“മിന്നൽ ജഡ്ഡു” ; ഫുട്ബോളിന് പിന്നാലെ മിന്നൽ മുരളി എഫക്ട് ഇന്ത്യൻ ക്രിക്കറ്റിലും

ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്ത മലയാള ചലച്ചിത്രമാണ് ‘മിന്നൽ മുരളി’. നെറ്റ് ഫ്ലിക്സിൽ ഒടിടി റിലീസ് ആയി എത്തിയ ചിത്രം, വലിയ വിജയമായതിന് പിന്നാലെ, ചിത്രത്തിന്റെ പേരും ഗാനവും മലയാളക്കരയും കടന്ന് പ്രശസ്തി നേടുകയാണ്. കായിക മേഘലയിലാണ് ഇപ്പോൾ മിന്നൽ മുരളി എഫക്റ്റ് അലയടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അടിച്ച മിന്നൽ മുരളി എഫക്റ്റ് ശ്രദ്ധേയമായിരുന്നു. പ്രീമിയർ ലീഗ് ക്ലബ്‌ മാഞ്ചസ്റ്റർ സിറ്റിയുടെ അൾജീരിയൻ താരം റിയാദ് മെഹ്‌റസിനെ ക്ലബ്‌ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ‘മെഹ്‌റസ്‌ മുരളി’ എന്ന അടിക്കുറിപ്പോടെയാണ് വിശേഷിപ്പിച്ചത്. സിറ്റിയുടെ പോസ്റ്റിന്, ‘മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ നിരീക്ഷിക്കുന്നു’ എന്ന് ടോവിനോ തോമസ് കമന്റ് ചെയ്യുകയും ചെയ്തു. പോസ്റ്റ്‌ വൈറലായതോടെ ടോവീനോയുടെ കമന്റും ശ്രദ്ധേയമായി.

ഇപ്പോൾ, മിന്നൽ മുരളി എഫക്ട് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ എത്തിയിരിക്കുകയാണ്. ‘മിന്നൽ മുരളി’യിലെ ഒരു ഗാനത്തിനൊപ്പം രവീന്ദ്ര ജഡേജ വർക്കൗട്ട് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങ്. പരിക്കേറ്റ് ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പുറത്തായ ഇന്ത്യൻ ഓൾറൗണ്ടർ, ഇപ്പോൾ ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനത്തിലാണ്.

ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, തന്റെ റീൽസ്‌ വീഡിയോയിൽ ‘മിന്നൽ മുരളി’യിലെ ‘മഞ്ചാടി കാട്ടിനുള്ളിൽ’ എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പമാണ് തന്റെ വർക്കൗട്ട് രംഗങ്ങൾ പങ്കുവച്ചത്. ‘മിന്നൽ വേഗത്തിൽ തിരിച്ചു വരും’ എന്ന അടിക്കുറിപ്പോടെയാണ് ജഡേജ വീഡിയോ പങ്കുവച്ചത്. വീഡിയോ വൈറലായതോടെ, ‘മിന്നൽ ജഡ്ഡു’ എന്നാണ് താരത്തിന്റെ ആരാധകർ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.