്നിരിക്കുകയാണ്❞

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സലോണ വിടുന്നു എന്ന പ്രഖ്യാപനം വലിയ ഞെട്ടലോടെയാണ് സഹ താരങ്ങൾ അടക്കമുള്ള ഫുട്ബോൾ ലോകം കണ്ടത് . 21 വര്ഷം നീണ്ടു നിന്ന ബാഴ്സ കരിയറിന് അവസാനം കുറിച്ച് കൊണ്ട് ഇന്ന് നടന്ന പത്ര സമ്മേളത്തിൽ വികാരനിർഭരമായാണ് മെസ്സി വിട പറഞ്ഞത്. തന്റെ പ്രിയപ്പെട്ട ക്ലബിനോട് വിട പറയാൻ മെസ്സിക്ക് വാക്കുകൾ ലഭിക്കുന്നില്ലായിരുന്നു. മെസ്സിയുടെ അഭാവം ബാഴ്സയിൽ വലിയ രീതിയിൽ ബാധിക്കും എന്ന് തന്നെയാണ് ഏവരും കണക്കുകൂട്ടുന്നത്.ഗാമ്പർ ട്രോഫി മത്സരത്തിൽ ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിനെ 3-0 ന് തകർത്തെങ്കിലും, ക്ലബ്ബിൽ നിന്നുള്ള മെസിയുടെ വിടവാങ്ങൽ മൂലം തങ്ങൾ തകർന്നിരിക്കുകയാണെന്ന് തുറന്ന് സമ്മതിച്ച് ബാഴ്സലോണ സൂപ്പർ താരം ജെറാർഡ് പിക്വെ. ഇന്നലത്തെ മത്സരത്തിന് ശേഷമാണ് മാധ്യമ പ്രവർത്തകരോടാണ് പിക്വെ അഭിപ്രായം പറഞ്ഞത്.

“മെസ്സിയുടെ വിടവാങ്ങൽ കാരണം ടീം അൽപ്പം തകർന്നിരിക്കുന്നു, ആക്രമ ണത്തിൽ ഞങ്ങൾക്ക് മാന്ത്രികത നഷ്ടപ്പെടും, പക്ഷേ ആരാധകർ വളരെയധികം പ്രതീക്ഷിക്കുന്നതുപോലെ ഞങ്ങൾ മുന്നോട്ട് പോകണം,എക്കാലത്തെയും മികച്ച കളിക്കാരനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, അത് ഞങ്ങളെ എല്ലാവരെയും വേദനിപ്പിക്കുന്നു.മുഴുവൻ കഥയും എനിക്കറിയില്ല, രണ്ട് കക്ഷികളും ഇത് സംഖ്യകളുടെ കാര്യമാണെന്ന് പറഞ്ഞിട്ടുണ്ട്, എന്നാൽ മുൻ വർഷങ്ങളിലെ മാനേജ്മെന്റ് ഞങ്ങളെ സഹായിച്ചിട്ടില്ല ” പിക്വെ മാർക്കയോട് പറഞ്ഞു.

കറ്റാലൻ ക്ലബിൽ ലയണൽ മെസ്സിയല്ലാതെ “ഒന്നും ഒരുപോലെയല്ല” എന്ന് എഫ്സി ബാഴ്സലോണ ഡിഫൻഡർ ജെറാർഡ് പിക്വെ പറഞ്ഞു. മെസ്സിയുടെ അഭവം ബാഴ്സയിൽ നികത്താനാവില്ലെന്നും പിക്വെ പറഞ്ഞു. 21 വർഷം നീണ്ടു നിന്ന ബാഴ്സ കരിയറിനാണ് മെസ്സി അവസാനം കുറിച്ചത്. ഒന്നും മെസ്സിക്ക് സമാനമാകില്ലെന്നും സ്പാനിഷ് താരം പറഞ്ഞു. 20 വർഷത്തിലധികം ധരിച്ച ബാഴ്സയുടെ ജേഴ്‌സി ഇനി മെസ്സി ധരിക്കില്ല എന്ന യാഥാർഥ്യം ഉൾകൊള്ളാൻ വളരെ ബുദ്ധിമുട്ടാണെന്നും പിക്വെ പറഞ്ഞു .

അടുത്ത സീസണിലെയാണത്‌ മെസ്സി ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കു വേണ്ടി ബൂട്ട് കെട്ടും എന്ന റിപോർട്ടുകൾ പുറത്തു വന്നിരിക്കുകയാണ്. മൂന്നു വർഷത്തെ കരാറാണ് പാരീസ് ക്ലബ് മെസ്സിക്ക് മുന്നിൽ വെച്ചത്. മുൻ ബാഴ്സ സഹ താരമായ നെയ്മറുടെ സാനിധ്യം തന്നെയാണ് മെസ്സിയെ പാരിസിലേക്ക് അടുപ്പിച്ചത്. മെസ്സി കൂടി എത്തുന്നതോടെ യൂറോപ്പിലെ ഏറ്റവും മികച്ച ടീമായി പാരിസ് മാറും.ഇന്ന് മെഡിക്കലിനായി മെസ്സി പാരിസിലെത്തും എന്ന റിപ്പോർട്ടുകളും പുറത്തു വന്നു.