ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും അവഗണിക്കപ്പെട്ട ഓൾ റൗണ്ട് പ്രകടനം

ഒരു പക്ഷെ ഒരിന്ത്യക്കാരന്റെ ഏറ്റവും അവഗണിക്കപ്പെട്ട ഏറ്റവും മികച്ച ഓൾറൗണ്ട് പ്രകടനം നടന്നത് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ 2007 ഒക്ടോബർ 17 നാണ് .ആ മത്സരം ഇന്ത്യയെ ജയിപ്പിച്ചത് ഒരു ഒറ്റയാൾ പോരാട്ടമായിരുന്നു .ഇന്ത്യൻ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച ഈ പോരാട്ടത്തെ എല്ലാവരും മറന്നു എന്നത് അതിശയപ്പെടുത്തുന്ന കാര്യമാണ്. 2007 ൽ ക്രിക്കറ്റിൽ നിന്നും ചെറിയ ഒരു ബ്രേക്ക് എടുത്ത് മാറി ന്നിന്നിരുന്ന 32 കാരനായ മുരളി കാർത്തിക് എന്ന ഇടം കൈയ്യൻ സ്പിന്നറെ വളരെ അപ്രതീക്ഷിതമായാണ് ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് വിളിക്കുന്നത് .

നല്ല ടേണും ബൗൺസും കണ്ടെത്തുന്ന തല കൊണ്ട് പന്തെറിയുന്ന വളരെ മികച്ച സ്പിന്നറായിട്ടും തന്റെ നല്ല പ്രായത്തിൽ കുംബ്ലെയുടെയും ഹർഭജൻറയും നിഴലിൽ ഒതുങ്ങിയ അദ്ദേഹം കൃത്യമായി പറഞ്ഞാൽ 18 മാസത്തെ ഇടവേളക്ക് ശേഷമാണ് തിരിച്ചെത്തുന്നത് . 7 മത്സരങ്ങളുടെ ആ പരമ്പരയിലെ അവസാന മത്സരമാണ് അന്ന് നടക്കുന്നത് .ഇതിനോടകം 4 – 1 ന് പരമ്പര നഷ്ടപ്പെട്ട ഇന്ത്യക്ക് അഭിമാനത്തിന്റെ പോരാട്ടമായിരുന്നു ബാംഗ്ലുരിൽ നടന്ന ആദ്യ ഏകദിനം മഴ കൊണ്ടു പോയിരുന്നു .

ആദ്യം ബാറ്റു ചെയ്ത ആസ്ട്രേലിയക്ക് മത്സരത്തിന്റെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി .മൈക്കൽ ക്ലാർക്കിനെ സഹീർ ഖാൻ വിക്കറ്റിന് മുന്നിൽ കുരുക്കി .എന്നാൽ പോണ്ടിങ്ങും ഗില്ലിയും വളരെ നല്ല റൺറേറ്റിൽ തന്നെ മുന്നോട്ട് പോയി .10 ഓവറിൽ 66 ലെത്തിയ ഓസീസ് 15 ഓവറിൽ 2/102 എന്ന മികച്ച നിലയിലായിരുന്നു .16 ആം ഓവറിന് ശേഷമാണ് ഹർഭജനും മുരളി കാർത്തിക്കും സ്പിൻ ആക്രമണം തുടങ്ങുന്നത്,2 പേരും നന്നായി പന്തെറിഞ്ഞതോടെ റൺറേറ്റിന് ചെറിയ ശമനം വന്നു .തന്റെ രണ്ടാമത്തെ ഓവറിൽ തന്നെ കാർത്തിക് വിക്കറ്റെടുത്തു .ബ്രാഡ് ഹോഡ്ജിനെ സ്ലിപ്പിൽ ദിനേശ് കാർത്തിക് പിടിച്ചു .അപകടകാരിയായ സൈമണ്ട്സിനെ ആദ്യ പന്തിൽ തന്നെ കാർത്തിക് തിരിച്ചയച്ചു സച്ചിന്റെ മികച്ച ക്യാച്ച് 20 ഓവറിൽ സ്കോർ 117/4.

