❝ലയണൽ മെസ്സിയുടെ അഭാവം ബാഴ്‌സലോണയിൽ വലിയ രീതിയിൽ അനുഭവപ്പെടുന്നുണ്ട്❞ : റൊണാൾഡ്‌ കൂമാൻ

ലാ ലീഗയിലെ ആദ്യ മത്സരത്തിൽ മികച്ച വിജയം നേടിയെങ്കിലും ഇന്നലെ അത്ലറ്റിക് ക്ലബ്ബിനെതിരെ നടന്ന രണ്ടാം മത്സരത്തിൽ ബാഴ്സ സമനിലയുമായി തടിതപ്പുകയായിരുന്നു. പുതിയ സൈനിങ്‌ ഡിപ്പായ് രണ്ടാം പകുതിയിൽ നേടിയ ഗോളിനാണ് ബാഴ്സ സമനില നേടിയത്. ഡച്ച് താരത്തിന്റെ ബാഴ്സക്കായുള്ള ആദ്യ ഗോളായിരുന്നു ഇത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവം ബാഴ്സയിൽ വലിയ രീതിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇന്നലത്തെ മത്സര ശേഷം പരിശീലകൻ റൊണാൾഡ്‌ കൂമാൻ തന്നെ അത് സമ്മതിച്ചിരിക്കുകയാണ്.

ലയണൽ മെസ്സിയുടെ അഭാവം ക്ലബിന് അനുഭവപ്പെടുന്നുണ്ടെന്നും, കഴിഞ്ഞ ദിവസങ്ങളിലെ പോലെയുള്ള മത്സരങ്ങളിൽ മെസ്സിയുടെ സാനിധ്യം ബാഴ്സ നഷ്ടപെടുത്തുന്നുണ്ടെന്നും കൂമാൻ പറഞ്ഞു. ബാഴ്സയുമായി കരാർ അവസാനിച്ചതിന് ശേഷമാണ് 21 വർഷത്തെ ബന്ധം അവസാനിപ്പിച്ച് പിഎസ്ജി യിലേക്ക് പോയത്. “ഞാൻ എപ്പോഴും അതിനെക്കുറിച്ച് സംസാരിക്കാൻ ഇഷ്ടപ്പെടുന്നില്ല, പക്ഷേ ഞങ്ങൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെക്കുറിച്ചാണ് സംസാരിക്കുന്നത്.മെസ്സി ഉള്ളപ്പോൾ എതിർ ടീം കൂടുതൽ ഭയപ്പെടുന്നു.നിങ്ങൾ ലിയോയ്ക്ക് ഒരു പാസ് നൽകിയാൽ, അയാൾക്ക് സാധാരണയായി പന്ത് നഷ്ടമാകില്ല.പക്ഷെ അദ്ദേഹം ഇന്ന് ടീമിൽ നമ്മളോടൊപ്പം ഇല്ല എന്ന യാഥാർഥ്യം മനസ്സിലാക്കണം ” കൂമാൻ പറഞ്ഞു.

മെസ്സിയില്ലാത്ത ബാഴ്സലോണ ഈ സീസണിൽ എത്ര ദൂരം മുന്നോട്ട് പോകും എന്ന് കണ്ടറിഞ്ഞു കാണേണ്ടത് തന്നെയാണ്. കഴിഞ്ഞ കുറച്ചു സീസണുകളിലായി മെസ്സിയെ മാത്രം ആശ്രയിച്ചു കൊണ്ടാണ് ബാഴ്സ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. മെസ്സിയുടെ വിടവാങ്ങൽ ബാഴ്‌സയെ ഉയർന്ന തലത്തിൽ ബാധിക്കുമെന്നുറപ്പാണ്. പുതിയ താരങ്ങളെ എത്തിച്ച് ടീം കൂടുതൽ ശക്തമാക്കിയെങ്കിലും മെസ്സിയുടെ വിടവ് നികത്താൻ ഒരിക്കലും അവർക്കാവില്ല എന്നുറപ്പാണ്.“ഞങ്ങൾക്ക് പുതിയ കളിക്കാർ ഉണ്ട്, നമുക്ക് മുന്നോട്ട് പോകേണ്ടതുണ്ട്, അതിനായി ഞങ്ങൾക്ക് സമയമുണ്ട്. ഈ സീസണിൽ ഞങ്ങൾക്ക് യുവ കളിക്കാർ ഉണ്ട്, അത് ഭാവിയിലും, ഈ ക്ലബ്ബിന്റെ ഭാവിയിൽ ഞങ്ങൾ പ്രവർത്തിക്കുന്നു, അത് ശരിക്കും ഇതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണ്, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്താണ് സംഭവിച്ചതെന്ന് ശ്രദ്ധിക്കരുത്, ”ലീഗ് ആരംഭിക്കുന്നതിനു മുൻപായി കൂമാന് പറഞ്ഞിരുന്നു.

21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി ചൊവ്വാഴ്ച പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.നികുതി കഴിഞ്ഞ് ഓരോ സീസണിലും 35 മില്യൺ ഡോളറാണ് മെസ്സിക്ക് വേതനമായി ലഭിക്കുക.ബാഴ്സലോണയിലെ തന്റെ ആദ്യ കിറ്റ് നമ്പറായ 30 ആണ് മെസ്സിക്ക് പാരിസിൽ തെരഞ്ഞെടുത്തത്.