Ashes : “മൊട്ടത്തലയിൽ ഓട്ടോഗ്രാഫ് നൽകി ഇംഗ്ലണ്ട് താരം”

ഇംഗ്ലണ്ട് ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ ഒന്നാം ദിനം മഴ കളിച്ചപ്പോൾ, ഒന്നാം ഇന്നിംഗ്സ്‌ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ 46.5 ഓവറിൽ 126/3 എന്ന സ്കോറിൽ ഒന്നാം ദിനം കളി അവസാനിപ്പിച്ചു. ടോസ് ലഭിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക്‌ വേണ്ടി ഓപ്പണർമാരായ ഡേവിഡ് വാർണർ (30), മാർക്കസ് ഹാരിസ് (38) എന്നിവർ ബേധപ്പെട്ട തുടക്കം നൽകിയപ്പോൾ, മാർനസ് ലബുഷാഗ്നെ (28) റൺസ് സംഭാവന ചെയ്തു.

സ്റ്റീവ് സ്മിത് (6), ഉസ്മാൻ ഖവാജ (4) എന്നിവരാണ് ഓസ്ട്രേലിയക്ക്‌ വേണ്ടി ക്രീസിൽ തുടരുന്നത്. ഇംഗ്ലണ്ടിന് വേണ്ടി പേസർമാരായ ജെയിംസ് അൻഡേഴ്സൺ, സ്റ്റുവർട്ട് ബ്രോഡ്, മാർക്ക്‌ വുഡ് എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്ത്തി. 5 മത്സരങ്ങളടങ്ങിയ പരമ്പരയിൽ, കളിച്ച മൂന്ന് കളിയിലും വിജയിച്ച്, പരമ്പരയിൽ 3-0 ത്തിന്റെ ആധിപത്യം ഓസ്ട്രേലിയ പുലർത്തുന്നുണ്ട്. തുടർച്ചയായ മൂന്ന് മത്സരം പരാജയപ്പെട്ട് പരമ്പര നഷ്ടമായ ഇംഗ്ലണ്ടിന്, സിഡ്നിയിൽ നടക്കുന്ന നാലാം ടെസ്റ്റ്‌ അഭിമാന പോരാട്ടമാണ്.മത്സരം മഴ മൂലം അവസാനിപ്പിച്ച്, കളിക്കാർ പവലിയനിലേക്ക് മടങ്ങുമ്പോൾ നടന്ന രസകരമായ ഒരു സംഭവം ആരാധകരുടെ ഹൃദയം കവർന്നു.

ആരാധകർ പേപ്പറിലും, ബാറ്റിലും, ജേഴ്സിയിലുമെല്ലാം ഇഷ്ട കളിക്കാരുടെ ഓട്ടോഗ്രാഫുകൾ വേടിക്കുന്നത് ക്രിക്കറ്റിൽ ഒരു പതിവ് കാഴ്ച്ചയാണ്. എന്നാൽ, ഇംഗ്ലണ്ടിന് വേണ്ടി ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്തിരുന്ന സ്പിന്നർ ജാക്ക് ലീച്ചിനോട്‌, ഒരു കണ്ണട വെച്ച മൊട്ടത്തലയനായ ആരാധകൻ, തന്റെ മൊട്ടത്തലയിൽ ഒരു ഓട്ടോഗ്രാഫ് ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന്, മത്സരം അവസാനിപ്പിച്ച് കളിക്കാർ പവലിയനിലേക്ക് മടങ്ങുന്ന വഴി, ഇംഗ്ലണ്ടിന്റെ ഇടംകൈയ്യൻ സ്പിന്നറോട അതേ ആരാധകൻ വീണ്ടും തന്റെ തലയിൽ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടപ്പോൾ, സിഡ്നി ക്രിക്കറ്റ്‌ ഗ്രൗണ്ടിലെ കാണികൾ മുഴുവൻ മൊട്ടത്തലയിൽ ഓട്ടോഗ്രാഫ് നൽകാൻ ലീച്ചിനെ പ്രോത്സാഹിപ്പിച്ചു. തുടർന്ന്, ഇംഗ്ലണ്ട് സ്പിന്നർ ആരാധകന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ തലയിൽ ഓട്ടോഗ്രാഫ് നൽകുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വയറലായതോടെ, ലീച്ചിന്റെ മനോഭാവത്തിന് ആരാധകർ കയ്യടിച്ചു.

Rate this post