ഇരട്ടഗോളുകളും ആയി മെസ്സി , പിന്നിൽ നിന്നും തിരിച്ചു വന്ന് തകർപ്പൻ ജയവുമായി പിഎസ്ജി

ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും പി.എസ്.ജിക്ക് ആയി ഗോളുമായി ലയണൽ മെസ്സി. മെസ്സി ഇരട്ടഗോളുകൾ നേടിയ മത്സരത്തിൽ ജർമ്മൻ ക്ലബ് ആർ.ബി ലൈപ്സിഗിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ഫ്രഞ്ച് ക്ലബ് മറികടന്നത്. കളം നിറഞ്ഞു കളിച്ച കിലിയൻ എമ്പപ്പെയും മത്സരത്തിൽ പാരീസിന് ആയി തിളങ്ങിയെങ്കിലും താരം അവസാന നിമിഷം പെനാൽട്ടി പാഴാക്കുന്നതും മത്സരത്തിൽ കണ്ടു.

മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ എമ്പപ്പെയിലൂടെ പി.എസ്.ജിയാണ് മത്സരത്തിൽ ആദ്യം മുന്നിലെത്തിയത്. 28 മിനിറ്റിൽ ആഞ്ചലീന്യോ നൽകിയ പാസിൽ നിന്നു ആന്ദ്ര സിൽവ സമനില ഗോൾ നേടി. ആദ്യ പകുതിയിൽ പാരീസിനെ പലപ്പോഴും സമ്മർദ്ദത്തിലാക്കാൻ ലൈപ്സിഗിന് ആയി.57 മിനിറ്റിൽ മുകിയെല ജർമ്മൻ ക്ലബിനെ പാരീസിൽ മുന്നിലെത്തിച്ചു. സ്വന്തം കാണികൾക്ക് മുന്നിൽ സമ്മർദ്ദത്തിൽ ആയ പോലെയാണ് പലപ്പോഴും പാരീസ് താരങ്ങൾ കളിച്ചത്. എന്നാൽ പത്ത് മിനിറ്റിനുള്ളിൽ ലയണൽ മെസ്സി പാരീസിന്റെ രക്ഷക്ക് എത്തി. ലൈപ്സിഗ് പ്രതിരോധം നൽകിയ പന്ത് സ്വീകരിച്ച എമ്പപ്പെ അത് മെസ്സിക്ക് മറിച്ചു നൽകിയപ്പോൾ മെസ്സി ഗോൾ കീപ്പറെ ഷോട്ടിലൂടെ മറികടന്നു. പന്ത് പോസ്റ്റിൽ തട്ടി മടങ്ങിയെങ്കിലും ഓടിയെത്തിയ മെസ്സി പന്ത് വലയിലാക്കുക ആയിരുന്നു.

തുടർന്ന് 74 മിനിറ്റിൽ എമ്പപ്പെയെ ബോക്‌സിൽ മുഹമ്മദ് സിമാക്കൻ വീഴ്ത്തിയതോടെ പി.എസ്.ജിക്ക് പെനാൽട്ടി ലഭിച്ചു.അതിമനോഹരമായ ഒരു പനേകയിലൂടെ പെനാൽട്ടി ലക്ഷ്യം കണ്ട മെസ്സി പാരീസിന് നിർണായകമായ മുൻതൂക്കം മത്സരത്തിൽ നൽകി. തുടർന്ന് മത്സരത്തിലേക്ക് തിരിച്ചു വരാൻ ജർമ്മൻ ക്ലബ് ശ്രമിച്ചു എങ്കിലും ഒന്നും ഫലം കണ്ടില്ല. തുടർന്ന് 93 മിനിറ്റിൽ അഷ്റഫ്‌ ഹകീമിയെ ജോസ്കോ ബോക്സിൽ വീഴ്ത്തിയതിന് പാരീസിന് വാറിലൂടെ പെനാൽട്ടി അനുവദിക്കപ്പെട്ടു. ഹാട്രിക്കിന്‌ അരികിൽ ആയിരുന്നു എങ്കിലും ഇത്തവണ പെനാൽട്ടി എമ്പപ്പെക്ക് നൽകുക ആയിരുന്നു മെസ്സി. എന്നാൽ പെനാൽട്ടി ആകാശത്തിലേക്ക് പറത്തുക ആയിരുന്നു ഫ്രഞ്ച് താരം.നിലവിൽ ജയത്തോടെ ഗ്രൂപ്പിൽ ഒന്നാമത് എത്താൻ പാരീസിന് ആയി.

ഈ ചാമ്പ്യൻസ് ലീഗ് സീസണിലെ അയാക്സിന്റെ ഗംഭീര പ്രകടനം തുടരുകയാണ്. ഗ്രൂപ്പിലെ അവരുടെ നിർണായക മത്സരത്തിൽ ശക്തരായ ബൊറൂസിയ ഡോർട്മുണ്ടിനെ അയാക്സ് നിലം തൊടാൻ അനുവദിച്ചില്ല. ആംസ്റ്റർഡാമിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് അയാക്സ് വിജയിച്ചത്.ബ്ലിൻഡ്, ആന്റണി, ഹാളാർ എന്നിവർ അയാക്സിനെ ഗോൾ നേടി. ഒരു ഗോൾ ഡോർട്ട്മുണ്ടിന്റെ സെല്ഫ് ഗോളായിരുന്നു

മറ്റു മത്സരങ്ങളിൽ പോർട്ടോ എതിരില്ലാത്ത ഒരു ഗോളിന് എ സി മിലാൻ പരാജയപ്പെടുത്തി. പോർട്ടോയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ കൊളംബിയൻ താരം ലൂയിസ് ഡിയാസ് ആണ് പോർച്ചുഗീസ് ടീമിന് ജയം സമ്മാനിച്ചത്. ഇരു ടീമുകളും വലിയ അവസരങ്ങൾ ഒന്നും ഉണ്ടാക്കാത്ത മത്സരത്തിൽ ഡിയാസിന്റെ ഗോൾ മത്സരത്തിന്റെ വിധി എഴുതുക ആയിരുന്നു. ഗ്രൂപ്പ് ബിയിൽ ജയത്തോടെ അത്ലറ്റികോ മാഡ്രിഡിന് ഒപ്പം നാലു പോയിന്റുകൾ ആണ് പോർട്ടോക്ക് നിലവിൽ ഉള്ളത്. അതേസമയം മൂന്നിൽ മൂന്നു കളിയിലും പരാജയം നേരിട്ട മിലാനു ഇനി ഗ്രൂപ്പ് ഘട്ടം കടക്കണം എങ്കിൽ അത്ഭുതം തന്നെ സംഭവിക്കണം.

ഈ സീസൺ യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ വിജയം അവസാനം ഇന്റർ മിലാൻ സ്വന്തമാക്കി. ഷെറിഫിനെ നേരിട്ട ഇന്റർ മിലാൻ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. സെക്കോ, വിദാൽ,ഡി വ്രിജിൽ എന്നിവരാണ് ഇന്ററിന്റെ ഗോളുകൾ നേടിയത് .

കടപ്പാട്

Rate this post