“40-ാം വയസ്സിലും വേൾഡ് ക്ലാസ്സ്‌ ഫിനീഷർ , ‘തല’യെടുപ്പോടെ ചെന്നൈ സൂപ്പർ കിംഗ്സ്”| IPL 2022|MSD| CSK

ഐപിഎൽ എൽ ക്ലാസിക്കോയിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിംഗ്സിന് ജയം. നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന ലാസ്റ്റ് ബോൾ ത്രില്ലെർ മത്സരത്തിൽ 3 വിക്കറ്റിനാണ് ചെന്നൈ സൂപ്പർ കിംഗ്സ് ജയം നേടിയത്. എംഎസ് ധോണിയുടെ ഫിനിഷിംഗ് മികവാണ് മുംബൈ ഇന്ത്യൻസ് പ്രതീക്ഷികളെ തട്ടിത്തെറിപ്പിച്ച് അവസാന ഓവറിൽ ജയം ചെന്നൈ സൂപ്പർ കിംഗ്സിന് സമ്മാനിച്ചത്.

അവസാന ഓവറിൽ ജയിക്കാൻ 17 റൺസ് വേണമെന്നിരിക്കെ, 6 വിക്കറ്റ് നഷ്ടമായി നിൽക്കുന്ന സൂപ്പർ കിംഗ്സിന്, 20-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഡ്വയ്ൻ പ്രിട്ടോറിയസിനെ നഷ്ടമായി. ഉനദ്കട്ടിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് 14 പന്തിൽ 22 റൺസെടുത്ത ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ മടങ്ങിയത്. തുടർന്ന്, ക്രീസിലെത്തിയ ഡ്വയ്ൻ ബ്രാവോ തൊട്ടടുത്ത പന്തിൽ സിംഗിൾ എടുത്ത് സ്ട്രൈക്ക് ധോണിക്ക് കൈമാറി.

4 ബോളിൽ 16 റൺസ് ലക്ഷ്യം, എല്ലാ കണ്ണുകളും ധോണിയിലേക്ക്. ഓവറിലെ 3-ാം ബോൾ ഓഫ് സ്റ്റംപിന് മുകളിലൂടെ ബാക്ക് ഫൂട്ട് ഡ്രൈവിലൂടെ സിക്സ്. സിഎസ്കെ ആരാധകർ ആവേശത്തിലായി. മുംബൈ ക്യാമ്പിൽ നിരാശ പടർന്നു. തൊട്ടടുത്ത പന്തിൽ ഒരു ഓഫ് കട്ടർ ഷോട്ടിലൂടെ ധോണിയുടെ ഫോർ. രോഹിത് ശർമ്മയുടെ മുഖത്തുൾപ്പടെ നിരാശ പ്രകടമായി.

2 ബോളിൽ 6 റൺസ് വേണമെന്നിരിക്കെ, ഉനദ്കട്ട് എറിഞ്ഞ ഓവറിലെ 5-ാം ബോൾ ലെഗ് സൈഡിലേക്ക് അടിച്ച് അതിവേഗം ഒരു ഡബിൾ. തുടർന്ന്, അവസാന ബോളിൽ ജയിക്കാൻ 4 റൺസ് വേണമെന്ന നിലയിലായി. ഉനദ്കട്ടിന്റെ ഫുൾടോസ് സ്‌ക്വയർ ലെഗിലൂടെ ബൗണ്ടറി കണ്ടെത്തിയതോടെ, മത്സരത്തിന്റെ ക്ലൈമാക്സിൽ ചെന്നൈ സൂപ്പർ കിംഗ്സ്‌ സീസണിലെ രണ്ടാം ജയം കുറിച്ചു.