❝യൂറോപ്പ ലീഗ് തോൽവിയിലും തല ഉയർത്തിപ്പിടിച്ച റേഞ്ചേഴ്സിന്റെ ആഫ്രിക്കൻ കരുത്ത്❞ |Calvin Bassey

സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ട് യൂറോപ്പ ലീഗ് ചാമ്പ്യന്മാരായിരിക്കുകയാണ്.നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.57-ാം മിനിറ്റില്‍ ജോ അറിബോയിലൂടെ റേഞ്ചേഴ്‌സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ 69-ാം മിനിറ്റില്‍ റാഫേല്‍ സാന്റോസ് മൗറിയിലൂടെ ഫ്രാങ്ക്ഫര്‍ട്ട് സമനില ഗോള്‍ കണ്ടെത്തി.

ഷൂട്ടൗട്ടില്‍ ഫ്രാങ്ക്ഫര്‍ട്ട് 5-4 ന് വിജയം നേടി. സൂപ്പര്‍ താരം ആരോണ്‍ റാംസി കിക്ക് പാഴാക്കിയതാണ് റേഞ്ചേഴ്‌സിന് തിരിച്ചടിയായത്. നീണ്ട 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാങ്ക്ഫര്‍ട്ട് യൂറോപ്പ ലീഗ് കിരീടം നേടുന്നത്. ഇതിന് മുന്‍പ് 1980-ലാണ് ടീം അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്. ഈ കിരീടത്തോടെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള അവസരവും ടീമിന് ലഭിച്ചു.ഷാല്‍ക്കെക്ക് ശേഷം യുവേഫ കപ്പും യൂറോപ ലീഗും സ്വന്തമാക്കുന്ന ജര്‍മന്‍ ക്ലബ്ബായി എടിന്‍ട്രാച് ഫ്രാങ്ക്ഫര്‍ട്ട് മാറി.

റേഞ്ചേഴ്സ് താരം ആരോൺ റംസിയുടെ പെനാൽറ്റി കിക്ക് തടുത്തിട്ട ജർമൻ കീപ്പർ കെവിന്‍ ട്രാപ് ഫൈനലിലെ ഹീറോ ആയി എല്ലവരും കാണുന്നത്. എന്നാൽ ഇന്നലെ ഫൈനൽ കണ്ട ഏവരുടെയും മനം കവർന്ന താരമായിരുന്നു റേഞ്ചേഴ്സ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നിറഞ്ഞു കളിച്ച കാല്‍വിന്‍ ബാസി എന്ന 22 കാരൻ. യൂറോപ്പ ലീഗ് ഫൈനലിലെ പ്രകടനത്തിന് “ഔട്‍സ്റ്റാന്ഡിങ് ” എന്ന വിശേഷണമാണ് വിദഗ്ദർ നൽകിയത്. അല്ലി മക്കോയിസ്റ്റ്, മാർക്ക് ഹാറ്റ്‌ലി, ഓവൻ ഹാർഗ്രീവ്‌സ് തുടങ്ങിയ കളി പറയുന്നവർ എല്ലാവരും ഇറ്റലിയിൽ ജനിച്ച നൈജീരിയൻ താരത്തെ പുകഴ്ത്തി രംഗത്ത് വന്നു.

“കാൽവിൻ ബാസി തികച്ചും അസാധാരണമാണ്,” മക്കോയിസ്റ്റ് ബിടി സ്പോർട്ടിൽ പറഞ്ഞു. “അവൻ ഈ സായാഹ്നത്തിൽ ഒരു കൊളോസ്സസ്(ഗംഭീരവ്യക്തി) ആയിരുന്നു.” ഫൈനലിൽ ഉടനീളം ഐൻട്രാച്ചിനെതിരെ കാൽവിൻ ബാസി മികച്ച പ്രകടനമാണ് നടത്തിയത്. ഇന്നലെ രാത്രിയിൽ അദ്ദേഹം തന്റെ 11 ഡ്യുവലുകളിൽ ഏഴിലും വിജയിച്ചു.ഒമ്പത് തവണ പൊസിഷന്‍ തിരിച്ചെടുത്തും മൂന്ന് തവണ മുന്നേറ്റങ്ങള്‍ കൃത്യമായി തടഞ്ഞും കാല്‍വിന്‍ നിറഞ്ഞാടി. അധിക സമയത്ത് രണ്ട് അവിശ്വസനീയമായ ഇന്റർസെപ്‌ഷനുകളും നടത്തി.ഒരു ക്ലോസ് റേഞ്ച് ഷോട്ട് തടഞ്ഞു നിർത്താൻ നിർണായകമായ ഒരു ടാക്കിൾ നടത്തുകയും ചെയ്തു.

