നാദിയ നദീം : ❝ അഫ്ഗാൻ അഭയാർത്ഥിയിൽ നിന്നും വനിതാ ഫുട്ബോളിലെ മികച്ച താരത്തിലേക്കുള്ള അത്ഭുതകരമായ യാത്ര ❞

വനിതാ ഫുട്ബോളിലെ ഏറ്റവും മികച്ചതും സ്വാധീനമുള്ളതുമായ കളിക്കാരിൽ ഒരാളായാണ് ഡാനിഷ് താരം നാദിയ നദീമിനെ കാണുന്നത്. കഴിഞ്ഞ സീസണിൽ പാരീസ് സെന്റ് ജെർമെയ്ൻ ചരിത്രത്തിൽ ആദ്യമായി ഡിവിഷൻ 1 കിരീടം ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച നാദിയ നാദിം 27 കളികളിൽ നിന്ന് 18 ഗോളുകൾ നേടുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ തകർന്ന ഹെറാത്തിൽ വളർന്ന അഫ്ഗാ ൻ നാഷണൽ ആർമിയിലെ ഒരു ജനറലിന്റെ മകളായ നാദിയ നാദിമിന്റെ ഫുട്ബോൾ ലോകത്തെ വളർച്ച അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാൻ സാധിക്കുകയുള്ളു. തന്റെ ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും പ്രതീക്ഷകളും കൗമാര പ്രായത്തിൽ തന്നെ മുരടിച്ചു പോയ നാദിയയുടെ ജീവിതം ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്ക് ഒരു മാതൃകയാകാൻ അത്രയും വലിപ്പമുള്ളതായിരുന്നു.

താലിബാൻറെ അടിച്ചമർത്തൽ ഭരണത്തിൻ കീഴിൽ ജീവിച്ചിരുന്ന നാദിയ നാദിമിന് 11 വയസ്സുള്ളപ്പോൾ ക്രൂരമായ താലിബാൻ വധ ശിക്ഷയ്ക്ക് പിതാവിനെ നഷ്ടപ്പെട്ടതിന്റെ വേദന സഹിക്കേണ്ടി വന്നു.ഒറ്റരാത്രികൊണ്ട് നാല് സഹോദരിമാരെയും അമ്മയെയും നിസ്സഹായരാക്കി പിതാവ് യാത്രയായി. എന്നാൽ 22 വർഷത്തിന് ശേഷം 33-കാരിയായ നാദിയ നാദിം ഇപ്പോൾ നിസ്സഹായനായ വ്യക്തിയല്ല . ഒരു അഭയാർത്ഥിയായി ഡെൻമാർക്കിലേക്കുള്ള വഴി കണ്ടെത്തിയ നാദിം മഹത്വത്തിന്റെ ഉയരങ്ങൾ കീഴടക്കുകയും നിലവിൽ കായിക രംഗത്ത് ഏറ്റവും പ്രചോദനം നൽകുകയും ചെയ്യുന്ന താരമായി മാറുകയും ചെയ്തു.

1988 ജനുവരി 2 ന് അഫ്ഗാനിസ്ഥാനിലെ ഹെറാത്തിൽ ആണ് നാദിം ജനിച്ചത് . അമ്മ, അച്ഛൻ, നാല് സഹോദരിമാർ എന്നിവരോടൊപ്പം അവൾ നഗരത്തിൽ വളർന്നു. അഫ്ഗാൻ മിലിട്ടറിയിൽ അച്ഛൻ ഒരു പ്രധാന പങ്ക് വഹിച്ചതിനാൽ എല്ലാവരും പ്രസിഡന്റിന്റെ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. എന്നാൽ പിതിവിന്റെ മരണ ശേഷം അമ്മയോടും നാല് സഹോദരിമാരോടും ഒപ്പം വ്യാജ പാസ്‌പോർട്ടുമായി അഫ്ഗാനിസ്ഥാനിൽ നിന്നും പാക്കിസ്ഥാനിലേക്കും അവിടെ നിന്നും അഭയാർത്ഥിയായി കുടുംബം യൂറോപ്പിലേക്ക് പോയി. കുറച്ച് ബന്ധുക്കളുണ്ടായിരുന്ന ലണ്ടനിലേക്ക് രക്ഷപ്പെടാൻ ഞങ്ങൾ പദ്ധതിയിട്ടു, വ്യാജ പാസ്‌പോർട്ടുകളുമായി അവർ പാകിസ്ഥാനിലൂടെ ഇറ്റലിയിലെത്തി. പക്ഷെ അവിടെ നിന്നും ലണ്ടനിലേക്കുള്ള യാത്രയിൽ എത്തിപ്പെട്ടത് ഡെന്മാർക്കിലായിരുന്നു.

