“ഫുട്ബോൾ ലോകം അടക്കി ഭരിക്കുന്ന ഈജിപ്ഷ്യൻ കിംഗ്”

ഇന്നലെ ഓൾഡ്‌ട്രാഫൊർഡിൽ നടത്തിയ അതിഗംഭീര പ്രകടനത്തോടെ നിലവിൽ ലോക ഫുട്ബോളിൽ തനിക്ക് എതിരാളികൾ ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ലിവർപൂളിന്റെ ഈജിപ്ഷ്യൻ കിംഗ് മുഹമ്മദ് സലാ. ലിവർപൂളിന്റെ 5-0 ന്റെ വലിയ ജയത്തിൽ ഓൾഡ് ട്രാഫോർഡിൽ ഇന്ന് ഹാട്രിക് ഗോളുകൾ നേടിയ സലാഹ് ഒരു ഗോളിന് അവസരവും ഒരുക്കി. ലിവർപൂളിനായി തുടർച്ചയായ പത്ത് മത്സരങ്ങളിൽ ഗോൾ കണ്ടത്തി അത്തരത്തിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് നേടി സലാ.ചിലപ്പോൾ യുണൈറ്റഡ് ആരാധകർ പോലും ഇന്ന് അയാളുടെ കളി ആസ്വദിച്ചു കാണണം, അത്രക്ക് അത്രക്ക് ആധികാരികം ആയിരുന്നു ഇന്നലെ ശാലയുടെ പ്രകടനം.

ഒരൊറ്റ സീസൺ വിസ്മയം എന്നു പരിഹസിച്ചവർക്ക് നേരെ തന്റെ പ്രകടനങ്ങൾ കൊണ്ടു ചിരിച്ചു മറുപടി പറയുന്ന സലാഹ് ഈ സീസണിൽ പ്രീമിയർ ലീഗിൽ ഇത് വരെ ഒമ്പത് കളികളിൽ നിന്നു 10 ഗോളുകളും 5 അസിസ്റ്റുകളും ആണ് നേടിയത്. ഇന്നലത്തെ മത്സരത്തിൽ തന്റെ ആദ്യ ഗോൾ നേടിയതോടെ ഐവറി കോസ്റ്റ് ഇതിഹാസം ദിദിയർ ദ്രോഗ്ബയെ മറികടന്ന് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ആഫ്രിക്കൻ താരമെന്ന റെക്കോർഡ് സല സ്വന്തമാക്കി. ചെൽസിക്ക് വേണ്ടി മൊത്തം 254 പ്രീമിയർ ലീഗ് മത്സരങ്ങൾ കളിച്ച ദ്രോഗ്ബ 104 ഗോളുകളായിരുന്നു ലീഗിൽ സ്കോർ ചെയ്തത്. എന്നാൽ വെറും 167 മത്സരങ്ങളിൽ നിന്നാണ് സല ഈ ഗോൾ നേട്ടം മറികടന്ന് പ്രീമിയർ ലീഗിലെ എക്കാലത്തെയും ഉയർന്ന ആഫ്രിക്കൻ ഗോൾ വേട്ടക്കാരനായിരിക്കുന്നത്. നിലവിൽ 167 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് 107 ഗോളുകളാണ് ഇരുപത്തിയൊൻപതുകാരനായ സലയുടെ സമ്പാദ്യം.

പ്രീമിയർ ലീഗിൽ മാത്രമല്ല ചാമ്പ്യൻസ് ലീഗിലും സലാ മികച്ച ഫോമിലാണ്. ഗ്രൂപ്പിൽ കളിച്ച മൂന്നു മത്സരങ്ങളിലും താരം ഗോൾ കണ്ടെത്തി.മാഞ്ചസ്റ്റർ യുണൈറ്റഡിനു എതിരെ പ്രീമിയർ ലീഗിൽ ഓൾഡ് ട്രാഫോർഡിൽ ആദ്യമായി ഹാട്രിക് ഗോളുകൾ നേടുന്ന എതിർ താരവും കൂടിയാണ് സലാ.നിലവിൽ സലാഹ് ആവശ്യപ്പെടുന്ന എന്തും നൽകി താരത്തെ ലിവർപൂൾ നിലനിർത്തിയാൽ പ്രീമിയർ ലീഗിൽ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായും സലാഹ് മാറും. സമീപകാല പ്രകടനങ്ങളും ടീമിനുള്ള പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ, ലിവർപൂൾ മുഹമ്മദ് സലായുടെ കരാർ വിപുലീകരണത്തിന് മുൻഗണന നൽകണം. ഈജിപ്ഷ്യൻ താരത്തിന്റെ ക്ലബ്ബുമായി നിലവിലുള്ള കരാർ 2023 ൽ അവസാനിക്കും.ആൻഫീൾഡിന്റെ ചരിത്രത്തിലെ എക്കാലത്തെയും മഹാന്മാരായ താരങ്ങൾക്ക് ഒപ്പം തന്നെയാണ് സലയുടെ സ്ഥാനം.

ഓരോ ഗോൾ ആഘോഷത്തിലും സലാഹ് എത്ര പ്രിയപ്പെട്ടവൻ ആണെന്ന് ലിവർപൂൾ ആരാധകരും തനിക്ക് ലിവർപൂൾ എത്രത്തോളം പ്രിയപ്പെട്ടത് ആണ് എന്ന് സലാഹും കാണിക്കുന്നുണ്ട്.നിസ്സംശയമായും ലിവർപൂളിന്റെ ഏറ്റവും പ്രധാനപ്പെട്ട കളിക്കാരനാണ് സല മാത്രമല്ല , ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ്.പുതിയ കരാറിൽ സാലാ പ്രതിമാസം 400,000 പൗണ്ട് വേതനമായി ആവശ്യപ്പെടുമെന്ന് അഭ്യൂഹമുണ്ട്, ഇത് നിലവിലെ വേതന ഘടന കാരണം ലിവർപൂളിന് ഒരു പ്രശ്നമായി മാറിയേക്കാം. സലാഹിൽ പിടിച്ചുനിൽക്കാൻ റെഡ്സ് അവരുടെ കഴിവിന്റെ പരമാവധി ചെയ്യാൻ സാധ്യതയുണ്ട്.2017 ൽ എഎസ് റോമയിൽ നിന്ന് എത്തിയ ശേഷം 215 മത്സരങ്ങളിൽ ലിവർപൂളിനായി സലാ 140 ഗോളുകളും 52 അസിസ്റ്റുകളും നേടിയിട്ടുണ്ട്.