ഇറ്റലിയുടെ അപരാജിത കുതിപ്പിന് അവസാനം കുറിച്ച്കൊണ്ട് സ്പാനിഷ് പട ഫൈനലിൽ

ഇറ്റലിയുടെ അവശ്വസനീയമായ കുതിപ്പിന് അവസാനം കുറിച്ചിരിക്കുകയാണ് സ്‌പെയിനിന്റെ യുവ നിര. നേഷൻസ് ലീഗ് സെമി ഫൈനലിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്‌പെയിനിന്റെ വിജയം.ഇറ്റലിയുടെ 37 മത്സരങ്ങളുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചു കൊണ്ടാണ് ലൂയി എൻറികെയുടെ സ്പെയിൻ ഫൈനലിലേക്ക് മുന്നേറിയത്‌. യൂറോ കപ്പ് സെമിയിൽ ഇറ്റലിയോട് തോറ്റു പുറത്തായ സ്പെയിന് മധുരമായ പ്രതികാരം കൂടിയാണ് ഈ വിജയം സമ്മാനിച്ചത്.

തുടക്കത്തിൽ 15ആം മിനുട്ടിൽ ഫെറാൻ ടോറസിന്റെ ഹെഡർ ആണ് സ്പെയിനിന് ലീഡ് നൽകിയത്. ഒയർസബാളിന്റെ ക്രോസിൽ നിന്നായിരുന്നു ഫെറൻ ടോറസിന്റെ ഗോൾ.അതിനു പിന്നാലെ തന്നെ സ്പെയിനിനു മറ്റൊരവസരം ലഭിച്ചെങ്കിലും പോസ്റ്റിലടിച്ചു വന്ന ബോൾ ബൊനൂച്ചി ക്ലിയർ ചെയ്‌ത്‌ ഇറ്റലിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഗോൾ വഴങ്ങിയ ശേഷം തിരിച്ചടിച്ച ഇറ്റലിക്ക് തുറന്ന രണ്ടവസരങ്ങൾ ലഭിച്ചെങ്കിലും ബെർണാഡെഷിയുടെ ഷോട്ട് പോസ്റ്റിലടിച്ചും ഇൻസിനെയുടേത് നേരിയ വ്യത്യാസത്തിൽ പുറത്തേക്കും പോയി.

മത്സരത്തിൽ തിരിച്ചു വരാൻ ഇറ്റലി ശ്രമിക്കുന്നതിനിടയിൽ അവരുടെ സെന്റർ ബാക്ക് ബൊണൂചി ചുവപ്പ് കണ്ട് പുറത്തായി. ഇത് അവർക്ക് ക്ഷീണമായി. ഇതിനു പിന്നാലെ ഒയർസബാൾ വീണ്ടും ഒരു ക്രോസിൽ ഫെറൻ ടോറസിനെ കണ്ടെത്തി. വീണ്ടും ടോറസിന്റെ ഹെഡർ ഡൊണ്ണരുമ്മയെ കീഴ്പ്പെടുത്തി.രണ്ടു ഗോളിന്റെ ലീഡ് നേടുകയും ഇറ്റാലിയൻ ടീം പത്തു പേരായി ചുരുങ്ങുകയും ചെയ്‌തതോടെ ശ്രദ്ധാപൂർവമാണ് സ്പെയിൻ രണ്ടാം പകുതിയിൽ കളിച്ചത്.

രണ്ടാം പകുതിയിൽ പന്ത് പൂർണ്ണമായും സ്പെയിനിന്റെ കാലിൽ ആയിരുന്നു എങ്കിലും ഇടക്ക് കൗണ്ടറിലൂടെ ആക്രമണങ്ങൾ നടത്താൻ ഇറ്റലിക്ക് ആയി. 83ആം മിനുട്ടിൽ പെലെഗ്രിനി ഒരു ഗോൾ മടക്കി എങ്കിലും പരാജയം ഒഴിവായില്ല. അപരാജിത കുതിപ്പ് ലോകകപ്പ് വരെ നീണ്ടുനിക്കണം എന്ന് മാഞ്ചിനി പറഞ്ഞതിന് തൊട്ടടുത്ത ദിവസം ആണ് ഇറ്റലി പരാജയം നേരിട്ടത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഫ്രാൻസും ബെൽജിയവും ആണ് നേർക്കുനേർ വരുന്നത്.

Rate this post