ലയണൽ മെസ്സിയിലൂടെ ചാമ്പ്യൻസ് ലീഗ് കിരീടം പാരിസിലെത്തുമോ ?

പി.എസ്.ജിയിലെക്ക് മാറിയതിന് ശേഷം ഫ്രഞ്ച് ലീഗിൽ ഇതുവരെയും കാര്യമായ ചലനങ്ങളുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിലും. മെസ്സിക്കൊപ്പമുള്ള ചാമ്പ്യൻസ് ലീഗ് നേട്ടത്തെ സ്വപ്നംകണ്ടിരിക്കുകയാണ് പി.എസ്.ജി ആരാധകർ. പി.എസ്.ജി.ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടുന്നതാണ് തന്റെ സ്വപ്നമെന്ന് താരം ക്ലബ്ബിലെത്തിയശേഷം ആദ്യ വാർത്ത സമ്മേളനങ്ങളിലൊന്നിൽ പറഞ്ഞിരുന്നു. കിരീടങ്ങൾ നേടാൻ കഴിയുന്ന ക്ലബ്ബിലാണ് എത്തിയതെന്നും നെയ്മർ, എംബാപ്പെ തുടങ്ങിയവർക്കൊപ്പമുള്ള കോംമ്പോ മികച്ചതാണെന്നും താരം അന്ന് കൂട്ടിചേർത്തു.


ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ബെൽജിയൻ ടീമായ ക്ലബ്ബ് ബ്രുഗ്ഗെയോട് അപ്രതീക്ഷിത സമനില വഴങ്ങേണ്ടിവന്നെങ്കിലും ഇംഗ്ലീഷ് വമ്പമാരായ മാഞ്ചസ്റ്റർ സിറ്റിയോടും കഴിഞ്ഞ തവണ കരുത്ത് കാട്ടിയ ജർമൻ ക്ലബ് ആയ ആർ. ബി ലെപ്സെഗിനോടും വിജയിച്ചുകൊണ്ട് ഗംഭീരമായ തിരിച്ചുവരവാണ് പി.എസ്. ജി നടത്തിയത്. രണ്ടിലും സൂപ്പർതാരത്തിന്റെ പ്രകടനം മികച്ചതായിരുന്നു.പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഫ്രഞ്ച് ക്ലബിനായി മെസ്സി ആദ്യ ഗോൾ നേടുകയുണ്ടായി. മത്സരത്തിൽ പി. എസ്.ജി സിറ്റിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തിരുന്നു. ഇതോടെ കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് സെമിയിലേറ്റ തോൽവിക്ക് പകരം വീട്ടാൻ പി എസ് ജിക്കായി. ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ ആർ. ബി ലെപ്‌സിഗ് ക്ലബിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പി.എസ്.ജി. തോൽപ്പിച്ചതിലും മെസ്സി മിന്നും താരമായിരുന്നു. 2-1 എന്ന നിലയിൽ പിന്നിട്ടു നിന്നതിന് ശേഷം രണ്ടാം പകുതിയിലാണ് പി.എസ്.ജിക്കായി മെസി രണ്ട് ഗോളുകൾ നേടിയത്. 67, 74 മിനിറ്റുകളിലായിരുന്നു മെസിയുടെ ഇരട്ടഗോൾ പിറന്നത്.

ചാമ്പ്യൻസ് ലീഗ് തട്ടകത്തിൽ മെസ്സി കൈവരിക്കുന്ന ഈ ഉജ്ജ്വല ഫോം തന്നെയാണ് ഫ്രഞ്ച് വമ്പൻമാരുടെ പ്രതീക്ഷ. പോരാത്തതിന് നിർണായക മത്സരങ്ങളിൽ ടീമിനെ നയിക്കാനുള്ള കഴിവില്ലായ്‌മ എന്ന വെല്ലുവിളിയെ കോപ്പ കിരീടം നാട്ടിലെത്തിച്ചതോടെ താരം മറികടക്കുകയുമുണ്ടായി.നെയ്‌മർ, കൈലിയൻ എംബാപ്പെ, ഇട്രിസി ഗുയെ എന്നീ താരങ്ങളെല്ലാം മികച്ച ഫോമിലാണ്. ഗോൾകീപിങ്ങിലെ യുവ തുർക്കി ഡോണ്ണാരുമ്മയും മികച്ച പ്രകടനമാണ് സിറ്റിക്കെതിരെ പുറത്തെടുത്തത്.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സങ്ങളിൽ നവംബർ 4 ന് ലെപ്സിഗിനോടും, നവംബർ 25 ന് സിറ്റിയോടുമാണ് പി.എസ്.ജി യുടെ വരാനുള്ള മത്സരങ്ങൾ. മെസ്സിയടക്കമുള്ള സൂപ്പർ താരങ്ങളെല്ലാം ഫോമിലുള്ള ഫ്രഞ്ച് ഭീമൻമാരെ പിടിച്ചുകെട്ടാൻ എല്ലാ ക്ലബ്ബുകളും നല്ലവണ്ണം വിയർക്കേണ്ടിവരും.