❝ കിരീടം🏆🔥 നേടിയതിന്റെ അടുത്ത 🔴🚩
സീസണിൽ തന്നെ💔🙆‍♂️ ഇങ്ങനെ സംഭവിച്ചെങ്കിൽ
സല പറയുന്നതിലും കാര്യമില്ലേ❞

ഫുട്ബോൾ മത്സരങ്ങൾ ലോകത്തെവിടെ നടന്നാലും അത് കാണാൻ ഒരുപാട് ആളുകൾ കൂടിച്ചേരും എന്നത് ഉറപ്പാണ്. ലോകത്തിലെ ഏറ്റവും പ്രചാരം ഉള്ള കളികളിൽ ഒന്നായ ഫുട്ബോൾ കാണികൾക്ക് നൽകുന്ന ആവേശവും ഊർജ്ജവും ചില്ലറയല്ല. ആരാധകർ തങ്ങളുടെ ഇഷ്ടപ്പെട്ട ടീമിൻ്റെ കളി കാണുവാനും അവരുടെ ടീമിനെ പ്രോത്സാഹിപ്പിക്കുവാനും വേണ്ടി സ്റ്റേഡിയങ്ങൾ എത്താറുണ്ട്. ഇങ്ങനെ ഇരച്ചെത്തുന്ന ആരാധകർ അവരുടെ ടീമിന് വേണ്ടി ആർത്തിരമ്പുമ്പോൾ അത് ടീമിലെ കളിക്കാർക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. പല കളിക്കാരും അവരുടെ മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നത് ഈ ആരാധക സമൂഹത്തിൻ്റെ പിൻബലം കൊണ്ടാണ്. എന്നാൽ കഴിഞ്ഞ ഒരു കൊല്ലമായി ഈ ആരാധക സമൂഹത്തിന് തങ്ങളുടെ ടീമുകളെ പ്രോത്സാഹിപ്പിക്കുവാൻ സ്റ്റേഡിയത്തിൽ പറ്റിയിട്ടില്ല.

കൊറോണ മഹാമാരിയുടെ പിടിയിൽ പെട്ട് ലോകം ആടിയുലഞ്ഞപ്പോൾ നിശ്ചലമായ കളിസ്ഥലങ്ങളിൽ വീണ്ടും കളി പുനരാരംഭിച്ചപ്പോൾ കൊറോണയെ മുൻനിർത്തി സുരക്ഷാ മുൻകരുതലുകൾ എന്നോണം അടച്ചിട്ട സ്റ്റേഡിയങ്ങളിൽ ആളുകളെ പ്രവേശിപ്പിക്കാതെ ആകും കളിക്കുക എന്ന് തീരുമാനം എടുത്തിരുന്നു. ഈയൊരു തീരുമാനത്തെ പറ്റി യഥേഷ്ടം ചർച്ചകളും നടന്നിരുന്നു. ടീമുകളുടെ കളിക്ക് ഉണ്ടാകാവുന്ന മാറ്റങ്ങൾ അങ്ങനെ പല പല തലങ്ങളിൽ ഇതിൻ്റെ ചർച്ച എത്തിയിരുന്നു.പതിയെ മത്സരങ്ങൾ തുടങ്ങി “പുതിയ രീതിയുമായി” കളിക്കാരും കളിയുമായി ബന്ധപ്പെട്ട ബാക്കി എല്ലാവരും ആരാധകരടക്കം പതിയെ പൊരുത്തപ്പെട്ട് തുടങ്ങി. പക്ഷേ ഇത് പലരെയും പല വിധത്തിൽ ആണ് ബാധിച്ചത്. വലിയ തോതിൽ വ്യത്യാസങ്ങൾ ഒന്നും പ്രകടമായിരുന്നില്ലെങ്കിലും ചില ടീമുകളുടെ പ്രകടനങ്ങളിൽ നിന്നും ചില വ്യത്യാസങ്ങൾ നമുക്ക് കാണാൻ കഴിയുമായിരുന്നു.


അത്തരമൊരു വ്യത്യാസം പ്രകടമായതായി അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇംഗ്ലീഷ് ക്ലബ് ലിവർപൂളിൻെറ സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് സലാ. സ്റ്റേഡിയത്തിൽ ആരാധകർ ഇല്ലാത്തത് ലിവർപൂളിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് സൂപ്പർ താരം മുഹമ്മദ് സലാ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ ഒരു കാരണം ലിവർപൂളിന് തുടർച്ചയായി ഹോം മത്സരങ്ങളിൽ തോൽവികൾ സംഭവിക്കുന്നതെന്ന് താരം വ്യക്തമാക്കി.ലിവർപൂളിൻ്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ അവസാന ആറുമത്സരങ്ങളിലും ചെമ്പട തോൽവി വഴങ്ങിയിരുന്നു. ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ക്ലോപ്പും സംഘവും കടന്നുപോകുന്നത്.’കോവിഡ് കാരണം ഞങ്ങൾക്ക് ഫാൻസിനെ നഷ്ടപ്പെട്ടു. ഫാൻസില്ലാതെ മോശം ഫോമിലേക്ക് വീണ മറ്റൊരു ടീമും ലോകത്തുണ്ടാകില്ല. ഇപ്പൊൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ബർത്താണ് ഞങ്ങളുടെ ലക്ഷ്യം.’- സല പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിന് ഇത്തവണ കിരീടമോഹങ്ങൾ അസ്തമിച്ച മട്ടാണ്. നിലവിൽ പോയിന്റ് പട്ടികയിൽ 46 പോയിൻ്റുമായി ഏഴാം സ്ഥാനത്താണ് ലിവർപൂൾ. ഒന്നാം സ്ഥാനത്ത് തകർപ്പൻ ഫോമിൽ തുടരുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് 71 പോയിൻ്റാണുള്ളത്. ലീഗിൽ നാലാം സ്ഥാനത്ത് എത്തിയാലെ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത നേടാനാകൂ. 29 കളികൾ പൂർത്തിയായപ്പോൾ 51 പോയിൻ്റുമായി ചെൽസി ആണ് നാലാം സ്ഥാനത്ത്. അഞ്ച് പോയിൻ്റാണ് ഇരുടീമുകളും തമ്മിലുള്ള വ്യത്യാസം. ഇനിയുള്ള മത്സരങ്ങളിൽ വിജയിച്ചാൽ ചെമ്പടക്ക് ചാമ്പ്യൻസ് ലീഗ് ബെർത്ത് കരസ്ഥമാക്കാം.

ചാമ്പ്യൻസ് ലീഗിൽ ടീമിൻ്റെ പ്രകടനം ആശാവഹമാണ്. ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് ടീം പ്രവേശനം നേടിയിട്ടുണ്ട്. കരുത്തരായ റയൽ മഡ്രിഡാണ് ലിവർപൂളിന്റെ എതിരാളി. ഏപ്രിൽ ഏഴിന് ഒന്നാം പാദവും 15ന് രണ്ടാം പാദ മത്സരവും നടക്കും.ആരാധകരുടെ അസാന്നിധ്യത്തിന് പുറമെ ടീമിലെ പ്രധാന താരങ്ങൾക്കേറ്റ പരുക്കും ടീമിൻ്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ടീമിൻ്റെ വിശ്വസ്തനായ പ്രതിരോധ നിര താരം വാൻ ഡൈക്കിൻ്റെ അഭാവം ടീമിന് വലിയ തിരിച്ചടി ആണ് സൃഷ്ടിച്ചത്.

കടപ്പാട്