ഡേവിഡ് വാർണറെയും സ്റ്റമ്പിനെയും പവലിയനിലെക്കയച്ച് മുഹമ്മദ് ഷമി

ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരക്ക് ഇന്ന് നാഗ്പൂരിൽ തുടക്കമായി. ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, മത്സരത്തിന്റെ ആദ്യ സെഷൻ പുരോഗമിക്കവേ ഇന്ത്യൻ പേസർമാർ ഓസ്ട്രേലിയൻ ബാറ്റിംഗ് ലൈനപ്പിൽ നാശം വിതക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നിങ്സിന്റെ മൂന്ന് ഓവർ പിന്നിടുമ്പോഴേക്കും ഓസ്ട്രേലിയൻ ഓപ്പണർമാരെ ഇന്ത്യൻ ബൗളർമാർ പവലിയനിലേക്ക് മടക്കി.

മുഹമ്മദ് ഷമി ആണ് ഇന്ത്യക്ക് വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്തത്. ഇന്നിങ്സിന്റെ രണ്ടാം ഓവർ എറിയാൻ എത്തിയത് മുഹമ്മദ് സിറാജ് ആയിരുന്നു. മത്സരത്തിലെ തന്റെ ആദ്യ ബോളിൽ തന്നെ ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജയെ വിക്കറ്റിന് മുന്നിൽ കുടുക്കി പുറത്താക്കിയാണ് സിറാജ് ആരംഭിച്ചത്. 3 ബോളിൽ ഒരു റൺസ് മാത്രം എടുത്ത് എൽബിഡബ്ല്യു ആയി ഉസ്മാൻ ഖവാജ മടങ്ങുകയായിരുന്നു. തുടർന്ന് തന്റെ രണ്ടാമത്തെ ഓവർ എറിയാൻ എത്തിയ മുഹമ്മദ് ഷമിയും ഓസ്ട്രേലിയയെ ഞെട്ടിച്ചു.

ഓവറിലെ തന്റെ രണ്ടാമത്തെ ബോളിൽ, അപകടകാരിയായ ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ മുഹമ്മദ് ഷമി ബൗൾഡ് ചെയ്യുകയായിരുന്നു. 5 ബോളിൽ ഒരു റൺസ് മാത്രമാണ് ഡേവിഡ് വാർണർക്ക് നേടാൻ ആയത്. മുഹമ്മദ് ഷമിയുടെ ഇൻസൈഡ് എഡ്ജ് ചെയ്ത ബോൾ ഡിഫൻഡ് ചെയ്യാൻ ശ്രമിച്ച ഡേവിഡ് വാർണർ ക്രീസിൽ സ്തംഭിച്ചു നിൽക്കുന്ന കാഴ്ചയാണ് കണ്ടത്. ആദ്യ മൂന്നു ഓവറുകളിൽ തന്നെ ഓപ്പണർമാരെ നഷ്ടമായത് ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടിയായി.

മാർനസ് ലബുഷാനേ (13*), സ്റ്റീവ് സ്മിത്ത് (6*) എന്നിവരാണ് ഇപ്പോൾ ക്രീസിൽ തുടരുന്നത്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നീ മൂന്ന് സ്പിന്നർമാരെ പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയ ഇന്ത്യ, ഫാസ്റ്റ് ബൗളർമാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ എട്ട് ഓവറുകൾ പിന്നിടുമ്പോൾ 26/2 എന്ന നിലയിലാണ് ഓസ്ട്രേലിയ.

Rate this post