അപ്പോഴും കൂസാതെ ബാറ്റിങ്ങ് തുടർന്ന പോണ്ടിംഗ് ഒടുവിൽ 27 മം ഓവറിൽ ആർ .പി.സിങ്ങിന് വിക്കറ്റ് സമ്മാനിച്ചതോടെ ഓസീസ് പ്രതിരോധത്തിലായി .വാംഖഡെ സ്റ്റേഡിയം കാർത്തിക്കിന് ഭാഗ്യ ഗ്രൗണ്ടാണ് .അവസാനം കളിച്ച ടെസ്റ്റിൽ അയാൾ അവിടെ 7 വിക്കറ്റ് നേടിയിരുന്നു .മറ്റൊരു സ്വപ്ന സ്പെൽ തുടരുകയാണിപ്പോൾ .തന്റെ 8 മത്തെ ഓവറിൽ മാത്രം കാർത്തിക് വീഴ്ത്തിയത് 3 വിക്കറ്റുകൾ .ഹാഡിനെ വിക്കറ്റിന് മുന്നിൽ കുരുക്കി പിന്നാലെ ഹോഗിനെയും ബ്രെറ്റ് ലീ യെയും മടക്കി .

(Photo by Bhaskar Paul/The India Today Group/Getty Images)

അങ്ങനെ ഇന്നിങ്ങ്സിലെ 32 മത്തെ ഓവർ അവസാനിച്ചപ്പോൾ ആസ്ടേലിയ വൻ തകർച്ചയിലെത്തി .162/8 .കാർത്തിക്ക’ ആ സമയത്ത് 8 ഓവറിൽ 3 മെയ്ഡനടക്കം 17 ന് 5 ആയിരുന്നു .ഒടുവിൽ 36 ആം ഓവറിൽ സ്പെൽ അവസാനിപിച്ചപ്പോൾ 27 റൺസിന് 6 വിക്കറ്റ് .ഒരു ഇന്ത്യൻ ഇടം കൈയ്യൻ സ്പിന്നറുടെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തിന്റെ റെക്കോർഡ് . ജെയിംസ് ഹോപ്സിന്റെയും മിച്ചൽ ജോൺസണിന്റേയും രക്ഷാപ്രവർത്തനം ഒടുവിൽ ആസ്ട്രേലിയയെ 193 ലെത്തിച്ചു.ആപരമ്പരയിൽ ഓസീസ ആദ്യമായി അടി തെറ്റിയതിന്റെ ഒരേയൊരു കാരണക്കാരൻ കാർത്തിക് മാത്രമായിരുന്നു .

194 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയുടേയും തുടക്കം മോശമായിരുന്നു. 11 ഓവറിൽ 38 ന് 3ഉം,18 ഓവറിൽ 63 ന് 5 എന്ന നിലയിലും തകർച്ചയെ അഭിമുഖീകരിച്ച ഇന്ത്യയെ ഉത്തപ്പയുടെ കടന്നാക്രമണം 25 ഓവറിൽ 94/6 ലത്തിച്ചു .പിന്നെയും വേണം 25 ഓവറിൽ 100 റൺസ് 7 വിക്കറ്റിൽ ഹർഭജനൊപ്പം 50 റൺസ്എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യ143 /8 ലെത്തി.ഏതാണ്ട് തോൽവി ഉറപ്പിച്ച നിമിഷങ്ങൾ സഹീറിനൊപ്പം എത്തിയത് ബൗളിങ്ങിലെ ഹീറോ മുരളി കാർത്തിക് .

പിന്നെ കണ്ടത് ഇന്ത്യൻ ക്രിക്കറ്റിന് അന്യമായ വാലറ്റക്കാരുടെ പോരാട്ടമായിരുന്നു. ബൗളിങ്ങിലെ പെരുമ ബാറ്റിങ്ങില്ലും കാണിച്ച കാർത്തിക് 34 പന്തിൽ 3 ഫോറുകളടക്കം 21 വിലപ്പെട്ട റൺസുകൾ നേടിയപ്പോൾ ഒപ്പമുണ്ടായ സഹീർ നേടിയത് 43 പന്തിൽ 31 റൺസ് .ഇരുവരും ചേരന്ന് 9 ആം വിക്കറ്റിൽ 62 പന്തിൽ 52 റൺ കുട്ടിച്ചേർത്തപ്പോൾ ഇന്ത്യക്ക് ഒരു അത്ഭുത വിജയമാണ് സാധ്യമായത് . അന്ന് തന്നെ ടീമിലുൾപ്പെടുത്തിയതിനെ വരോടുള്ള മധുര പ്രതികാരം മുരളി കാർത്തിക് നടത്തിയെങ്കിലും അക്കാലത്തെ ആസ്ട്രേലിയ പോലൊരു മികച്ച ടീമിനെതിരെ നടത്തിയ ചരിത്രം കുറിച്ച ഓൾറൗണ്ട് ഷോയ്ക്ക് വേണ്ടത്ര പ്രാധാന്യം ക്രിക്കറ്റ് പ്രേമികൾ കൊടുത്തില്ല എന്നതാണ് സത്യം.

( എഴുതിയത് : ധനേഷ് ദാമോദരൻ )