❝നാണക്കേടിന്റെ റെക്കോർഡ് ധോണിയിൽ നിന്നും സ്വന്തമാക്കി വിരാട് കോലി❞

ഇന്ത്യന്‍ നായകന്‍ വിരാട് കോലി സെഞ്ച്വറിക്കു വേണ്ടിയുള്ള രണ്ടു വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിന് ഇത്തവണ അറുതിയിടുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ക്കു നിരാശ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അദ്ദേഹം വന്നതും പോയതും കണ്ണടച്ചു തുറക്കുന്ന വേഗത്തിലായിരുന്നു. ഗോള്‍ഡന്‍ ഡെക്കായിട്ടാണ് കോലി ക്രീസ് വിട്ടത്. നാണക്കേടിന്റെ പുതിയൊരു റെക്കോര്‍ഡും ഇതോടെ അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചിരിക്കുകയാണ്.

ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു കോലിയുടെ വിലപ്പെട്ട വിക്കറ്റിനു അവകാശിയായത്.അഭിമാനിക്കാവുന്ന നിരവധി ബാറ്റിങ് റെക്കോര്‍ഡുകള്‍ തന്റെ പേരില്‍ കുറിച്ചിട്ടുള്ള കോലിക്കു പക്ഷെ ഇത്തവണ നാണക്കേടിന്റെ റെക്കോര്‍ഡാണ് പേറേണ്ടി വന്നിരിക്കുന്നത്. ടെസ്റ്റില്‍ കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ നായകനായി മാറിയിരിക്കുകയാണ് അദ്ദേഹം. ക്യാപ്റ്റനായ ശേഷം ടെസ്റ്റില്‍ ഇതു ഒമ്പതാം തവണയാണ് കോലി ആദ്യ ബോളില്‍ തന്നെ പുറത്തായത്.

ഈ മല്‍സരത്തിനു മുമ്പ് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കൊപ്പം (എട്ടു ഗോള്‍ഡന്‍ ഡെക്ക്) റെക്കോര്‍ഡ് പങ്കിടുകയായിരുന്നു കോലി. എന്നാല്‍ ആന്‍ഡേഴ്‌സന്റെ ഉജ്ജ്വല ബൗളിങ് നോട്ടിങ്ഹാമില്‍ ഇന്ത്യന്‍ നായകനെ ലിസ്റ്റിലെ ഒന്നാമനാക്കുകയായിരുന്നു. കോലി, ധോണി എന്നിവര്‍ കഴിഞ്ഞാല്‍ കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡെക്കായ ഇന്ത്യന്‍ നായകന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയാണ് (ഏഴു തവണ).2014നു ശേഷം ഇതാദ്യമായിട്ടാണ് ടെസ്റ്റില്‍ കോലിയെ ആന്‍ഡേഴ്‌സന്‍ പുറത്താക്കിയത്. ഇതിനു മുമ്പ് 2014ല്‍ ഇന്ത്യ ഇംഗ്ലീഷ് പര്യടനം നടത്തിയപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡിലെ ടെസ്റ്റില്‍ അദ്ദേഹം ഇന്ത്യന്‍ നായകനെ വീഴ്ത്തിയിരുന്നു.