437 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ധോണിയുടെ തകർപ്പൻ തിരിച്ചു വരവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതിനു ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുടെ ആദ്യ മത്സരമായിരുന്നു ഇന്നലെ ഐപിഎല്ലിൽ നടന്നത്. ധോണിയുടെ തിരിച്ചു വരവ് തന്നെയാണ് ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകതയും.437 ദിവസത്തെ ഇടവേളയ്ക്കു ശേഷമാണ് ധോണി സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തടുന്നത്. ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ധോണിയും കൂട്ടരും വരവറിയിച്ചു.

മുംബൈക്കെതിരെയുള്ള മത്സരത്തിൽ രണ്ടു റെക്കോര്ഡുകളാണ് ധോണി സ്വന്തം പേരിൽ കുറിച്ചത്.സിഎസ്‌കെ നായകനായി 100 ജയമെന്ന റെക്കോഡാണ് ധോണി സ്വന്തം പേരിലാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ നായകനും ധോണിയാണ്.ടി20യില്‍ 250 പുറത്താക്കലും ധോണി പിന്നിട്ടു. ഐപിഎല്ലിലെ 100ാം ക്യാച്ചും മുംബൈക്കെതിരായ മത്സരത്തിലൂടെ ധോണി സ്വന്തമാക്കി. ബാറ്റുകൊണ്ട് കാര്യമായൊന്നും ധോണിക്ക് ചെയ്യേണ്ടി വന്നില്ലെങ്കിലും ധോണിയെന്ന ബുദ്ധി രാക്ഷസന്റെ തന്ത്രങ്ങളാണ് മുംബൈയ്‌ക്കെതിരേ വിജയം സമ്മാനിച്ചത്.

ക്രിക്കറ്റ് മൈതാനത്തെ ധോണിയുടെ തന്ത്രങ്ങള്‍ പിഴക്കില്ലെന്ന് തെളിയിച്ച നിരവധി സംഭവങ്ങള്‍ മുംബൈ സിഎസ്‌കെ മത്സരത്തിലുണ്ടായി. മുംബൈയുടെ ഓപ്പണിങ് കൂട്ടുകെട്ട് മികച്ച രീതിയില്‍ മുന്നേറവെ രോഹിത് ശര്‍മയുടെ ദൗര്‍ബല്യം നന്നായി അറിയാവുന്ന ധോണി സ്പിന്‍ കെണിയൊരുക്കി രോഹിതിനെ വീഴ്ത്തി. പീയൂഷ് ചൗളയ്‌ക്കെതിരേ മോശം ഷോട്ട് കളിച്ച് അനായാസ ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. കൃത്യമായ ഇടവേളകളില്‍ മുംബൈയുടെ വിക്കറ്റ് വീഴ്ത്തിയത് ധോണിയുടെ ബൗളിങ് ചേഞ്ചിങ്ങിലെ മികവാണ്.ലൂങ്കി എന്‍ഗിഡി ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയപ്പോള്‍ അദ്ദേഹത്തെ ഏറെ നേരത്തേക്ക് പന്തെറിയിക്കാതെ ധോണി മാറ്റി നിര്‍ത്തി. എന്നാല്‍ രണ്ടാം വരവില്‍ കളം എന്‍ഗിഡി കീഴടക്കി. ആദ്യം ക്രുണാല്‍ പാണ്ഡ്യയെ മടക്കിയ എന്‍ഗിഡി അധികം വൈകാതെ അപകടകാരിയ കീറോണ്‍ പൊള്ളാര്‍ഡിനെയും പറഞ്ഞയച്ചു. തരക്കേടില്ലാതെ ബാറ്റുവീശിയ ജെയിംസ് പാറ്റിന്‍സണെയും എന്‍ഗിഡി വീഴ്ത്തി.

സിഎസ്‌കെ ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ രണ്ട് ശ്രദ്ധേയമായ നീക്കം ധോണിയുടെ ഭാഗത്ത് നിന്നുണ്ടായി. അതില്‍ പ്രധാനം രവീന്ദ്ര ജഡേജയ്ക്ക് ബാറ്റിങ് പ്രൊമോഷന്‍ നല്‍കിയതാണ്. എന്നാല്‍ ജഡേജയ്ക്ക് അവസരം നന്നായി മുതലാക്കാന്‍ സാധിക്കാതെ വന്നതോടെ ഏവരും പ്രതീക്ഷിച്ചത് ധോണിയാണ്. അവിടെയും ഏവരുടെയും ചിന്തകള്‍ക്ക് മുകളില്‍ തന്ത്രം മെനഞ്ഞ ധോണി യുവതാരം സാം കറാനെ ബാറ്റിങ്ങിനിറക്കുകയും 6 പന്തില്‍ രണ്ട് സിക്‌സും 1 ഫോറും നേടി കറാന്‍ മത്സരഫലം സിഎസ്‌കെയ്ക്ക് അനുകൂലമാക്കുകയും ചെയ്തു. ഒടുവില്‍ ബൂംറ എറിഞ്ഞ 19ാം ഓവറില്‍ അംപയര്‍ തെറ്റായി ഔട്ട് വിളിച്ചപ്പോള്‍ ഡിആര്‍എസിലൂടെ തീരുമാനം തിരുത്തിച്ച ധോണി തനിക്ക് പകരക്കാരനില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.

(കടപ്പാട് )