“അരങ്ങേറ്റത്തിൽ സൂപ്പർ ഹിറ്റായി മലയാളി പേസർ തമ്പി” |IPL 2022

ഞായറാഴ്ച മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022 പതിപ്പിലെ രണ്ടാം മത്സരത്തിൽ, ഡൽഹി ക്യാപിറ്റൽസിനെതിരായ സൂപ്പർ ഷോയിലൂടെ, മലയാളി പേസർ ബേസിൽ തമ്പി, അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസിന് വേണ്ടിയുള്ള അരങ്ങേറ്റത്തിൽ തിളങ്ങി. മത്സരത്തിൽ നിർണ്ണായകമായ 3 വിക്കറ്റ് നേട്ടത്തിലൂടെയാണ് തമ്പി അരങ്ങേറ്റം ഗംഭീരമാക്കിയത്.

മത്സരത്തിൽ കേരള പേസർ നേടിയ 3 വിക്കറ്റുകൾ, ഡൽഹി ക്യാപിറ്റൽസിന്റെ ബാറ്റിംഗ് പ്രകടനത്തെ പാളം തെറ്റിക്കുന്നതായിരുന്നു. തന്റെ പുതിയ ഫ്രാഞ്ചൈസിക്ക് വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ, തമ്പിയുടെ രണ്ടാമത്തെ ഓവറിലാണ് മുംബൈക്ക് നിർണ്ണായക നിമിഷത്തിൽ ഒരു ബ്രേക്ക്‌ ത്രൂ ലഭിച്ചത്. ക്രീസിൽ നിലയുറപ്പിച്ച് ഡൽഹി സ്കോർബോർഡ്‌ അതിവേഗം ഉയർത്തുന്നതിനിടയിൽ, ഓപ്പണർ പ്രിത്വി ഷായെ (34) വിക്കറ്റ് കീപ്പർ ഇഷാൻ കിഷന്റെ കൈകളിലെത്തിച്ച് തമ്പി പുറത്താക്കുകയായിരുന്നു.

അതേ ഓവറിൽ, രണ്ടു പന്തുകൾക്കുശേഷം വെസ്റ്റ് ഇന്ത്യൻ പവർ-ഹിറ്റർ റോവ്മാൻ പവലിന്റെ (0) വിക്കറ്റും വീഴ്ത്തി ബേസിൽ തമ്പി ഡൽഹി ക്യാപിറ്റൽസിന് ഇരട്ടി പ്രഹരം നൽകി. അക്കൗണ്ട് ഓപ്പൺ ചെയ്യുന്നതിന് മുന്നേ തന്നെ പവലിനെ ഡാനിയേൽ സാംസിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു ബേസിൽ തമ്പി. തുടർന്ന്, തമ്പിയുടെ മൂന്നാം ഓവറിൽ, ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ ഠാക്കൂറിനെ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ച് തമ്പി തന്റെ കോട്ട പൂർത്തിയാക്കി.

എന്നാൽ, തമ്പിയുടെ പ്രകടനത്തിന് മുംബൈയ്യെ ജയത്തിലേക്ക് നയിക്കാനായില്ല. എന്നിരുന്നാലും, മുംബൈയുടെ തോൽവിയിലും 3-35 എന്ന സ്പെല്ലുമായി തിളങ്ങിയ എറണാംകുളം സ്വദേശിയായ ബേസിൽ തമ്പി, മുംബൈക്ക് ശുഭപ്രതീക്ഷയാണ് നൽകുന്നത്. ഈ വർഷം ആദ്യം നടന്ന ഐപിഎൽ 2022 മെഗാ ലേലത്തിൽ 30 ലക്ഷം രൂപ അടിസ്ഥാന വിലയ്ക്കാണ് തമ്പിയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.