“ഒടുവിൽ ആ തീരുമാനം എത്തി , സച്ചിന്റെ പതിനെട്ടാം അടവ്”|IPL 2022 

ഐപിഎൽ 2022 സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറക്കാനാകാതെ മോശം അവസ്ഥയിലൂടെ കടന്നുപോവുകയാണ് മുംബൈ ഇന്ത്യൻസ്. ഇതിനൊരു മാറ്റം സംഭവിക്കുമോ അതാണ്‌ ഇപ്പോൾ പ്രധാന ആകാംക്ഷ.

ഏറ്റവും കൂടുതൽ തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌, ഈ മോശം തുടക്കം മറികടന്ന് വിജയവഴിയിൽ എത്താൻ പുതിയ മാർഗങ്ങൾ തേടും എന്ന് കഴിഞ്ഞ മത്സരത്തിന് ശേഷം മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ആരാധകരോട് പറഞ്ഞിരുന്നു.ഏപ്രിൽ 16-ന് കെഎൽ രാഹുൽ നയിക്കുന്ന ലഖ്നൗ സൂപ്പർ സൂപ്പർ ജിയന്റ്സുനെതിരെയാണ് മുംബൈ ഇന്ത്യൻസിന്റെ അടുത്ത മത്സരം. ഈ മത്സരത്തിൽ അവർ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെൻടുൽക്കറുടെ മകനും ഫാസ്റ്റ് ബൗളറുമായ അർജുൻ ടെണ്ടുൽക്കറെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തും എന്നതിന്റെ സൂചനയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്.

എൽഎസ്ജിക്കെതിരെയുള്ള മത്സരത്തിന്റെ ഹാഷ് ടാഗ് തലക്കെട്ടായി നൽകി, മുംബൈ ഇന്ത്യൻസ് അവരുടെ സോഷ്യൽ മീഡിയ പേജിൽ അർജുൻ ടെണ്ടുൽക്കറിന്റെ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ബൗളിംഗ് ഡിപ്പാർട്മെന്റിന്റെ ഫോമില്ലായ്മയാണ് മുംബൈ ഇന്ത്യൻസിന്റെ മോശം പ്രകടനത്തിന് കാരണം എന്ന പൊതു ചിന്താഗതി നിലനിൽക്കെ, അർജുൻ ടെൻടുൽക്കറെ കൊണ്ടുവന്ന് ബൗളിംഗ് ഡിപ്പാർട്മെന്റിൽ മുംബൈ ഇന്ത്യൻസ് അഴിച്ചുപണി നടത്താനാണ് പദ്ധതിയിടുന്നത് എന്നാണ് കരുതുന്നത്.

കഴിഞ്ഞ മത്സരങ്ങളിൽ കൂടുതൽ റൺസ് വഴങ്ങിയ ജയ്ദേവ് ഉനദ്കട്ടിനോ മലയാളി പേസർ ബേസിൽ തമ്പിക്കൊ പകരക്കാരനായിയാവും മുംബൈ അർജുൻ ടെണ്ടുൽക്കറിന് ഐപിഎൽ അരങ്ങേറ്റത്തിനുള്ള അവസരം നൽകുന്നത്. എന്തുതന്നെ ആയാലും, സച്ചിൻ ടെൻടുൽക്കറുടെ മകൻ എന്ന വികാരം മുംബൈ ഇന്ത്യൻസ് ആരാധകരുടെ ഹൃദയത്തിൽ ഉള്ളതുകൊണ്ട് തന്നെ, അർജുന്റെ അരങ്ങേറ്റം മുംബൈ ഇന്ത്യൻസ് ആരാധകരെ ആവേശത്തിലാക്കും എന്ന് തീർച്ചയാണ്.