ഡെന്മാർക്കിൽ താമസമാക്കിയ സമയത്ത് ഒരു കൂട്ടം പെൺകുട്ടികൾ ഫുട്ബോൾ കളിക്കുന്നത് നാദിയ കാണാൻ ഇടയായി. തന്റെ ജീവിതത്തെ മാറ്റിമറിക്കാൻ പോകുന്ന കാഴ്ചയാണ് കൺ മുന്നിലുള്ളത് എന്ന് നേടിയ മനസ്സിലാക്കി. പതിയെ അവരോടൊപ്പം കളിച്ചു തുടങ്ങിയ നാദിയ പെൺകുട്ടികളുമായുള്ള രണ്ട് മാസത്തെ പരിശീലനത്തിന് ശേഷം, ഒരു ഷെഡ്യൂൾ ചെയ്ത മത്സരത്തിൽ കളിക്കാനുള്ള ആദ്യ കോൾ-അപ്പ് ലഭിച്ചു. പതിയെ വളർന്നു തുടങ്ങിയ നാദിയ പ്രൊഫഷണലായി ബി 52 ആൽ‌ബോർഗ് ക്ലബിനായി കളിക്കാൻ തുടങ്ങിയത്. ടീം വിബോർഗ്, ഐ കെ സ്കൊവ്ബാക്കെൻ, ഫോർച്യൂണ ഹൊറിംഗ് എന്നിവർക്കായി ബൂട്ടകെട്ടിയ നാദിയ അമേരിക്കയിലെ ദേശീയ വനിതാ സോക്കർ ലീഗിൽ സ്കൈ ബ്ലൂ എഫ്‌സി ക്കു വേണ്ടിയും കളിച്ചു. പോർട്ട്‌ലാന്റ് തോൺസിനായി 37 കളികളിൽ നിന്ന് 19 ഗോളുകൾ നേടിയ നാദിയയേ മാഞ്ചസ്റ്റർ സിറ്റി ടീമിലെത്തിച്ചു.

2009 ൽ ഡാനിഷ് ദേശീയ ടീമിനായി അൽഗാർവ് കപ്പിൽ അരങ്ങേറ്റം കുറിച്ചു, അതിനുശേഷം നിരവധി ഗോളുകൾ നേടിയ നാദിയ സമർത്ഥയായ ഗോൾ സ്‌കോറർ എന്ന ഖ്യാതി നേടി. 2017 ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിലെ പ്രകടനം നാദിയയുടെ കരിയറിലെ ശ്രദ്ധേയമായ പ്രധാന സവിശേഷതയായിരുന്നു. ആര്ഹസ് യൂണിവേഴ്സിറ്റിയിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിനിയായ നാദിയ ഫുട്ബോളിൽ നിന്നും വിരമിച്ചതിനു ശേഷം പുനർനിർമാണ ശസ്ത്രക്രിയാ വിദഗ്ധയാവാനുള്ള തയ്യാറെടുപ്പിലാണ്. 11 ഭാഷകൾ സംസാരിക്കുന്ന നാദിയ ഫോർബ്സ് ശക്തരായ സ്ത്രീകളുടെ പട്ടികയിൽ ഉൾപെട്ടിട്ടുണ്ട്.

ഫുട്ബോൾ കളിക്കാത്തപ്പോൾ ഐക്യരാഷ്ട്രസഭയ്ക്കും ചാരിറ്റി ജോലികൾക്കുമായി അംബാസഡോറിയൽ ജോലികൾ ചെയ്യാൻ സമയം ചെലവഴിക്കുന്നു.ലോകമെമ്പാടുമുള്ള അഭയാർഥിക്യാമ്പുകളിൽ സ്പോർട്സ് ക്ലബ്ബുകൾ നിർമ്മിക്കാൻ സഹായിക്കുന്ന പി‌എസ്‌ജിയും ക്ലാബു എന്ന ചാരിറ്റിയുമായി സഹകരിക്കുക എന്നതാണ് നാദിയയുടെ ഏറ്റവും പുതിയ ഓഫ്-ഫീൽഡ് പ്രോജക്റ്റ്.