മിഗുവൽ അൽമിറോൺ : ❝ മിന്നുന്ന പ്രകടനവുമായി കോപ്പയിൽ ശ്രദ്ധിക്കപ്പെട്ട താരം ❞

കോപ്പ അമേരിക്കയിൽ ഗ്രൂപ് ഘട്ട മത്സരങ്ങൾ ഇന്ന് അവസാനിച്ചിരിക്കുകയാണ്. നാല് ദിവസത്തെ ഇടവേളയ്ക്കു ശേഷം ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കും. പ്രതീക്ഷിച്ചതു പോലെ തന്നെ ലയണൽ മെസ്സിയും ,നെയ്മറും ,കവാനിയും അടക്കമുള്ള സൂപ്പർ താരങ്ങൾ എല്ലാം മികച്ച പ്രകടനം തന്നെയാണ് ഗ്രൂപ് ഘട്ട മത്സരങ്ങളിൽ പുറത്തെടുത്തത്. എന്നാൽ നിരവധി അപ്രതീക്ഷിത പ്രകടനങ്ങൾക്കും കോപ്പ വേദിയായി. കോപ്പയിലെ സൂപ്പർ താരങ്ങളെ മാറ്റി നിർത്തിയാൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് പരാഗ്വേൻ അറ്റാക്കിങ് മിഡ്ഫീൽഡർ മിഗുവൽ അൽമിറോൺ.

ഇംഗ്ലീഷ് ക്ലബ് ന്യൂ കാസിൽ യുണൈറ്റഡിന്റെ താരമാണ് 27 കാരൻ. പരാഗ്വേയെ ക്വാർട്ടറിൽ എത്തിക്കുന്നതിൽ അതിവേഗ മിഡ്ഫീൽഡർ വഹിച്ച പങ്കു വലുതാണ്. രണ്ടു തവണ കോപ്പ അമേരിക്ക ജേതാക്കളായ ചിലിക്ക് മുകളിൽ മൂന്നാം സ്ഥാനക്കാരായാണ് പരാഗ്വേ ക്വാർട്ടറിൽ കടന്നത്. ചിലിക്കെതിരെയുള്ള നിർണായക മത്സരത്തിൽ ഒരു ഗോളും അസിസ്റ്റുമായി ടീമിനെ വിജയിപ്പിക്കുന്നതിൽ താരം നിർണായക പങ്കു വഹിക്കുകയും ചെയ്തു.

ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ പരാഗ്വേയെ മുന്നോട്ട് നയിച്ചത് ഈ പത്താം നമ്പർകാരനാണ്. അർജന്റീനയ്‌ക്കെതിരായ പരാഗ്വേയുടെ നേരിയ തോൽവിയിലും മികച്ചു നിന്ന അൽമിറോൺ തന്റെ വേഗത കൊണ്ടും ഡ്രിബിബ്ലിങ് കൊണ്ടും അർജന്റീനിയൻ പ്രതിരോധത്തെ ബുദ്ധിമുട്ടിച്ചതിനാൽ പിച്ചിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറി.ചിലിക്കെതിരെ, അൽമിറോൺ സമൂഡിയോയുടെ ഗോളിനെ സഹായിക്കുകയും രണ്ടാം പകുതിയിൽ പെനാൽറ്റിയിൽ നിന്നും ടീമിന്റെ ക്വാർട്ടർ ഉറപ്പിച്ച ഗോളും നേടി.

എന്നാൽ ഉറുഗ്വേയ്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ അൽമിറോൺ കളിക്കിടയിൽ പരിക്കേറ്റു പുറത്തായി. പരിക്കേറ്റ തത്വത്തിനു പെറുവിനെതിരെയുള്ള ക്വാർട്ടർ ഫൈനൽ നഷ്ടമാവും എന്ന റിപ്പോർട്ടുകളും പുറത്തു വന്നു.അൽമിറോനിന്റെ അഭാവത്തിൽ ഉറുഗ്വേ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. താരത്തിന്റെ അഭാവം ക്വാർട്ടറിൽ പരാഗ്വേയെ വലിയ രീതിയിൽ ബാധിക്കും എന്നുറപ്പാണ്.

മിഗ്ഗി എന്ന് വിളിപ്പേരുള്ള അൽമിറോൺ പരാഗ്വേൻ ക്ലബ് സെറോ പോർട്ടിനോയിലൂടെയാണ് പ്രൊഫെഷണൽ കരിയർ ആരംഭിക്കുന്നത്.2015 ൽ അർജന്റീനിയൻ ക്ലബ് ലാനസിൽ എത്തി എന്നാൽ ഒരു വർഷത്തിന് ശേഷം മേജർ ലീഗ് സോക്കർ ക്ലബ് അറ്റ്ലാന്റ താരത്തിന്റെ സ്വന്തമാക്കി. രണ്ടുസീസാണ് അവിടെ തുടർന്ന അൽമിറോൺ അവർക്കായി 70 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ നേടി. 2019 ൽ 21 മില്യൺ ഡോളറിനു ന്യൂ കാസിൽ അൽമിറോൺ സ്വന്തമാക്കി. ആദ്യ സീസണിൽ ടീമിൽ വേണ്ട അവസരം ലഭിച്ചില്ലെങ്കിലും പിന്നീടുള്ള രണ്ടു സീസണുകളിലും ടീമിന്റെ അവിഭാജ്യ ഘടകമായി അദ്ദേഹം മാറി. ന്യൂ കാസിലിനായി മൂന്നു സീസൺ കൊണ്ട് 91 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയിട്ടുണ്ട്. പരാഗ്വേക്കായി 34 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളും നേടിയിട്ടുണ്ട്.