എംബപ്പേയും, ബെൻസിമയും മുന്നിൽ നിന്നും നയിച്ചു യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തി ഫ്രാൻസ്

യുവേഫ നേഷൻസ് ലീഗ് കിരീടമുയർത്തി ഫ്രാൻസ്. ഇന്നലെ നടന്ന ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പെയിനെ പരാജയപ്പെടുത്തിയാണ് ഫ്രാൻസ് നേഷൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. സെമിയിലെ പോലെ തന്നെ വമ്പൻ തിരിച്ച് വരവിലൂടെയാണ് ആവേശോജ്വലമായ മത്സരത്തിൽ ഫ്രാൻസ് ജയം പിടിച്ചെടുത്തത്. സ്പെയിന് വേണ്ടി ഒയർസബാൾ ഗോളടിച്ചപ്പോൾ കെരിം ബെൻസിമയും എംബപ്പെയുമാണ് ഫ്രാൻസിനായി ഗോളടിച്ചത്.

യൂറോ കപ്പിലെ തിരിച്ചടിയിൽ നിന്നും പാഠമുൾക്കൊണ്ട ഫ്രാൻസ് മികച്ച ജയമാണ് നേടിയത്.ഇരുടീമുകളും മികച്ച പ്രകടനം നടത്തിയ കളിയിൽ പരിചയസമ്പത്തും സ്പെയിനിന്റെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാൻ കഴിഞ്ഞതും ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞതുമാണ് പിന്നിൽ നിന്നും തിരിച്ചു വന്ന് ഫ്രാൻസ് കിരീടം നേടാൻ കാരണമായത്.ആദ്യപകുതിയിൽ ഗോൾകീപ്പർമാരെ ചെറുതായെങ്കിലും പരീക്ഷിക്കാൻ പോലും രണ്ടു ടീമുകൾക്കും കഴിഞ്ഞില്ല.

ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് കളിയിലെ‌ മൂന്ന് ഗോളുകളും പിറന്നത്. സെർജിയോ ബുസ്കെറ്റ്സിൽ നിന്നും ത്രൂ ബോൾ സ്വീകരിച്ച ഒയർസബാൾ ഫ്രാൻസിന്റെ വലയിലേക്കടിച്ചു കയറ്റി.എന്നാൽ സ്‌പാനിഷ്‌ പടയുടെ സന്തോഷത്തിനു നിമിഷങ്ങൾ മാത്രമേ ആയുസുണ്ടായിരുന്നുള്ളൂ. ഗോൾ നേടിയതിന്റെ ആലസ്യത്തിലായിരുന്ന സ്പെയിൻ താരങ്ങളെ ഞെട്ടിച്ച് ബെൻസിമ രണ്ടു മിനിറ്റിനകം ഫ്രാൻസിനു വേണ്ടി സമനില ഗോൾ കണ്ടെത്തി.

എൺപതാം മിനുട്ടിൽ എംബാപ്പെ കൂടി ഗോൾ കണ്ടെത്തിയതോടെ ഫ്രാൻസ് വിജയത്തിനരികിലെത്തി.കളിയുടെ തുടക്കത്തിൽ താളം കണ്ടെത്താനായി വിഷമിച്ച എംബപ്പെ പിന്നീട് കളിയുടെ ചുക്കാൻ പിടിച്ച കാഴ്ച്ചയായിരുന്നു.2018 ലോകകപ്പിന് ശേഷം ഒരു കിരീടം കൂടെ സ്വന്തമാക്കാൻ ദെഷാംസിനും സംഘത്തിനുമായി. ലോകകപ്പും യുറോയും നേഷൻസ് ലീഗും നേടുന്ന ആദ്യ രാജ്യമായും മാറി ഫ്രാൻസ്.

Rate this post