2020 ലാണ് കാൽവിൻ ബാസി സ്കോട്ടിഷ് ക്ലബ്ബിലെത്തുന്നത്. ഇംഗ്ലീഷ് ക്ലബ് ലെസ്റ്റേഴ്സിൽ നിന്നാണ് അദ്ദേഹത്തിന്റെ വരവ്.ലെഫ്റ്റ് വിംഗ് ബാക്കില്‍ മാത്രമല്ല, സെന്‍ട്രല്‍ ഡിഫന്‍സില്‍ ഫുള്‍ ബാക്കുകള്‍ക്ക് സപ്പോര്‍ട്ട് ചെയ്ത് കളിക്കാനും വേണ്ടി വന്നാല്‍ ആക്രമിച്ചു കയറാനും മിടുക്കുള്ള താരമാണ് നൈജീരിയക്കാരന്‍. കഴിഞ്ഞ സീസണിൽ സെന്റ് മിറനെതിരായ ലീഗ് കപ്പ് ക്വാർട്ടർ ഫൈനലിനായി സ്റ്റീവൻ ജെറാർഡ് തന്റെ ഇലവനെ റൊട്ടേറ്റ് ചെയ്തതോടെയാണ് ബാസി റേഞ്ചേഴ്സിനായി കളിച്ചു തുടങ്ങിയത്.

റേഞ്ചേഴ്സിന് എന്നും തലവേദനയുള്ള പോസിഷാൻ ആയിരുന്നു ലെഫ്റ്റ് ബാക്ക്.ബോർണ ബാരിസിച്ച് ആയിരുന്നു റേഞ്ചേഴ്സിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ. ക്രോയേഷ്യൻ പരിക്കും മോശം ഫോമും മൂലം പുറത്തായപ്പോൾ ബാസി ഈ റോൾ ഏറ്റെടുത്തു.ജിയോവാനി വാൻ ബ്രോങ്കോർസ്റ്റിന്റെ വരവിന് ശേഷം സ്ഥാനം തന്റേതാക്കി മാറ്റുകയും ചെയ്തു.ഈ സീസണിൽ ഗെഴ്സിനായി ബഹുമുഖ പ്രതിരോധക്കാരൻ സ്ഥിരതയാർന്ന പ്രകടനമാണ് നടത്തിയത്. ലീഗിൽ 29 മത്സരങ്ങൾ കളിക്കുകയും രണ്ടു അസിസ്റ്റ് നേടുകയും ചെയ്തു. യൂറോപ്പ ലീഗിൽ റേഞ്ചേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിലും 22 കാരൻ മുഖ്യ പങ്കാണ് വഹിച്ചത്.

ഇന്നലത്തെ പ്രകടനത്തോടെ കാൽവിന്റെ വിപണി മൂല്യം കൂടുതൽ ഉയർന്നിരിക്കുകയാണ്. അടുത്ത സീസണിൽ ഇംഗ്ലീഷ് ക്ലബ്ബുകൾ 22 കാരനെ സ്വന്തമാക്കാൻ മത്സരിക്കും എന്നുറപ്പാണ്. ഫ്രീ ട്രാൻസ്ഫറിൽ റേഞ്ചേഴ്സിൽ എത്തിയ താരം വരും സീസണിൽ ക്ലബിന് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കി തരുമെന്നുറപ്പാണ്.